വീട് പണിയുമ്പോള്‍ അടിത്തറ മുതല്‍ പെയിന്റിങ് വരെ ശരിയായ പ്ലാനിങ് ആവശ്യമാണ്. വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കില്‍ ചിലവ് കുറച്ച് മനോഹര ഭവനം ഒരുക്കാം. ലോ കോസ്റ്റ് വീടെന്ന് പറയുമ്പോള്‍ ക്വാളിറ്റി കുറച്ചിട്ടോ, ആവശ്യമായ സംവിധാനങ്ങള്‍ വീടിനകത്ത് ഒഴിവാക്കിക്കൊണ്ടോ ആവരുത്. കോസ്റ്റ് ഇഫക്റ്റീവ് ആയി ചെലവുകളെ നിയന്ത്രിച്ചുകൊണ്ട് ഇഷ്ടത്തിനനുസരിച്ച് വീട് നിര്‍മിക്കുന്നതിലാണ് സാമര്‍ഥ്യം. ഇതിനായി റീസൈക്കിള്‍ ചെയ്ത സാധനങ്ങള്‍ മുതല്‍ ഇന്റീരിയറില്‍ മിനിമലിസം വരെ പരീക്ഷിക്കാം
* ചിലവ് കുറച്ച് ഭംഗിയായി ഇന്റീരിയര്‍ ചെയ്യാം. വില കൂടിയ കുറേ സാധനങ്ങള്‍ അടുപ്പിച്ചു വയ്ക്കുന്നതല്ല ഇന്റീരിയര്‍ ഡിസൈനിങ്ങിലെ മികവ്. മുറിയിലേക്ക് ആവശ്യമുള്ളതെല്ലാം നല്ല രീതിയില്‍ ഡിസൈന്‍ ചെയ്യുക എന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ടത്. മിനിമലിസത്തിന്റെ പ്രത്യേകതകള്‍ ഇവിടെയും പ്രയോജനപ്പെടുത്താം.
* ഇഷ്ടമുള്ള നിറം ഭിത്തിയില്‍ വേണമെന്ന് ശഠിക്കുന്നവരുണ്ട്. വെള്ള പോലുള്ള ഇളം നിറങ്ങള്‍, ഗ്ലോസി ഫിനിഷ് ഇവയെല്ലാം സ്ഥിരം താമസിക്കുന്ന വീടുകളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ മൂന്നു മാസം ഭംഗിതോന്നുമെങ്കിലും ഇളംനിറങ്ങളില്‍ പതുക്കെ പൊടിയും കറയും പുരളാനും ഗ്ലോസി ഫിനിഷില്‍ പോറല്‍ വീഴാനും സാധ്യതയുണ്ട്. എന്നാല്‍, വീക്കെന്‍ഡ് ഹോമുകളിലും സ്ഥിരതാമസമില്ലാത്ത വീടുകളിലും ഇത് പരീക്ഷിക്കാം.
* ഫോള്‍സ് സീലിങ് അവസരത്തിനനുയോജ്യമായി മാത്രം ചെയ്യേണ്ടതാണ്. റസ്റ്ററന്റുകളിലും മറ്റും ചെയ്യുന്നതുപോലെ കനത്തില്‍ ചെയ്യുന്ന ഫോള്‍സ് സീലിങ് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, വിള്ളലുകള്‍ വീഴാനും സാധ്യതയുണ്ട്. പല മടക്കുകളും വളവു തിരിവുകളുമൊക്കെയായി ഫോള്‍സ് സീലിങ് ചെയ്യുന്ന ട്രെന്‍ഡ് ഇപ്പോള്‍ മാറിത്തുടങ്ങി. സീലിങ്ങില്‍ മിനിമലിസമാണ് ഇപ്പോള്‍ പലരും താല്‍പര്യപ്പെടുന്നത്. ലൈറ്റിങ് ചെയ്യാന്‍ അത്യാവശ്യമായി വരുന്ന ഫോള്‍സ് സീലിങ് മാത്രം ചെയ്യുക.
