വിയോഗം തീരാനഷ്ടം; ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് ലോകരാജ്യങ്ങള്‍

വിയോഗം തീരാനഷ്ടം; ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് ലോകരാജ്യങ്ങള്‍

വാഷിംഗ്ടണ്‍: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അമേരിക്ക, ഓസ്‌ട്രേലിയ, യു.കെ, ചൈന, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ഭൂട്ടാന്‍, നേപ്പാള്‍, ജപ്പാന്‍, ഇസ്രയേല്‍, സിംഗപൂര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് അനുശോചനം അറിയിച്ചത്.

ബിപിന്‍ റാവത്തിന്റെ വിയോഗം ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് തീരാനഷ്ടമാണെന്നാണ് ലോകരാജ്യങ്ങള്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ പ്രതികരിച്ചു. യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് റാവത്ത് എന്ന് ഓസ്റ്റിന്‍ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ രാജ്യത്തെ സേവിക്കുകയും യുഎസ്-ഇന്ത്യ പ്രതിരോധ ബന്ധത്തിന് സംഭാവന നല്‍കുകയും ചെയ്ത അസാമാന്യമായ നേതാവായി ജനറല്‍ റാവത്തിനെ ഓര്‍ക്കുമെന്ന് ആന്റണി ബ്ലിങ്കന്‍ ട്വീറ്റ് ചെയ്തു.

പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെയും ജനതയുടെയും വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ബിപിന്‍ റാവത്തിനെ അനുസ്മരിച്ച് യുഎസ് സംയുക്ത സൈനിക മേധാവി ജനറല്‍ മാര്‍ക്ക് മില്ലിയും രംഗത്തെത്തി. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണം തീരാനഷ്ടമെന്നാണാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ബെന്നി ഗന്റ്സ് പറഞ്ഞത്. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അനുശോചിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വലിയ പങ്കുവഹിച്ചയാളാണ് ബിപിന്‍ റാവത്തെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ നികോലെ കുദഷെവ് പറഞ്ഞത്. അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദാരുണമായ വാര്‍ത്ത കേട്ടതില്‍ അതീവ ദുഃഖമുണ്ടെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു. 2019-ല്‍ ബിപിന്‍ റാവത്തുമായി വേദി പങ്കിടാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. യഥാര്‍ത്ഥ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ, നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദുബ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷന്‍ ബാറി ഒ ഫാരല്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.