ഗോഹട്ടി: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പക്കല്‍ നിന്നു മോഷണം പോയിരുന്ന ഹബ്ലോട്ട് ആഡംബര വാച്ച് ദുബായ് പോലീസുമായി സഹകരിച്ച് അസം പോലീസ് കണ്ടെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വസീദ് ഹുസൈന്‍ എന്ന പ്രതിയെ അസമില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ പൈതൃകമായ ഹബ്ലോട്ട് വാച്ച് വീണ്ടെടുക്കാന്‍ ദുബായ് പോലീസ് ഇന്ത്യന്‍ ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ വഴി അസം പോലീസുമായി ബന്ധപ്പെടുകയായിരുന്നുവെന്ന മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് ശിവസാഗറിലെ വസതിയില്‍ നിന്ന് അസം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഡയറക്ടര്‍ ജനറലും അറിയിച്ചു. ദുബായില്‍ നിന്നാണ് ഈ അമൂല്യ വാച്ച് അപഹരിക്കപ്പെട്ടതെന്നാണ് സൂചന.
ഉയര്‍ന്ന നിലവാരമുള്ള വാച്ചുകളോട് വലിയ ഭ്രമമുള്ളയാളായിരുന്നു മറഡോണ. സാധാരണയായി രണ്ട് വാച്ച് ധരിച്ചിരുന്നു. ഒരെണ്ണം സ്വന്തം നാടായ അര്‍ജന്റീനയിലെ സമയമറിയാനും മറ്റേത് പ്രാദേശിക സമയമറിയാനും. രണ്ട് വാച്ചുകളും എല്ലായ്പ്പോഴും ഒരേപോലെയായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.അതിനനുസൃതമായി വന്‍ ശേഖരവും സ്വന്തമാക്കി.
മറഡോണയ്ക്ക് റോളക്‌സ് ധരിക്കുന്നത് ഇഷ്ടമായിരുന്നെങ്കിലും, ഹബ്ലോട്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബ്രാന്‍ഡിന് ഫിഫയുമായും ഫുട്‌ബോള്‍ ലോകവുമായും ഉള്ള അടുത്ത ബന്ധം മൂലം വൈകി വന്നുപെട്ട പ്രേമമായിരുന്നു ഇത്. പിന്നീട് മറഡോണ ബ്രാന്‍ഡിനെ ആത്മാര്‍ത്ഥമായി വിലമതിക്കുകയും ചെയ്തു. അദ്ദേഹം അവരുടെ അംബാസഡര്‍മാരില്‍ ഒരാളായി മാറുകയും ഹബ്ലോട്ട് ഇവന്റുകളില്‍ പതിവായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
സ്‌റ്റൈലിഷ് ക്ലാസിക് ഫ്യൂഷനുകള്‍ മുതല്‍ കിംഗ് ഗോള്‍ഡിലെ ഡയമണ്ട് സെറ്റ് ബിഗ് ബാങ്‌സ് വരെ വ്യത്യസ്തമായ ഹബ്ലോട്ടുകള്‍ മറഡോണ ധരിച്ചിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ബ്രാന്‍ഡ് കുറച്ച് പരിമിത പതിപ്പുകളും (ലിമിറ്റഡ് എഡിഷന്‍) ഉണ്ടാക്കി. ഈ മോഡലുകള്‍ നീലയും വെളുപ്പും നിറത്തിലുള്ള തീം പങ്കിട്ടു;അര്‍ജന്റീനയുടെ ദേശീയ ടീം ജേഴ്‌സിയോടു കൂറു പുലര്‍ത്താന്‍. അതുപോലെ തന്നെ തന്റെ കരിയറില്‍ ഉടനീളം മറഡോണ ധരിച്ചിരുന്ന നമ്പര്‍ 10 രേഖപ്പെടുത്തിയതാണ് ലിമിറ്റഡ് എഡിഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.