ഹര്‍നാസ് സന്ധു വിശ്വസുന്ദരി; 21 വര്‍ഷത്തിന് ശേഷം കിരീടമണിഞ്ഞ് ഇന്ത്യക്കാരി

 ഹര്‍നാസ് സന്ധു വിശ്വസുന്ദരി; 21 വര്‍ഷത്തിന് ശേഷം കിരീടമണിഞ്ഞ് ഇന്ത്യക്കാരി


എയ്ലാറ്റ്: 2021 ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധുവിന്. 'വാചകമടി മാറ്റിവച്ച് ' പ്രകൃതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ഉശിരന്‍ വാചകവുമായി പഞ്ചാബില്‍ നിന്നുള്ള 21 കാരി വിധികര്‍ത്താക്കളുടെയും സദസിന്റെയും കയ്യടിയും നേടി. 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിക്കുന്ന 70 ാമത് വിശ്വസുന്ദരി മത്സരം നടന്നത് ഇസ്രയേലിലെ എയ്ലെറ്റിലായിരുന്നു.

ഫൈനലില്‍ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹര്‍നാസിന്റെ കിരീടനേട്ടം. 2020 ലെ മുന്‍ വിശ്വസുന്ദരിയായ ആന്‍ഡ്രിയ മെസ ഹര്‍നാസിനെ കിരീടം ചൂടിച്ചു.ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്, 2000ത്തില്‍.സുസ്മിത സെന്നിനാണ് ഇന്ത്യയില്‍ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്, 1994ല്‍.

എഴുപതാമത് വിശ്വസുന്ദരി മത്സരത്തില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. കര്‍ശന കൊറോണ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. 2017-ലാണ് ഹര്‍നാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഹര്‍നാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് ചോദ്യങ്ങളാണ് മത്സരത്തില്‍ ഹര്‍നാസിന് നേരിടേണ്ടി വന്നത്.

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. 'അവനവനില്‍ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകള്‍ ഉള്ളവരാണ്. അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക. ലോകത്തില്‍ നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. നമുക്ക് വേണ്ടി ശബ്ദിക്കാന്‍ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങള്‍ മാത്രമാവുക. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്' എന്നായിരുന്നു ഹര്‍നാസിന്റെ ഉത്തരം.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. 'കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം' എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാള്‍ പ്രകൃതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താന്‍ ചെയ്യുമെന്നുമായിരുന്നു ഹര്‍നാസിന്റെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.