ഹൈദരാബാദ്: കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച നാല് പേരുടെയും കൂടി ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍ കൊലപ്പെട്ട ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍.
ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിലെത്തിച്ചിരുന്നു. യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ബെംഗളൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികരില്‍ നാല് പേരുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് അയക്കും. ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപടര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കും.
ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. വിദേശ സാങ്കേതിക സഹായം ആവശ്യമാണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിനിടയിലെ പിഴവ്, പൊട്ടിത്തെറി തുടങ്ങിയ സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.