കോവിഡ്: മൂന്നാം തരംഗ സാധ്യത തള്ളാനാവില്ലെന്ന് എയിംസ് മേധാവി

  കോവിഡ്: മൂന്നാം തരംഗ സാധ്യത തള്ളാനാവില്ലെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ബ്രിട്ടനില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാകണമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യു.കെയിലേതു പോലെ മോശം സാഹചര്യം വരാതിരിക്കട്ടെയെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. മൂന്നാം തരംഗം തള്ളിക്കളയാനാകില്ല. ഒമിക്രോണിനെക്കുറിച്ചു കൂടുതല്‍ വിവര ശേഖരണം നടത്തണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമ്പോള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നാം തയ്യാറായിരിക്കണം. പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനെടുക്കുക, ജാഗ്രത പാലിക്കുക തുടങ്ങിയ മുന്‍കരുതലാണ് ആകെ പ്രതിവിധിയെന്നും ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെങ്കിലും ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങള്‍ നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. ആദ്യ രണ്ട് കോവിഡ് തരംഗങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. മരുന്നുകള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ഈ വര്‍ഷത്തോടെ ഒറ്റ ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കും. 55.24 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്‌സിനുണ്ട്. പ്രതിമാസം 31 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.