നാല്പത്തിയൊന്നാം മാർപാപ്പ വി. സോസിമസ് (കേപ്പാമാരിലൂടെ ഭാഗം-42)

നാല്പത്തിയൊന്നാം മാർപാപ്പ വി. സോസിമസ് (കേപ്പാമാരിലൂടെ ഭാഗം-42)

ആദിമസഭയുടെ ചരിത്രത്തില്‍ തന്നെ വിശ്വാസ സത്യങ്ങളുടെയും തിരുസഭാ പഠനങ്ങളുടെയും കരുത്തനായ പരിരക്ഷകനും മഹാനുമായ ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 417 മാര്‍ച്ച് 18-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട സോസിമസ് മാര്‍പ്പാപ്പ ചുരുങ്ങിയ കാലം മാത്രമേ തിരുസഭയെ നയിച്ചിരുന്നുളളൂ എങ്കിലും ആ സമയം ഒത്തിരിയധികം ബുദ്ധിമുട്ടുകളും അനര്‍ത്ഥങ്ങളും നിറഞ്ഞതായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ തിരുസഭയെ ധീരമായി നയിക്കുന്നതിന് അദ്ദേഹം പൂര്‍ണ്ണമായും പ്രാപ്തനായിരുന്നില്ല എന്നാണു ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത്.


ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ സഹായിയായി വി. ജോണ്‍ ക്രിസോസ്റ്റം മെത്രാനാല്‍ റോമിലേക്ക് അയക്കപ്പെട്ട ഗ്രീക്കുകാരനായ പുരോഹിതനായിരുന്നു ഇന്നസെന്റ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട സോസിമസ് മാര്‍പ്പാപ്പ. പാശ്ചാത്യസഭയുടെ രീതകളൊടും അവസ്ഥകളോടും തീര്‍ത്തും അപരിചിതനായിരുന്ന മാര്‍പ്പാപ്പ റോമിന്റെ മെത്രാനായി സ്ഥാനാരോഹണം ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമാനുസൃതമല്ലാതെ ആര്‍ള്‍സിന്റെ മെത്രാനെന്ന് അവകാശപ്പെട്ടിരുന്ന പെട്രോക്ലസ് മെത്രാനെ ആര്‍ള്‍സിന്റെ മെത്രാപ്പോലീത്തയായി നിയമിക്കുകയും ഗൗള്‍ പ്രാവശ്യയിലെ മുഴുവന്‍ മെത്രാന്മാരുടെയും മേല്‍ അധികാരം നല്‍കുകയും ചെയ്തു. പെട്രോക്ലസ് മെത്രാന് വിയെന്ന ഗൗള്‍ പ്രാവശ്യകളില്‍ മെത്രാന്മാരെ വാഴിക്കുന്നതിനുള്ള പൂര്‍ണ്ണാധികാരവും റോമിന്റെ പരിശോധന വേണ്ട കേസുകളില്‍ തീരുമാനമെടുക്കാനുമുള്ള അധികാരവും മാര്‍പ്പാപ്പ നല്‍കി. ഗൗളില്‍നിന്ന് റോമിലേക്ക് സന്ദര്‍ശനത്തിന് വരുന്ന വൈദികര്‍ അവരുടെ സന്ദര്‍ശനത്തെ സാക്ഷ്യപ്പെടുത്തികൊണ്ട് പെട്രോക്ലസ് മെത്രാന്റെ ഒപ്പിട്ട കത്തുകള്‍ കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ പ്രസ്തുത നിയമനവും പെട്രോക്ലസ് മെത്രാന് നല്‍കപ്പെട്ട അധികരാങ്ങളും മെത്രാന്മാരുടെയും വൈദികരുടെയും ശക്തമായ എതിര്‍പ്പിനാണ് വഴിതെളിച്ചത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും അവഗണിക്കുകയും തള്ളികളയുകയുമാണ് മാര്‍പ്പാപ്പ ചെയ്തത്.


