ന്യുഡല്‍ഹി: പ്രഥമ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സേനയ്ക്ക് നഷ്ടമായത് കരുത്തനായ നായകനെയാണ്. നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.
'നമ്മുടെ സേനകളില്‍ നാം അഭിമാനിക്കുന്നു, ഈ വിജയം നമുക്കൊന്നിച്ച് ആഘോഷിക്കാം' കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമാകും മുന്‍പു സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞ വാക്കുകള്‍. 1971ലെ യുദ്ധവിജയാഘോഷത്തിന്റെ 50ാം വര്‍ഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്തു തയാറാക്കിയ വീഡിയോ സന്ദേശമാണ് അദ്ദേഹത്തിന്റെ വിയോഗശേഷം സേന പുറത്തുവിട്ടത്. പിന്നാലെ, ഇന്ത്യാ ഗേറ്റ് സമുച്ചയത്തില്‍ നടന്ന വിജയ് പര്‍വ് ആഘോഷത്തിലും ഇതു പ്രദര്‍ശിപ്പിച്ചു. അപകടത്തിന്റെ തലേന്നാണ് 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്തതെന്നു സേന അറിയിച്ചു.
കര, നാവിക, വ്യോമ സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംയുക്ത മേധാവിയെ നിയമിക്കുമെന്ന് 2018 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തിന് പുതിയൊരു സൈന്യാധിപന്‍. ആരാകും ആ പദവിയിലേക്കെത്തുക എന്നതില്‍ ആര്‍ക്കും വലിയ സംശയമൊന്നും ഉണ്ടായിരുന്നില്ല.
2020 ജനുവരി ഒന്നിന് ഇന്ത്യയുടെ ആദ്യ സംയുക്തസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്നതില്‍ കൃത്യമായ ദിശാബോധം ബിപിന്‍ റാവത്തിനുണ്ടായിരുന്നു. ആ കഴിവുകൂടി തിരിച്ചറിഞ്ഞാണ് ചരിത്രപരമായ തസ്തികയില്‍ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്, രാജ്യത്തിന്റെ കാവല്‍ക്കാരനാക്കിയത്.
നിയന്ത്രണരേഖ കടന്ന് പാക്ക് അതിര്‍ത്തിയില്‍ ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്താന്‍ മടിക്കില്ലെന്നു കരസേനാമേധാവി തുറന്നടിച്ചിരുന്നു. വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നിര്‍ബന്ധിക്കരുതെന്നു പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കി. ശത്രുഡ്രോണുകള്‍ രാജ്യത്തിന്റെ ആകാശത്ത് പറന്നുവന്നപ്പോളും റാവത്ത് പ്രഖ്യാപിച്ചു. ഇന്ത്യയെ ആക്രമിക്കാനാണു പാക്ക് നീക്കമെങ്കില്‍ തിരിച്ചടിക്ക് സേനകള്‍ തയാറാണെന്ന്. തിരിച്ചടിയുടെ സമയവും സ്ഥലവും ഇന്ത്യ തീരുമാനിക്കും.' എന്നായിരുന്നു ധീരനായ കാവല്‍ക്കാരന്റെ ഉറച്ച നിലപാട്. ആ വാക്കുകള്‍ ഭരണ നേതൃത്വത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
കൂടാതെ സൈനികര്‍ക്ക് എന്തു പരാതിയുണ്ടെങ്കിലും സേനാമേധാവിയുടെ മുന്നില്‍ എത്തിക്കാന്‍ എല്ലാ യൂണിറ്റുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു റാവത്ത്. കൂടാതെ സൈനികര്‍ക്ക് നേരിട്ടു പരാതി അറിയിക്കാന്‍ വാട്‌സാപ് നമ്പറും ഏര്‍പ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.