ശബരിമല വിമാനത്താവള പദ്ധതി: ഡിജിസിഎ എതിര്‍ത്തിട്ടും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ കരാര്‍ നീട്ടി നല്‍കി സര്‍ക്കാര്‍

ശബരിമല വിമാനത്താവള പദ്ധതി: ഡിജിസിഎ എതിര്‍ത്തിട്ടും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ കരാര്‍ നീട്ടി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഉറച്ച് സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എതിര്‍ത്തിട്ടും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ കരാര്‍ നീട്ടി നല്‍കുകയായിരുന്നു. ഓഗസ്റ്റ് വരെയാണ് കരാര്‍ നീട്ടിയത്. 4.6 കോടി രൂപയ്ക്കാണ് അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗറിന് ശബരിമല വിമാനത്താവളത്തെ കുറിച്ചുള്ള സാങ്കേതിക സാമ്പത്തിക പഠനം നടത്താന്‍ കരാര്‍ നല്‍കിയിരുന്നത്.

വിമാനത്താവളം ഇവിടെ വരുന്നതിനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡി ജി സി എ എതിര്‍ത്തത്. കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ പ്രവര്‍ത്തനവും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍, കേന്ദ്ര വ്യോമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലത്തിന് റണ്‍വേയ്ക്ക് ആവശ്യമായ നീളവും വീതിയും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്താവളം വന്നാല്‍ അത് 150 കിലോമീറ്റര്‍ പരിധിയില്‍ ഒന്നിലേറെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പാടില്ലെന്ന ചട്ടത്തിന് വിരുദ്ധമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവള നിര്‍മാണത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ ലൂയി ബര്‍ഗറും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു ഡി ജി സി എ അന്ന് എതിര്‍പ്പ് അറിയിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.