* ലൈറ്റ് ഫിറ്റിങ്ങുകളും ചെലവിനെ ബാധിക്കാറുണ്ട്. നാനൂറോ അഞ്ഞൂറോ രൂപയ്ക്ക് നല്ല ലൈറ്റ് ഫിറ്റിങ്ങുകള്‍ വടക്കേ ഇന്ത്യയിലെ മൊറാദാബാദ്, ഡല്‍ഹി പോലുള്ള ഇടങ്ങളില്‍ നിന്ന് കിട്ടും. ദീര്‍ഘകാലം നിലനില്‍ക്കുകയും ആവശ്യമുള്ള സ്‌പെയേഴ്‌സ് വാങ്ങാന്‍ കിട്ടുന്നതുമാണ്.
* വിദേശത്തു നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പുതിയ പ്രവണതയാണ്. ഈ അവസരത്തിലും ഡിസൈനറുടെ മേല്‍നോട്ടം വേണം.
* റീസൈക്കിളിങ് അഥവാ പുനരുപയോഗം എന്ന ആശയം ചെലവ് കുറയ്ക്കാന്‍ ഒരുപാട് സഹായിക്കും. നല്ല മരങ്ങള്‍ യഥേഷ്ടം ഉണ്ടായിരുന്ന കാലത്ത് അവ കൊണ്ടു പണിത ജനല്‍പാളികള്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ വിപണിയില്‍ ലഭിക്കും. ചെറുതായൊന്ന് മിനുക്കി പോളിഷ് ചെയ്ത് അങ്ങനെത്തന്നെയോ അല്ലാതെയോ ഇത് ഉപയോഗിക്കാം.
* റീസൈക്കിള്‍ ചെയ്ത് ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാനായാല്‍ ഒരു ആന്റിക് ഫീലിങ് മാത്രമല്ല, ഭംഗിയുള്ള ഇരിപ്പിടങ്ങളും ഷെല്‍ഫുകളും വീട്ടിനകത്ത് വയ്ക്കാം.
* ഒറ്റപ്പാളി ജനാലകള്‍ക്കു പകരം മുകളിലെ പാളികള്‍ തുറന്ന് ധാരാളം കാറ്റും വെളിച്ചവും അകത്തേക്ക് ലഭിക്കുന്ന നാലുകള്ളി അല്ലെങ്കില്‍ ആറുകള്ളി ജനാലകള്‍ ചെലവ് കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ ഈടും ഉറപ്പും സൗകര്യവും ലഭിക്കും.
* ഭിത്തി നിര്‍മിക്കാനാവശ്യമായ ചെങ്കല്ലോ, ഇഷ്ടികയോ, ഹോളോ ബ്രിക്‌സോ, സിമന്റ് കട്ടകളോ സൈറ്റിനടുത്ത് ലഭിക്കുമെങ്കില്‍ അതിന് മുന്‍ഗണന കൊടുക്കാം.
* ടൈലുകളാണ് മെറ്റീരിയല്‍ കോസ്റ്റിനെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം. മുന്നൂറിലധികം വിലവരുന്ന ടൈലിനേക്കാള്‍ ഗുജറാത്തി ടൈലുകള്‍, സെറാമിക് ടൈലുകള്‍ എന്നിവയൊക്കെ വാങ്ങാം.
* ഇന്റര്‍ലോക്കിങ് ബ്രിക്സ്, ഫെറോ സിമന്റ് സ്ലാബ്‌സ്, മുള, ലാറ്ററേറ്റ്, എന്‍ജിനീയേര്‍ഡ് വുഡ്, ഫ്ളൈ ആഷ് ബ്രിക്ക്‌സ്, പ്രീഫാബ്രിക്കേഷന്‍ സ്ലാബ് എന്നിവ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഭിത്തി പണിയാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.