വെല്ലിംഗ്ടണ്‍: പുതുതലമുറയെ പുകവലി രഹിതമാക്കാനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി ന്യൂസീലന്‍ഡ്. 2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും പുകവലി അഞ്ച് ശതമാനത്തില്‍ താഴെയായി കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുകവലി രഹിത പ്രവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സ്മോക് ഫ്രീ ഔട്ടേറോവ ആക്ഷന്‍ പ്ലാന്‍ (Smokefree Aotearoa 2025) എന്നറിയപ്പെടുന്ന കര്‍മ പദ്ധതിയില്‍ പുകയില ഉല്‍പന്നങ്ങളുടെ ലഭ്യതയും ആസക്തിയും ആകര്‍ഷകത്വവും കുറക്കാനുള്ള പ്രധാന നയങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ സഹമന്ത്രി ആയിഷ വെറാള്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുമെന്നും യുവാക്കളെയും മറ്റും ആകര്‍ഷിക്കുന്ന നിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് തടയുമെന്നും മന്ത്രി പറഞ്ഞു.
പുകവലിക്കാന്‍ നിയമപരമായി അനുവദിക്കുന്ന പ്രായം ഓരോ വര്‍ഷവും വര്‍ധിപ്പിക്കും. പുകയില ഉല്‍പന്നങ്ങള്‍ താങ്ങാനാകാത്ത വിധത്തില്‍ വില വര്‍ധിപ്പിക്കും. 2008-നു ശേഷം ജനിച്ചവര്‍ക്ക് സിഗററ്റുകള്‍ അപ്രാപ്യവുമാക്കും.
പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണം കുറയ്ക്കുക, പുകവലിക്കുന്നവരെ അത് ഉപേക്ഷിക്കാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ യുവാക്കള്‍ പുകവലിയിലേക്ക് ആകൃഷ്ടരാകാതിരിക്കാന്‍ സിഗരറ്റിലും മറ്റും നിക്കോട്ടിന്റെ അളവ് കുറക്കുമെന്നും വെറാള്‍ പറഞ്ഞു.
അടുത്ത വര്‍ഷം നിയമം പ്രാബല്യത്തില്‍ വന്നാല്‍, രാജ്യത്തെ പുകവലി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ന്യൂസീലന്‍ഡില്‍ ഓരോ വര്‍ഷവും പുകവലി മൂലം ഏകദേശം 4,500 മുതല്‍ 5,000 വരെ ആളുകളാണ് മരണപ്പെടുന്നത്. പുകവലി മൂലമോ അതുമായുള്ള സമ്പര്‍ക്കം മൂലമോ പ്രതിദിനം 12 മുതല്‍ 13 വരെ ആളുകളാണ് രാജ്യത്ത് മരണപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.