ക്വീന്‍സ് ലന്‍ഡുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

ക്വീന്‍സ് ലന്‍ഡുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പടിഞ്ഞാറന്‍ ഓസ്ട്രേലിയ

പെര്‍ത്ത്: ക്വീന്‍സ് ലന്‍ഡുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. അവിടെനിന്നുള്ള യാത്രക്കാര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണു നിര്‍ദേശം. ക്വീന്‍സ് ലന്‍ഡില്‍ പ്രാദേശികമായി കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകൊടുക്കുമെന്ന് ക്വീന്‍സ് ലന്‍ഡ് പ്രഖ്യാപിച്ചിരുന്നു. സമ്പൂര്‍ണ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. ക്വീന്‍സ് ലന്‍ഡിന്റെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ജാഗ്രതയോടെയുള്ള നീക്കം.

ക്വീന്‍സ് ലന്‍ഡിലെ ചില കോവിഡ് കേസുകളുടെ ഉറവിടം അജ്ഞാതമായതിനാല്‍ അപകടസാധ്യത നിലനില്‍ക്കുന്നതായി പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ക്വീന്‍സ് ലന്‍ഡില്‍ പ്രാദേശികമായി കോവിഡ് വ്യാപനമുള്ളതിനാലും ഒമിക്രോണ്‍ ഭീതിയുടെ മധ്യത്തില്‍തന്നെ അതിര്‍ത്തി നിയന്ത്രണങ്ങളും ക്വാറന്റീന്‍ വ്യവസ്ഥകളും ലഘൂകരിക്കാനുള്ള നീക്കങ്ങളും നടത്തുന്നതിനാല്‍ നാം ജാഗ്രത പാലിക്കണമെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മുന്നറിയിപ്പു നല്‍കി. ക്വീന്‍സ് ലന്‍ഡുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

'ഇത് ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നറിയാം. പക്ഷേ സംസ്ഥാനത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാണ് തല്‍ക്കാലം മുന്‍ഗണന. വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നതിനാല്‍ ക്വീന്‍സ് ലന്‍ഡിന് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതേസമയം വൈറസിനെ പ്രതിരോധിക്കാന്‍ തക്കവിധമുള്ള വാക്‌സിനേഷന്‍ നിരക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ കൈവരിച്ചിട്ടില്ല.

ക്വീന്‍സ് ലന്‍ഡ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് ഒമിക്രോണ്‍ വകഭേദം പ്രാദേശികമായി പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി റോജര്‍ കുക്ക് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഓസ്ട്രേലിയയിലുടനീളം പ്രാദേശിക വ്യാപനമുണ്ടായത് നാം കണ്ടു.

നിലവില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഒരു കോവിഡ് കേസ് പോലുമില്ല. ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് കൈവരിക്കുന്നതു വരെ അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ക്വീന്‍സ് ലന്‍ഡില്‍ നിന്നും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കു പ്രവേശനമുള്ളത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയുകയും 12-ാം ദിവസം കോവിഡ് പരിശോധന നടത്തുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.