ഡാളസ്: മരണം സ്ഥിരീകരിച്ച ശേഷം ഹൃദയം പുറത്തെടുത്ത് മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുന്ന അദ്യത്തെ ഡി.സി.ഡി (Donation after Cardiac Death) ശസ്ത്രക്രിയ വിജയകരമാക്കി ഡാളസിലെ മെഡിക്കല്‍ സിറ്റി ഹാര്‍ട്ട് ഹോസ്പിറ്റല്‍.
ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയക്കു മെഡിക്കല്‍ സിറ്റി ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വിധേയയായത് യോലാന്‍ഡ ട്രിപ്ലെറ്റ് എന്ന 50 കാരിയാണ്. സ്തനാര്‍ബുദത്തിനുള്ള ശക്തമായ ചികിത്സകളാല്‍ ഹൃദയം ഗുരുതരമായി തകരാറിലായി 2014 മുതല്‍ 'ട്രാന്‍സ്പ്ലാന്റ് പട്ടിക'യില്‍ ഉണ്ടായിരുന്നയാളാണ് ട്രിപ്ലെറ്റ്. പുതിയ ഹൃദയം സ്വീകരിച്ച് ഒരു ദിവസത്തിനുശേഷം തന്നെ കിടക്കയില്‍ നിന്ന് എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞ ട്രിപ്ലെറ്റ് വലിയ ആവേശത്തിലാണ്.
'വര്‍ഷങ്ങളായി അനുഭവിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഹ്‌ളാദമാണിത്. എനിക്ക് ഒരു പുതിയ ഹൃദയം ലഭിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍, ഞാന്‍ ഒരേ സമയം ആവേശഭരിതയും പരിഭ്രാന്തയുമായിരുന്നു. കാരണം ഞാന്‍ ഇതിനായി വളരെക്കാലം കാത്തിരുന്നയാളാണ്'- ട്രിപ്ലെറ്റ് പറഞ്ഞു. 'ഇത് ഒരിക്കലും കിട്ടില്ലെന്ന് കരുതി. സംഭവിച്ചപ്പോഴാകട്ടെ എന്നിലുണ്ടായത് പെട്ടെന്നുള്ള വലിയ മാറ്റമാണ്. ഈ അത്ഭുതകരമായ സമ്മാനത്തിന് ഞാന്‍ ഏറ്റവും നന്ദിയുള്ളവളാണ്.'
മസ്തിഷ്‌ക മരണത്തിനു ശേഷവും ദാതാവിന്റെ ഹൃദയത്തെ ഊഷ്മള രക്ത ചംക്രണം സാധ്യമാക്കി പ്രവര്‍ത്തനക്ഷമമാക്കുന്ന ട്രാന്‍സ്‌മെഡിക്‌സ് സംവിധാനത്തിലൂടെയാണ് ഡി.സി.ഡി ശൈലിയിലുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ 2020 ജനുവരിയില്‍ യു.എസില്‍ പ്രാബല്യത്തിലായി. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം ഡിസിഡി വഴി 30 ശതമാനം വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പ്രതീക്ഷ.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായുള്ള കാത്തരിപ്പ് അനന്തമായി നീളുമ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാകുന്ന രോഗികളുടെ എണ്ണം നിലവില്‍ ഏറെയാണെന്ന് മെഡിക്കല്‍ സിറ്റി ഹാര്‍ട്ട് ഹോസ്പിറ്റലിലെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്റെയും മെക്കാനിക്കല്‍ രക്തചംക്രമണ സപ്പോര്‍ട്ടിന്റെയും സര്‍ജിക്കല്‍ ഡയറക്ടര്‍ ഡോ.ബ്രയാന്‍ ലിമ പറഞ്ഞു. മാറ്റിവയ്ക്കുന്നതിനു ഹൃദയം കിട്ടാത്തതാണു പ്രശ്‌നം.പുതിയ നടപടിക്രമത്തിലൂടെ ദാതാക്കളുടെ എണ്ണം ഗണ്യമായി ഉയരുകയും അതു വഴി കൂടുതല്‍ മനുഷ്യജീവിതങ്ങളുടെ രക്ഷ ഉറപ്പാക്കാന്‍ തങ്ങളുടെ ടീമിന് അവസരം ലഭിക്കുകയും ചെയ്യുമെന്ന് ഡോ.ബ്രയാന്‍ ലിമ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചില മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഡിസിഡിയുടെ ധാര്‍മ്മിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.