കൊളംബസ്:സുവിശേഷ പ്രവര്‍ത്തനത്തിനിടെ ഹെയ്തിയില്‍ മാസങ്ങളോളം തടവിലാക്കപ്പെട്ടിരുന്ന 12 അംഗ മിഷനറി സംഘം അതിസാഹസികമായി രക്ഷപ്പെട്ട് അമേരിക്കയില്‍ തിരിച്ചെത്തി. ഇരുട്ടിന്റെ മറവില്‍ കൊച്ചുകുട്ടികളെയും വഹിച്ചുകൊണ്ട് അപരിചിതമായ കാനന പാതയിലൂടെ ഒരു രാത്രി മുഴുവനെടുത്ത് പത്തു മൈലുകളോളം കാല്‍നടയാത്ര നടത്തിയാണ് സംഘം സുരക്ഷാ മേഖലയിലെത്തിയതെന്ന് അവര്‍ അംഗങ്ങളായുള്ള ക്രിസ്റ്റ്യന്‍ എയ്ഡ് മിനിസ്ട്രീസ് അറിയിച്ചു.
ഒക്ടോബര്‍ മധ്യത്തിലാണ് 16 അമേരിക്കക്കാരും ഒരു കനേഡിയനും ഉള്‍പ്പെട്ട സംഘത്തെ രാജ്യ തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സിനു കിഴക്ക് ഭാഗത്തുള്ള അനാഥാലയത്തിലെ ശുശ്രൂഷ കഴിഞ്ഞു മടങ്ങുമ്പോള്‍ '400 മാവോസോ' എന്നറിയപ്പെടുന്ന ഹെയ്തിയിലെ ഏറ്റവും ശക്തമായ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്.മിഷിഗണില്‍ നിന്നുള്ള ഒരു കുടുംബവുമുണ്ടായിരുന്നു സുവിശേഷകരില്‍. ബന്ദികളില്‍ അഞ്ചു പേര്‍ നേരത്തെ രക്ഷപ്പെട്ടു. മോചന ദ്രവ്യം വാങ്ങി ഇവരെ വിട്ടയച്ചതാണെന്ന് അഭ്യൂഹം പരന്നിരുന്നു.
രക്ഷപ്പെടാന്‍ ആസൂത്രണം ചെയ്ത നിരവധി ശ്രമങ്ങള്‍ പാളിയ ശേഷം ഡിസംബര്‍ 15 ന് സംഘം തടവറ മുറിയുടെ വാതില്‍ തകര്‍ത്ത് ഗാര്‍ഡുകള്‍ കാണാതെ ഇറങ്ങിപ്പോരുകയായിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍ വെള്ളക്കുപ്പികള്‍ എടുത്തിരുന്നു.10 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മറ്റൊരു മൂന്ന് വയസ്സുകാരനും രണ്ട് കൗമാരക്കാരും അടങ്ങുന്ന സംഘം കാടുകളിലൂടെയാണ് രാത്രി നടന്നത്, അക്രമികളുടെ സ്വാധീന മേഖലയില്‍. പിഞ്ചുകുഞ്ഞിനെ പുതപ്പിനുള്ളില്‍ പൊതിഞ്ഞു. മുള്‍പ്പടര്‍പ്പിലൂടെ വരുമ്പോള്‍ ദേഹം മുറിഞ്ഞിട്ടും കുട്ടികള്‍ കരഞ്ഞില്ലെന്നതാണദ്ഭുതം-ഒഹായോ ആസ്ഥാനമായുള്ള മിഷനറി ഗ്രൂപ്പിന്റെ വക്താവ് വെസ്റ്റണ്‍ ഷോവാള്‍ട്ടര്‍ ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു ബന്ദിക്ക് മില്യണ്‍ ഡോളര്‍ വീതം മോചനദ്രവ്യം ഭീകര സംഘം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനിടെ പണം സ്വരൂപിച്ചതായി മിഷനറി ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഇതുവരെ മോചനദ്രവ്യം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാക്കിയില്ല. മുമ്പ് ദരിദ്രമായ ജില്ലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘങ്ങള്‍ ഈയിടെ തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു. തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണ്.
ബന്ദികളെ ഭീഷണിപ്പെടുത്തിയെങ്കിലും സംഘാംഗങ്ങള്‍ ശാരീരികമായി ഉപദ്രവിച്ചില്ല. കരീബിയന്‍ ചൂടിനെ പ്രതിരോധിക്കാന്‍ സംഘത്തിന് പരിമിതമായി ഭക്ഷണവും ശുചിത്വ ഉല്‍പ്പന്നങ്ങളും ഫാനുകളും നല്‍കിയിരുന്നു. കുളിക്കാന്‍ നല്‍കിയ മലിന ജലം ദേഹത്ത് വ്രണമുണ്ടാക്കി.പലപ്പോഴും അവര്‍ക്കു വിശപ്പ് വല്ലാതെ സഹിക്കേണ്ടിവന്നുവെന്ന് ഷോള്‍ട്ടര്‍ പറഞ്ഞു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു.സുരക്ഷാ മേഖലയിലെത്തിയ ശേഷം ഹെയ്തിയില്‍ നിന്നു തന്നെയുള്ള മനുഷ്യ സ്‌നേഹികള്‍ ഫോണ്‍ സൗകര്യം ലഭ്യമാക്കി.തുടര്‍ന്നാണ് യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലേക്ക് പോരാന്‍ കഴിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.