ബെര്‍ലിന്‍: ജര്‍മ്മനിയുടെ പുതിയ ചാന്‍സലറായി ഒലാഫ് ഷോള്‍സ് സത്യപ്രതിജ്ഞ ചെയ്തു. ആംഗല മെര്‍ക്കലിന്റെ ചരിത്രപരമായ 16 വര്‍ഷത്തെ രാജ്യ നേതൃത്വത്തിനു വിരാമമായി.ജര്‍മ്മനിക്ക് ഒരു പുതിയ തുടക്കത്തിനായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഒലാഫ് ഷോള്‍സ് വാഗ്ദാനം ചെയ്തു.
ഇടതുപക്ഷ ചായ്‌വുള്ള 63-കാരനായ തന്റെ മുന്‍ വൈസ് ചാന്‍സലറോട് 'സന്തോഷത്തോടെ ചുമതലയെ സമീപിക്കൂ ' എന്നു പറഞ്ഞുകൊണ്ട് 31 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് ആംഗല മെര്‍ക്കല്‍ ബെര്‍ലിനിലെ ചാന്‍സലറി വിട്ടു.യൂറോപ്പില്‍ സാമ്പത്തികമായി ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ജര്‍മനിയുടെ ഭരണം ഇടതുസഖ്യത്തിലേക്ക് പോകുന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇടതുപക്ഷത്തിന്റെ വ്യാപനത്തിനുള്ള സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
ജര്‍മ്മന്‍ പാര്‍ലമെന്റായ ബുണ്ടെസ്റ്റാഗ് 303 നെതിരെ 395 വോട്ടുകള്‍ക്കാണ്് മൃദുഭാഷിയായ പുതിയ ചാന്‍സലറെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍ അദ്ദേഹത്തെ ഒമ്പതാമത്തെ ഫെഡറല്‍ ചാന്‍സലറായി നിയമിച്ചു.മെര്‍ക്കലിന്റെ കീഴില്‍ 2018 മുതല്‍ സാമ്പത്തിക വകുപ്പ് മന്ത്രിയും വൈസ് ചാന്‍സലറുമായിരുന്നു ഒലാഫ് ഷോള്‍സ്.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഓഫ് ജര്‍മനി പാര്‍ട്ടിയുടെ നേതാവായിരുന്നു മെര്‍ക്കല്‍. ഷോള്‍സ് സെന്റര്‍- ലെഫ്റ്റ് പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിയുടെ നേതാവും.സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ദ ഗ്രീന്‍സ്, നിയോ-ലിബറല്‍ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. 'ട്രാഫിക് ലൈറ്റ് സഖ്യം' എന്നാണ് ഇത് അറിയപ്പെടുന്നത്.
മിനിമം വേതന വര്‍ധനവ്, ഭവനരഹിതര്‍ക്ക് വീടുവെച്ച് നല്‍കുക, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ്ഥിതിക നയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള രണ്ടാം വ്യവസായ വിപ്ലവം- എന്നിങ്ങനെ നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് ഷോള്‍സ് നല്‍കിയിരുന്നത്.തൊഴിലാളി വര്‍ഗ കേന്ദ്രീകൃതമായ ഷോള്‍സിന്റെ പ്രഖ്യാപനങ്ങളും നയങ്ങളും ജര്‍മനിയെ പുതിയ ദിശയിലുള്ള വികസനത്തിലേക്ക് നയിക്കുമെന്നു ജനങ്ങള്‍ പൊതുവേ പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.