സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഫാര്‍മസികളിലൂടെ ഇനി ഗര്‍ഭനിരോധന ഗുളികകള്‍ നേരിട്ടു വാങ്ങാനാകില്ല. രാജ്യത്തെ മെഡിസിന്‍ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് (ടി.ജി.എ) ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഫാര്‍മസികളിലൂടെ ഗര്‍ഭനിരോധന ഗുളികകള്‍ വില്‍ക്കുന്നതു നിരോധിച്ചത്.
ഒരു ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം ഗുളികകള്‍ വിതരണം ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്ന നിഗമനത്തെതുടര്‍ന്നാണ് ടി.ജി.എയുടെ തീരുമാനം. ഇത്തരം ഗുളികകള്‍ ഒരു ഡോക്ടര്‍ക്കു മാത്രമേ നിര്‍ദ്ദേശിക്കാനാവൂ എന്നാണ് ടി.ജി.എയുടെ അന്തിമ തീരുമാനം. ഗുളിക ഫാര്‍മസികളിലെ കൗണ്ടറിലൂടെ നേരിട്ടു വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ടിജിഎ നേരത്തെ തന്നെ ഇടക്കാല തീരുമാനം എടുത്തിരുന്നു.
പുതിയ നിര്‍ദേശപ്രകാരം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതേ മരുന്നാണ് കഴിക്കുന്നതെന്ന് തെളിയിച്ചാല്‍ മാത്രമേ ഒരു സ്ത്രീക്ക് ഇത്തരം ഗുളികകള്‍ ഫാര്‍മസികളിലൂടെ വില്‍ക്കാനാകൂ. ശരിയായ ഗുളികകളാണോ ഉപയോഗിക്കുന്നതെന്ന് അറിയാന്‍ ഫാര്‍മസിസ്റ്റിന് സ്ത്രീകളുടെ അഭിപ്രായം തേടാമെന്നും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡോക്ടര്‍ക്കരികിലേക്കു പറഞ്ഞുവിടാമെന്നും ടി.ജി.എ നിര്‍ദേശിക്കുന്നു.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുള്ള മറ്റു മരുന്നുകളുടെ കാര്യത്തില്‍ എന്നപോലെ ഗര്‍ഭനിരോധന ഗ ഗുളിക തീരുമ്പോള്‍ സ്ത്രീകള്‍ അവരുടെ ജനറല്‍ പ്രാക്ടീഷണറെ കണ്ട് കുറിപ്പടി തേടണം. ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യകരമാണോ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഒരു ഡോക്ടറാണെന്ന് ടി.ജി.എ നിര്‍ദേശിക്കുന്നു.
ടി.ജി.എയുടെ തീരുമാനത്തിനെതിരേ എതിര്‍പ്പുമായി ഫാര്‍മസി ഗില്‍ഡ് ഓഫ് ഓസ്ട്രേലിയ രംഗത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സ്ത്രീകള്‍ക്ക് ഗുളിക കഴിക്കാന്‍ കഴിയില്ലെന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു സ്ത്രീകളെ അപമാനിക്കുന്ന തീരുമാനമാണെന്നും സംഘടന വ്യക്തമാക്കി.
ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എ.എം.എ) പ്രസിഡന്റ് ഡോ. ഒമര്‍ ഖോര്‍ഷിദ് ടി.ജി.എയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സ്ത്രീകളും ഡോക്ടര്‍മാരും തമ്മിലാണു നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.