ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കി.
വിടുതല്‍ ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണ കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി. ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് കോടതിയില്‍ വാദിച്ചു.വിചാരണ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതി നല്‍കുന്നതിനെയും രഞ്ജിത്ത് കുമാര്‍ എതിര്‍ത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.