ലോകമേ വായിക്കൂ, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

ലോകമേ വായിക്കൂ, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

വായനയുടെ അറിവിന്‍റെ പുസ്തകലോകം തുറക്കാന്‍ യുഎഇയുടെ സാംസ്കാരിക നഗരമായ ഷാർജ ഒരുങ്ങി കഴിഞ്ഞു. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം. കോവിഡ് സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങുകളില്ല. പുസ്തകമേളയുടെ 39 ആം പതിപ്പാണ് ഇത്തവണത്തേത്. എക്സ്പോ സെന്‍ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടക്കുക. കോവിഡ് സാഹചര്യത്തില്‍ വിർച്വലായും അല്ലാതെയുമായിരിക്കും മേള പുരോഗമിക്കുക. ലോകം ഷാർജയില്‍ നിന്നും വായിക്കുമെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം. 73 രാജ്യങ്ങളില്‍ നിന്നുളള 1024 പ്രധാധകർ മേളയുടെ ഭാഗമാകും

സന്ദ‍ർശനം എങ്ങനെ
registration.sibf.com എന്ന വെബ് സൈറ്റില്‍ രജിസ്ട്രർ ചെയ്തുവേണം ഇത്തവണ മേളയ്ക്കെത്താന്‍. വരാനാഗ്രഹിക്കുന്ന സമയം തെരഞ്ഞെടുത്ത് വിവരങ്ങള്‍ നല്കിയാല്‍ അനുമതി എസ്എംഎസ് ആയും ഇ മെയിലിലൂടെയും ലഭിക്കും.

ശരീരോഷ്മാവ് പരിശോധിക്കാന്‍ സന്ദ‍ർശകർക്ക് തെർമല്‍ സ്കാനിംഗ് ഉണ്ടാകും. സാനിറ്റൈസേഷന്‍ ഗേറ്റിലൂടെ കടന്നാണ് എക്സ്പോ സെന്‍ററിലെത്തേണ്ടത്.

ഓരോരുത്തർക്കും എക്സ്പോ സെന്‍ററില്‍ ചെലവഴിക്കാന്‍ അനുവദിച്ചിട്ടുളള സമയം മൂന്ന് മണിക്കൂറാണ്. സമയം അവസാനിക്കാറാവുമ്പോള്‍ രജിസ്ട്രർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അക്കാര്യമോർപ്പിച്ച് സന്ദേശമെത്തും. സന്ദർശകർക്ക് വ‍ർണബ്രേസ് ലെറ്റുകള്‍ നല്കും. സമയക്രമം രേഖപ്പെടുത്താനാണ് ഇത്.

മേള നടക്കുന്ന എക്സ്പോ സെന്‍ററും പരിസരവും കൃത്യമായി അണുവിമുക്തമാക്കും.

സമയക്രമം
നാല് സ്ലോട്ടുകളായാണ് സമയം അനുവദിച്ചിട്ടുളളത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ, ഒരു മണിമുതൽ വൈകീട്ട് നാല്, നാലുമുതൽ രാത്രി ഏഴ്, ഏഴുമുതൽ 10 മണിവരെ. 5000 പേർക്കുവരെ പ്രവേശനം അനുവദിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം.

അതിഥികളായി ആരൊക്കെ
എഴുത്തുകാരും കവികളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുളള 60 ലധികം അതിഥികളുടെ 64 ഓളെ സംവാദങ്ങള്‍ ഇത്തവണത്തെ പുസ്തകമേളയ്ക്ക് മിഴിവേകും. ഓണ്‍ലൈനിലൂടെയായിരിക്കും സംവാദങ്ങള്‍. sharjahreads.com എന്ന വെബ് സൈറ്റ് ലിങ്കില്‍ രജിസ്ട്രർ ചെയ്ത് സംവാദത്തില്‍ പങ്കുചേരാം. ഇന്ത്യയിൽനിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എം.പി., ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദർ സിങ് എന്നിവർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കും. 578 അറബ് പ്രസാധകരും 129 അന്താരാഷ്ട്ര പ്രസാധകരും ഉണ്ടാവും. എസ്.ഐ.ബി.എഫ്. അവാർഡ് വിതരണം അടുത്ത പതിപ്പിലേക്ക് മാറ്റിവെക്കും.

മലയാളത്തിന്‍റെ പ്രാതിനിധ്യം
എല്ലാത്തവണയും ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം മലയാളികളുടെ ഉത്സവമായി മാറാറുണ്ട്. കോവിഡ് അതും തിരുത്തിയെഴുതുകയാണ്. ലോകത്തിന്‍റെ ഏത് കോണിലിരുന്നും ഓണ്‍ലൈനിലൂടെ മേളയുടെ ഭാഗമാകാമെങ്കിലും മലയാളം ഉയർന്നു കേട്ടിരുന്ന ഏഴാം നമ്പർ ഹാള്‍ ഇത്തവണയില്ലയെന്നുളളത് പുസ്കപ്രമികള്‍ക്ക് നിരാശ നല്കുന്നുണ്ട്. ചുരുക്കം ചില മലയാളി പ്രസാധകർ മാത്രമാണ് ഇത്തവണയെത്തുന്നത്.കഴിഞ്ഞവർഷം 150-ലേറെ പുസ്തകപ്രകാശനം അടക്കമുള്ള പരിപാടികളാണ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.