വടക്കെ ആഫ്രിക്കയിലെ സഭാസമൂഹത്തെയും തിരുസഭയെ തന്നെയും ബാധിച്ചിരുന്ന പെലെജിയനിസം എന്ന പാഷണ്ഡതയെ സോസിമസ് മാര്‍പ്പാപ്പ കൈകാര്യം ചെയ്ത രീതി, കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നതായിരുന്നു. പെലെജിയനിസത്തിന്റെ ഉപജ്ഞേതക്കളായിരുന്ന പെലെജിയസും അദ്ദേഹത്തിന്റെ ശിഷ്യനും അനുചരനുമായിരുന്ന സെലെസ്റ്റിയസും തങ്ങളുടെ മേല്‍ ഇന്നസെന്റ് മാര്‍പ്പാപ്പ ചുമത്തിയ ശിക്ഷാനടപടികള്‍ പിന്‍വലിക്കണമെന്ന് സൊസിമസ് മാര്‍പ്പാപ്പയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അദ്ദേഹം പെലെജിയസിന്റെയും സെലെസ്റ്റിയസിന്റെയുംമേലുള്ള നടപടികള്‍ വീണ്ടും പുനഃപരിശോധികണമെന്ന് ആവശ്യപ്പെട്ടു. തന്റെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് ഇന്നസെന്റ് ഒന്നാമന്‍ മാര്‍പ്പാപ്പയ്ക്ക് അയച്ച പ്രഖ്യാപനം അദ്ദേഹത്തിന്റെ മരണശേഷം സൊസിമസ് മാര്‍പ്പാപ്പയ്ക്ക് ലഭിക്കുകയും അത് വായിക്കാനിടയാവുകയും അതൊടെപ്പംതന്നെ സെലെസ്റ്റിയസ് റോമില്‍ വന്ന് മാര്‍പ്പാപ്പയെ വ്യക്തിപരമായി കാണുകയും ചെയ്തതിനെ തുടര്‍ന്ന് അവരുടെ മേലുള്ള ശിക്ഷാനടപടികള്‍ മാർപ്പാപ്പ പിന്‍വലിച്ചു.

പെലെജിയസും സെലെസ്റ്റിയസും തന്റെ മുമ്പില്‍ അവരുടെ നിരപരാധിത്വം തെളിയിച്ചുവെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ആഫ്രിക്കന്‍ മെത്രാന്മാര്‍ക്ക് എഴുതുകയും വേണ്ടത്ര ഒരുക്കവും പരിശോധനയുമില്ലാതെയാണ് മെത്രാന്മാര്‍ പ്രവര്‍ത്തിച്ചത് എന്ന് അവരെ ശകാരിക്കുകയും ചെയ്തു. എന്നാല്‍ മാര്‍പ്പാപ്പയുടെ ഈ നടപടി വി. അഗസ്റ്റിന്‍ അടക്കമുള്ള ആഫ്രിക്കന്‍ പ്രാവശ്യയിലെ മെത്രാന്മാരെ മുഴുവന്‍ പ്രകോപിപ്പിക്കുന്നതും അവര്‍ക്ക് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയാത്തതുമായിരുന്നു. തന്റെ മുന്‍ഗാമിയുടെ തീരുമാനം നിലനില്‍ക്കണമെന്നും തന്റെ തീരുമാനം പിന്‍വലിക്കണമെന്നും സോസിമസ് മാര്‍പ്പാപ്പയോട് അവര്‍ ആവശ്യപ്പെട്ടു. കഠിനമായ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍പ്പാപ്പ തന്റെ തീരുമാനം പിന്‍വലിച്ചു.

റോമിന്റെ മെത്രാന്റെ പ്രാഥമികതയെയും ഉച്ചത്വത്തെയും കുറിച്ച് ആഫ്രിക്കന്‍ പ്രവിശ്യയിലെ മെത്രാന്മാരെ ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്നസെന്റ് മാര്‍പ്പാപ്പയുടെ തീരുമാനം നിലനില്‍ക്കുമെന്നും തല്‍സ്ഥിതി തുടരുമെന്നും അറിയിച്ചു. അതിനിടയില്‍ മെത്രാന്മാര്‍ പാശ്ചാത്യസാമ്രാജ്യത്തിന്റെ ഗവര്‍ണറായ ഹൊണൊരിയസിനെ മാര്‍പ്പാപ്പയുടെ നടപടികളെകുറിച്ച് ധരിപ്പിക്കുകയും പെലേജിയസിനെയും സെലെസ്റ്റിയസിനെയും സഭാഭ്രഷ്ടരാക്കിയ നടപടി ശരിവെയ്ക്കുകയും ചെയ്തു. ഏ.ഡി. 418-ല്‍ കാര്‍ത്തേിജില്‍ വീണ്ടും ഒരു കൗണ്‍സില്‍ വി. അഗസ്റ്റിന്റെ നിര്‍ബന്ധത്തില്‍ വിളിച്ചുചേര്‍ത്തു. മറ്റു അവസരങ്ങളൊന്നുമില്ലാത്തതിനാല്‍ സൊസിമസ് എപ്പിസ്‌തോള റ്റ്രാക്‌തോരിയ എന്ന പേരില്‍ തിരുസഭ മുഴുവനിലെയും മെത്രാന്മാര്‍ക്കായി പുറപ്പെടുവിച്ച രേഖവഴിയായി പെലെജിയസിനെയും അദ്ദേഹത്തിന്റെ പഠനങ്ങളെയും തെറ്റാണെന്ന് വിധിച്ചു.

