D സ്വര്‍ണ ഘനി പ്രേത നഗരമെന്നു വിശേഷിപ്പിക്കുന്ന കൂക്കിനി മേഖലയില്‍
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ചരിത്രപ്രസിദ്ധമായ കൂക്കിനി സ്വര്‍ണ ഘനിയുടെ അവകാശം നേടിയെടുക്കാനുള്ള കമ്പനികളുടെ പോരാട്ടം സുപ്രീം കോടതിയില്‍. തലസ്ഥാനമായ പെര്‍ത്തില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കൂക്കിനി സ്വര്‍ണ ഖനന മേഖലയുടെ പേരിലാണ് നിയമപോരാട്ടം.
ഓസ്‌ട്രേലിയയിലെ ധാതു പര്യവേക്ഷണ കമ്പനികളായ മെറ്റാലിസിറ്റിയും നെക്സ് മെറ്റല്‍സ് എക്സ്പ്ലോറേഷനുമാണ് സ്വര്‍ണ ഘനിയുടെ കൂടുതല്‍ ഓഹരി അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരിയില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയില്‍ കേസ് നടപടികള്‍ ആരംഭിക്കും.
2019 മേയിലാണ് പെര്‍ത്ത് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ മെറ്റാലിസിറ്റിയും നെക്സ് മെറ്റല്‍സ് എക്സ്പ്ലോറേഷന്‍സ് ലിമിറ്റഡും ഒരു കരാറില്‍ ഏര്‍പ്പെട്ടത്. നെക്സ് മെറ്റല്‍സിന്റെ കീഴിലുള്ള കൂക്കിനി, യുന്‍ഡമിന്ദേര എന്നീ മേഖലകളിലെ സ്വര്‍ണ പര്യവേഷണ പദ്ധതികളില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതിനാണ് മെറ്റാലിസിറ്റി കരാറില്‍ ഏര്‍പ്പെട്ടത്.
കൂക്കിനിയിലെ സ്വര്‍ണ ഘനി മേഖല
കരാര്‍ പ്രകാരം നെക്സ് മെറ്റല്‍സിന്റെ 1,00,000 ഓസ്ട്രേലിയന്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മെറ്റാലിസിറ്റി വാങ്ങും. ഇതു കൂടാതെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ഡോളര്‍ പദ്ധതികളില്‍ ചെലവഴിക്കുമെന്നും മെറ്റാലിസിറ്റി വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇരു കമ്പനികളും സംയുക്ത സംരംഭമായി രൂപീകരിക്കുമെന്നായിരുന്നു അന്നു പ്രഖ്യാപിച്ചിരുന്നത്.
പെര്‍ത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായ ടോം പെഴ്സി ക്യുസിയാണ് നെക്‌സ് മെറ്റല്‍സിന്റെ അധ്യക്ഷന്‍. നെക്സ് മെറ്റല്‍സില്‍ 1.01 മില്യണ്‍ ഓഹരികളാണ് ടോം പെഴ്സിക്കുള്ളത്. കുക്കിനിയില്‍ 1,800 ഹെക്ടറിലും ഇവിടെനിന്ന് 65 കിലോമീറ്റര്‍ മാറിയുള്ള യുന്‍ഡമിന്ദേരയില്‍ 4,400 ഹെക്ടറിലും പാട്ട വ്യവസ്ഥയില്‍ സ്വര്‍ണ ഖനന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് നെക്സ് മെറ്റല്‍സാണ്.
1895 മുതല്‍ 1922 വരെയുള്ള കാലയളവില്‍ 3,60,000 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ച, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ലാഭകരമായ സ്വര്‍ണ ഖനികളിലൊന്നായി ഒരിക്കല്‍ കണക്കാക്കപ്പെട്ടിരുന്ന കോസ്മോപൊളിറ്റന്‍ ഖനിയും കുക്കിനി മേഖലയിലാണ്.
എന്നാല്‍ 25 വര്‍ഷമായി ഈ മേഖലയില്‍ വലിയതോതിലുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അതേസമയം ഭാവിയില്‍ ഏറെ പ്രധാനപ്പെട്ട സ്വര്‍ണ ഉല്‍പാദന കേന്ദ്രങ്ങളിലൊന്നായാണ് കമ്പനികള്‍ കൂക്കിനിയെ വിശേഷിപ്പിക്കുന്നത്.
കരാര്‍ പ്രകാരം കൂക്കിനിയിലെ സമീപകാല ഖനന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് മെറ്റാലിസിറ്റിയാണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 5,00,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് മെറ്റാലിസിറ്റി ചെലവഴിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ഡോളര്‍ ചിലവഴിക്കുന്നതിലൂടെ, നെക്‌സ് മെറ്റല്‍സുമായുള്ള സംയുക്ത സംരംഭത്തില്‍ മെറ്റാലിസിറ്റിക്ക് 51 ശതമാനം ഓഹരി നേടിയെടുക്കാനാകും.
എന്നാല്‍ സ്വര്‍ണ കണ്ടെടുക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ വൈകാതെ തര്‍ക്കത്തിലേക്കു കടന്നു. 51 ശതമാനം ഓഹരി നേടുന്നതിനായി മെറ്റാലിസിറ്റി കരാര്‍ പ്രകാരമുള്ള പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നതിനെ ചൊല്ലിയാണ് നിയമപോരാട്ടം ആരംഭിക്കുന്നത്.
കൂക്കിനി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രേത നഗരം
1895-ലാണ് കൂക്കിനിയില്‍ ആദ്യമായി സ്വര്‍ണം കണ്ടെത്തിയത്. അന്ന് ഏകദേശം 3,500 പേരാണ് ഈ മേഖലയില്‍ താമസിച്ചിരുന്നത്. ഒരുകാലത്ത് തിരക്കേറിയ നഗരമായിരുന്ന കൂക്കിനിയെ ഇന്ന് ഒരു പ്രേത നഗരമായാണ് വിശേഷിപ്പിക്കുന്നത്. ജനസംഖ്യ 13 പേരായി കുറഞ്ഞു. വലിയ പട്ടണത്തിന്റെ അവശേഷിപ്പുകള്‍ ഈ മേഖലയിലുടനീളം കാണാം.
കുക്കിനിയിലെ ഗ്രാന്‍ഡ് ഹോട്ടല്‍.
ഇന്ന് കുക്കിനിയില്‍ അവശേഷിക്കുന്ന ചുരുക്കം ചില കെട്ടിടങ്ങളില്‍ ഒന്നാണ് ഗ്രാന്‍ഡ് ഹോട്ടല്‍. ഇവിടത്തെ ഒരേയൊരു പബ്ബ്. ഇവിടെ വരുന്ന ടൂറിസറ്റുകള്‍ക്കും ഖനന സംബന്ധമായ ജോലികള്‍ക്കായി എത്തുന്നവര്‍ക്കും ഈ ഹോട്ടല്‍ ആതിഥ്യമരുളുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചതോടെ ഇവിടേക്കു വരുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.