മാർ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയും ഡാളസ് സെന്റ് തോമസ് ഇടവക ദേവാലയ കൂദാശകർമ്മത്തിന്റെ പത്താം വാർഷികവും ആഘോഷിച്ചു

മാർ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകർമ്മത്തിന്റെ പത്താം വാർഷികവും ആഘോഷിച്ചു

ഡാളസ്: ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യ ബിഷപ്പും,ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാർ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവകയുടെ ആദ്യ വികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിൻറെ ഇരുപതാം വാർഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ അൻപതാം വാർഷികവും പുതുക്കിപ്പണിത സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മത്തിന്റെ പത്താം വാർഷികവും ഡാളസ് സെന്റ് തോമസ് ഇടവകയിൽ ഞായറാഴ്ച ആഘോഷിച്ചു. അതോടൊപ്പം വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാല്പതും അമ്പതും വർഷം തികഞ്ഞവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. വ്രതവാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സി ക്ലെറിൻ കൊടിയന്തറ എസ്‌ എ ബി എസിനെ പ്രത്യേകമായി ആദരിച്ചു.



മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലിയർപ്പിക്കപ്പെട്ടു. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേൽ, മുൻ വികാരിയും ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത ഫാ ജോജി കണിയാമ്പടി,ഫാ ജോഷി എന്നിവരായിരുന്നു സഹകാർമ്മികർ. മാർ അങ്ങാടിയത്ത്‌ ബലിമധ്യേ നടത്തിയ സന്ദേശത്തിൽ കുടിയേറ്റം അബ്രഹാമിന്റെ കാലം മുതൽ തുടങ്ങിയതാണെന്നും കുടിയേറ്റത്തിന്റെ ചരിത്രം എന്നും ഉണ്ടായിരുന്നുവെന്നും അതുപോലെയുള്ള ഒരു കുടിയേറ്റത്തിന്റെ ചരിത്രമാണ് അമേരിക്കയിലെ സിറോമലബാർ സമൂഹത്തിന് പറയാനുള്ളതെന്നും പറഞ്ഞു."നാം എന്തായിരിക്കുന്നുവോ അത് ദൈവം തന്നതാണ്,എന്നാൽ നാം എന്തായി തീരുന്നുവോ അത് ദൈവത്തിന് നാം കൊടുക്കുന്ന സമ്മാനമാണ്" ബിഷപ് പറഞ്ഞു. മൂന്ന് ദേവവാലയങ്ങളാണുള്ളത്, നമ്മുടെ തന്നെ ശരീരം, കുടുംബം,ഇടവക ദേവാലയം. ഈ മൂന്ന് ദേവാലയങ്ങളെയും ദൈവത്തിന് വാസയോഗ്യമായും അകവും പുറവും വൃത്തിയായും സൂക്ഷിക്കണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. മക്കളെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ വളർത്തിക്കൊണ്ട് വരണം. മക്കൾ എന്തായിത്തീരുന്നു എന്നതാണ് ഇടവകയുടെ വളർച്ച നിശ്ചയിക്കുന്നതെന്നും പിതാവ് പറഞ്ഞു.



വി കുബാനയ്ക്ക് ശേഷം ജൂബിലി ഹാളിൽ സമ്മേളനം നടത്തപ്പെട്ടു. മാർ ജേക്കബ് അങ്ങാടിയത്തിൻറെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. ഫാ ജോജി കണിയാമ്പടി ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ടതും ഇടവക വികാരിയായിരുന്ന കാലഘട്ടത്തിലെ ഓർമ്മകളും പങ്ക്‌വച്ചു. ഇടവക വികാരി ഫാ ജെയിംസ് നിരപ്പേൽ, ഫാ ജോഷി, പാസ്റ്ററൽ കൌൺസിൽ അംഗം എൽസി ഫിലിപ്പ് എന്നിവരും ആശംസകളറിയിച്ചു. ബിഷപ് അങ്ങാടിയത്ത് ഇടവക വികാരിയായിരുന്ന കാലത്ത്, വികാരിയച്ചന്റെ കൈ പിടിച്ച് വളർന്ന്, ഇന്ന് രാജ്യത്തിൻറെ പല ഭാഗങ്ങളായിരിക്കുന്നവർ തങ്ങളുടെ കുടുംബത്തോടൊപ്പം പഴയകാല ഓർമ്മകൾ പങ്കിട്ടുകൊണ്ട്, നേരിട്ടും അയച്ചുകൊടുത്ത വീഡിയോ സന്ദേശങ്ങൾ വഴിയും പിതാവിന് ആശംസകൾ അറിയിച്ചത് വളരെ ഹൃദ്യവും കണ്ണുകളെ ഈറനണിയിക്കുന്നതും ആയിരുന്നു. പലരും സ്‌നേഹനിധിയായായ പിതാവിനെ അഭിസംബോധന ചെയ്തത് 'സെക്കന്റ് ഫാദർ' എന്നാണ്.


വിവാഹത്തിന്റെ ഇരുപത്തിയഞ്ച്, നാല്പത്, അൻപത് വർഷങ്ങൾ പൂർത്തിയാക്കിയവരെയും വ്രതവാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സി ക്ലെരിൻ കൊടിയന്തറ എസ് എ ബി എസിനെയും പ്രത്യേകമായി ആദരിക്കുകയും അവർക്ക് പിതാവ് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ഇമ്മാനുവേൽ ആരാധനാ മഠത്തിന്റെ മദർ സുപ്പീരിയർ സി മരിയ തെങ്ങുംതോട്ടം എസ് എ ബി എസും ചടങ്ങിൽ സന്നിഹിതയായിരുന്നു. ഇടവക ട്രസ്റ്റി മാത്യു മലനാൽ,ബോബി ജോൺസൺ, ജെറിൻ തന്നയൻ എന്നിവരും പാരീഷ് കൗൺസിൽ അംഗങ്ങളും ചടങ്ങിന് നേതൃത്വം കൊടുത്തു. ലിൻസി തലക്കുളത്തിന്റെ കരവിരുതിൽ വേദി അതിമനോഹരമായി അലങ്കരിക്കപ്പെട്ടു. ഉച്ചഭക്ഷണത്തോട്കൂടി അതിഹൃദ്യമായ ഈ ചടങ്ങിന് വിരാമമായി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.