അധാര്‍മികമായ ജീവിതനയിച്ചതിന് തന്റെ മെത്രാനാല്‍ പുറത്താക്കപ്പെട്ട അപിയാരിയസ് എന്ന പുരോഹിതന്റെ പൗരോഹിത്യപദവി വിണ്ടും അദ്ദേഹത്തിന്റെ അപ്പീലിന്റെ ഫലമായി സൊസിമസ് പുനഃസ്ഥാപിച്ചത് ആഫ്രിക്കന്‍ സഭാനേതൃവുമായുള്ള മറ്റൊരു കലഹത്തിന് ഇടയാക്കിയ സംഭവമായിരുന്നു. കഠിനമായ എതിര്‍പ്പിന് വഴിവെച്ച ഈ നടപടിയെ നിഖ്യാ സൂനഹദോസില്‍ അംഗീകരിച്ച രണ്ടു കാനോനകളുടെ പിന്‍ബലത്തില്‍ ന്യായീകരിക്കുവാന്‍ പരിശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രസ്തുത കാനോനകള്‍ ഏ.ഡി. 342-ല്‍ സമ്മേളിച്ച പ്രാദേശിക കൗൺസിലായ സാദിര്‍സ കൗണ്‍സിലില്‍ ഉരുതിരഞ്ഞവയായിരുന്നു. പക്ഷെ ആഫ്രിക്കന്‍ സഭാനേതൃത്വം പ്രസ്തുത കൗണ്‍സിലൊ മാര്‍പ്പാപ്പയുടെ തീരുമാനമോ അംഗീകരിക്കുവാന്‍ തയ്യാറായില്ല.

സൊസിമസ് മാര്‍പ്പാപ്പയുടെ അവസാന നാളുകള്‍ അദ്ദേഹത്തിന് കൂടുതല്‍ പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ അസന്തുഷ്ടരും അദ്ദേഹത്തിന്റെ എതിരാളികളുമായിരുന്ന ഒരുകൂട്ടം വൈദികസമൂഹം റെവന്നയിലെ ഗവര്‍ണ്ണറിന്റെ സന്നിധിയില്‍വെച്ച് മാര്‍പ്പാപ്പയ്‌ക്കെതിരായി ഗൂഢാലോചന നടത്തി. എന്നാല്‍ ഇതറിഞ്ഞ മാര്‍പ്പാപ്പ അവര്‍ക്ക് സഭാഭ്രഷ്ട് കല്പിക്കുവാന്‍ ഒരുങ്ങി. എന്നാല്‍ ഇതിനിടയില്‍ അദ്ദേഹം രോഗബാധിതനാവുകയും ഏ.ഡി. 418 ഡിസംബര്‍ 26-ാം തീയതി ഇഹലോകവാസം വെടിയുകയും ചെയ്തു. റോമിലെ വി. ലോറന്‍സിന്റെ ബസിലിക്കയില്‍ ആണ് അദ്ദേഹത്തെ അടക്കം ചെയ്തത്.


St. Zosimus succeeded Anastasius on March 18, 417. St. John Chrysostom had recommended Zosimus to Innocent I. Zosimus appointed Patroclus of Arles as the metropolitan of Arles and was made into a virtual papal vicar of Gaul since any clergy travelling to Rome from that area was required to have Patroclus’s signature on a letter. Zosimus held a synod in Rome in which he met with Pelagius and read his treatise on free will. The assembly, having declared Pelagius’s view as orthodox, cleared him of his former convictions. However, when Zosimus informed the African bishops of this decision, they were outraged. They called a synod and told Zosimus that the Pelagians had deceived him. Backing down somewhat, Zosimus replied that no decisions had been made. A new synod took place in Rome on May 1, 418, in which the Pelagians were condemned once and for all. His relationship with the African church worsened when he mentioned in a letter to the African bishops a particular canon which he said was from the Nicene Council, but was actually from the Council of Sardica, a council not
recognized by the African bishops. Zosimus died on December 26, 418.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.