ഭൂകമ്പങ്ങളുടെ പരമ്പരയില്‍ ഞെട്ടി ഓറിഗണ്‍ തീര പ്രദേശം; കൂടുതല്‍ തീവ്രമാകുമോയെന്ന ഭീതിയില്‍ ജനങ്ങള്‍

 ഭൂകമ്പങ്ങളുടെ പരമ്പരയില്‍ ഞെട്ടി ഓറിഗണ്‍ തീര പ്രദേശം; കൂടുതല്‍ തീവ്രമാകുമോയെന്ന ഭീതിയില്‍ ജനങ്ങള്‍

സേലം(ഓറിഗണ്‍): തീവ്രതയേറിയ അമ്പതിലേറെ ഭൂകമ്പങ്ങളുടെ പരമ്പരയില്‍ ഞെട്ടി ഓറിഗണ്‍ തീര പ്രദേശം. 4.2 വരെ തീവ്രത രേഖപ്പെടുത്തി ഒട്ടേറെ തവണ ചൊവ്വാഴ്ച ഈ മേഖലയില്‍ ഭൂമി കുലുങ്ങി. ഇതുവരെ അപകടങ്ങള്‍ക്കിടയാക്കിയില്ലെങ്കിലും 5.8 തീവ്രതയോടെ വ്യാഴാഴ്ച രണ്ട് ഭൂകമ്പങ്ങള്‍ കൂടിയുണ്ടായതോടെ ജനങ്ങള്‍ ഭീതിയിലാണ്.

ബ്ലാങ്കോ ട്രാന്‍സ്‌ഫോം ഫാള്‍ട്ട് (ബിടിഎഫ്) എന്ന ഭൂകമ്പ സാധ്യതാ മേഖലയായി വിദഗ്ധര്‍ നേരത്തെ നിര്‍വചിച്ചിട്ടുള്ളതാണ് ഓറിഗണ്‍ തീര പ്രദേശം. ഭൗമ ശാസ്തജ്ഞരുടെ നീരീക്ഷണത്തില്‍ വടക്കേ അമേരിക്കന്‍ പ്ലേറ്റിനു (ഭൗമപാളി ) താഴേക്ക് പ്രതിവര്‍ഷം ഏതാനും സെന്റീമീറ്ററുകള്‍ വീതം ചേക്കേറിക്കൊണ്ടിരിക്കുന്ന ജുവാന്‍ ഡി ഫുക്ക പ്ലേറ്റിന്റെ അതിര്‍ത്തിപ്രദേശത്താണ് ' കാസ്‌കാഡിയ സബ്ഡക്ഷന്‍ സോണ്‍ ' എന്നറിയപ്പെടുന്ന ഒറിഗണ്‍ തീരം.

നിലവില്‍ ശാന്തമെന്നു പറയാവുന്ന ഈ 'സബ്ഡക്ഷന്‍ സോണില്‍ ' വന്‍ ഭൂകമ്പങ്ങള്‍ അരങ്ങേറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണു നിഗമനം. കാലിഫോര്‍ണിയയിലെ കേപ് മെന്‍ഡോസിനോ മുതല്‍ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവര്‍ ദ്വീപ് വരെ നീളുന്ന 1,000 കിലോമീറ്ററില്‍ അപകടം വിതച്ച് 1700 ജനുവരിയിലാണ് ഇതിനു മുമ്പ് അവസാനമായി ഇത്തരമൊരു സംഭവം നടന്നത്.

വ്യാഴാഴ്ച രണ്ട് ഭൂകമ്പങ്ങള്‍ 5.8 തീവ്രത രേഖപ്പെടുത്തിയതിനു മുമ്പായി 5.3-5.5 ശ്രേണിയിലും പല തവണ കമ്പനമുണ്ടായി. ഈ പരമ്പര ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ ഒരു പക്ഷേ ആഴ്ചകളോളം തുടരാനും സാധ്യതയുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. അതേസമയം, നിവിലെ പരമ്പരയുടെ ഭാഗമായിട്ടുള്ള ബ്ലാങ്കോ ട്രാന്‍സ്‌ഫോം ഫാള്‍ട്ട് ഭൂകമ്പം കരയില്‍ നാശമുണ്ടാക്കുന്നതിനോ സുനാമി സൃഷ്ടിക്കുന്നതിനോ ഉള്ളത്ര വലുതാകില്ലെന്നും ഭൂകമ്പ ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.