ഇരുപത്തൊന്നു വയസുകാരി അമ്മ, തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാർത്ത വായിച്ചപ്പോൾ മനസു വല്ലാതെ നുറുങ്ങി. 27ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്.മാസം തികയാതെ പിറന്ന കുഞ്ഞ് നിരന്തരം കരയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ പഠനത്തിന് തടമാണെന്ന് പറഞ്ഞാണ് അമ്മ ഈ പാതകം ചെയ്തത്.ഈ വാർത്ത വായിച്ചപ്പോൾ എന്റെ മനസിൽ വന്ന ചിന്ത ഭൂമിയിലെ അമ്മമാരെക്കുറിച്ചായിരുന്നു.മക്കൾ കരയുമ്പോൾ അതിരുവിട്ട് അസ്വസ്ഥരാകുന്ന അമ്മമാരുണ്ടായാൽ നമ്മളിൽ ആരെങ്കിലും ഇന്ന് ഭൂമിയിൽ ഉണ്ടാകുമായിരുന്നോ?കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ
രാത്രികൾ പകലുകളാക്കുന്ന അമ്മമാർ ധന്യർ !ക്ഷീണം മറന്ന് അവർക്കുവേണ്ടി നിരന്തരം അധ്വാനിക്കുന്ന അപ്പനമ്മമാർ അനുഗ്രഹീതർ!ഉദരത്തിൽ ഉരുവായ നിമിഷം മുതൽ കുഞ്ഞിന്റെ സംരക്ഷണത്തിനു വേണ്ടി കാലിത്തൊഴുത്തുവരെ യാത്ര നടത്തിയ മറിയത്തെയും ഔസേപ്പിനേയും ഓർക്കാതെ ഈ കുറിപ്പ് എങ്ങനെ അവസാനിപ്പിക്കും?കാലിത്തൊഴുത്തിൽ നിന്ന് ഈജിപ്തിലേക്ക് ...അവിടെ നിന്ന് തിരിച്ച് നസറത്തിലേക്ക് .....ഇങ്ങനെ എത്രയെത്ര യാത്രകൾ.ഈ യാത്രകളിൽ ഉണ്ണിയേശുവും നിരന്തരം കരഞ്ഞിരിക്കണം....തീർന്നില്ല...മകൻ വളർന്ന് ദൈവരാജ്യ ശുശ്രൂഷയിൽ സജീവമായപ്പോൾ അവനെക്കാണാൻ അവൾ
സന്തോഷത്തോടെ കാത്തുനിൽക്കുന്നതായും നമുക്ക് കാണാൻ കഴിയും.മകന്റെ ദൗത്യത്തിന് അമ്മ ഒരു തടസമാകരുതെന്ന് ചിന്തിച്ച്
മകനടുത്തു ചെല്ലാനുള്ള സകല അവകാശങ്ങളും ഉപേക്ഷിച്ച് ജനക്കൂട്ടത്തിൽ മറഞ്ഞുനിന്ന ആ അമ്മക്ക് പ്രണാമം!
അവളുടെ സാനിധ്യത്തിലാണ് ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞത്:"ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും"
(മര്‍ക്കോസ് 3 : 34-35).ജീവിത പ്രതിസന്ധികൾക്കു നടുവിലും ദൈവഹിതം നിറവേറ്റുന്നവരും നിറവേറ്റാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണോ നിങ്ങൾ?എങ്കിൽ നിങ്ങളും ക്രിസ്തുവിന്റെ അമ്മയാണ് ....സഹോദരനും സഹോദരിയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26