ജമ്പിംഗ് കാസില്‍ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം അഞ്ചായി
മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ സ്‌കൂളിലുണ്ടായ ദുരന്തത്തില്‍ മരിച്ച അഞ്ചു കുട്ടികളുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടു. അഞ്ചും ആറും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും മൂന്നു ആണ്‍കുട്ടികള്‍ക്കുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അഡിസണ്‍ സ്റ്റുവര്‍ട്ട് (11), സെയ്ന്‍ മെല്ലര്‍ (12), ജെയ് ഷീഹാന്‍ (12), ജലൈല ജെയ്ന്‍-മാരി ജോണ്‍സ് (12), പീറ്റര്‍ ഡോട്ട് (12) എന്നിവരാണ് മരിച്ചതെന്ന് ടാസ്മാനിയ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ടാസ്മാനിയയിലെ ഡെവോണ്‍പോര്‍ട്ട് ഹില്‍ക്രസ്റ്റ് പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ കൊടുങ്കാറ്റില്‍പ്പെട്ട് ദുരന്തമുണ്ടായത്. കാറ്റില്‍ ജംപിംഗ് കാസില്‍ (വായു നിറച്ച് ഉപയോഗിക്കുന്ന കുട്ടികളുടെ കളിക്കൂട്്) അന്തരീക്ഷത്തിലേക്കു പറന്നുപൊങ്ങുകയായിരുന്നു. പത്തു മീറ്ററോളം ഉയര്‍ന്ന ജംപിംഗ് കാസിലില്‍ നിന്ന് കുട്ടികള്‍ താഴേക്ക് പതിച്ചു. നാലു കുട്ടികള്‍ സംഭവ സ്ഥലത്തും ഒരു കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നു കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റൊരു കുട്ടി ഇന്ന് ആശുപത്രി വിട്ടു.
സ്‌കൂളിനു മുന്നില്‍ കുട്ടികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സമര്‍പ്പിച്ച പൂക്കളും കളിപ്പാട്ടങ്ങളും.
അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന നാല്‍പ്പതോളം കുട്ടികള്‍ അപകടസമയത്ത് ഈ സ്ഥലത്തുണ്ടായിരുന്നു. കുട്ടികള്‍ 10 മീറ്റര്‍ ഉയരത്തില്‍ നിന്നു വീണുവെന്ന റിപ്പോര്‍ട്ടുകള്‍ ദൃക്സാക്ഷികളില്‍ നിന്നാണ് ലഭിച്ചതെന്നു ടാസ്മാനിയ പോലീസ് കമ്മിഷണര്‍ ഡാരന്‍ ഹൈന്‍ പറഞ്ഞു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് അടിയന്തര സേവനങ്ങള്‍ എത്തുന്നതുവരെ പ്രാഥമികശുശ്രൂഷ നല്‍കിയത്. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ജംപിംഗ് കാസില്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തെക്കുറിച്ച് കൊറോണറുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ടാസ്മാനിയ പ്രീമിയര്‍ പീറ്റര്‍ ഗട്ട്‌വെയ്ന്‍ പറഞ്ഞു. സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് എവിടെയെങ്കിലും സമാന രീതിയില്‍ ജംപിംഗ് കാസിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചതായും അപകടത്തെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് സ്വന്തം നിലയില്‍ അന്വേഷിക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കി. വര്‍ക്ക് സേഫ് ടാസ്മാനിയയും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
സ്‌കൂളില്‍ പ്രൈമറി വിഭാഗത്തിന്റെ അവസാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ബിഗ് ഡേ' എന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ അപകടം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വലിയ സന്തോഷത്തിലാണ് കുട്ടികളും മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. നിമിഷനേരം കൊണ്ടാണ് ആഹ്ലാദ പ്രകടനങ്ങള്‍ വലിയ ദുഃഖത്തിലേക്കു വഴിമാറിയത്.
നൂറുകണക്കിന് പ്രദേശവാസികളാണ് ഇന്നു രാവിലെ സ്‌കൂളിനു മുന്നില്‍ കുട്ടികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പൂക്കള്‍ സമര്‍പ്പിക്കാനെത്തിയത്. പലരും കുട്ടികളെേയാര്‍ത്ത് വിതുമ്പുന്നുണ്ടായിരുന്നു. ഇന്നു രാവിലെ ഡെവോണ്‍പോര്‍ട്ടിലെത്തി പ്രീമിയറും കുട്ടികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
ജീവന്‍ നഷ്ടപ്പെട്ട കുട്ടികള്‍ നമ്മെ അതീവദുഃഖത്തിലാഴ്ത്തുമ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നുവെന്ന് പീറ്റര്‍ ഗട്വെയ്ന്‍ പറഞ്ഞു.
ദുരന്തത്തില്‍ നടുക്കവും വേദനയും രേഖപ്പെടുത്തിയ പ്രധാനമന്ത്രി സ്‌കോട്ട്‌മോറിസണ്‍, എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.