ആന്റനാനറീവോ: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറില്‍ കടലില്‍ തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആഭ്യന്തര മന്ത്രി. കടലില്‍ 12 മണിക്കൂറോളം നീന്തിയാണ് ആഭ്യന്തര മന്ത്രിയും ഒപ്പം സഞ്ചരിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കരയ്‌ക്കെത്തിയത്. ക്ഷീണിതനായ മന്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. കടലില്‍ യാത്രാ ബോട്ട് മുങ്ങിയ ഭാഗത്ത് ഹെലികോപ്റ്റില്‍ വ്യോമനിരീക്ഷണം നടത്തുകയായിരുന്നു മന്ത്രി സെര്‍ജി ഗെല്ലെ അടക്കമുള്ള സംഘം. ബോട്ട് അപകടത്തില്‍ 39 പേരോളം മരിച്ചു.
ഹെലികോപ്റ്റില്‍ അപകടത്തില്‍പെട്ട രണ്ട് യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അവര്‍ രക്ഷപ്പെട്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 57 വയസുകാരനായ മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും അപകടമുണ്ടായ തിങ്കാഴ്ച്ച രാത്രി 7:30 മുതല്‍ ചൊവ്വാഴ്ച്ച രാവിലെ 7:30 വരെ നീന്തിയാണ് തീരദേശ പട്ടണമായ മഹാംബോയില്‍ എത്തിയത്.
എനിക്ക് മരിക്കാനുള്ള സമയമായില്ലെന്നാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ട ആഭ്യന്തര മന്ത്രി സെര്‍ജി ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞത്. രക്ഷപ്പെട്ട് കരയ്‌ക്കെത്തിയ ഉടനെയെടുത്ത വീഡിയോയില്‍ മിലിട്ടറി യൂണിഫോമിലാണു പ്രത്യക്ഷപ്പെടുന്നത്. തനിക്ക് പരിക്കുകളൊന്നും ഇല്ലെന്നും കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്ററിന്റെ സീറ്റുകളിലൊന്ന് ഉപയോഗിച്ച് നീന്തിയാണ് മന്ത്രി രക്ഷപ്പെട്ടതെന്നു പോലീസ് മേധാവി സഫിസംബത്ര റാവോവി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന് മികച്ച സ്റ്റാമിന ഉണ്ടായിരുന്നു. 30 വയസുകാരനെപ്പോലെയാണ് അദ്ദേഹം അപകടസമയത്ത് പ്രവര്‍ത്തിച്ചതെന്ന് പോലീസ് മേധാവി പറഞ്ഞു.
ഓഗസ്റ്റില്‍ മന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഗെല്ലെ മൂന്ന് പതിറ്റാണ്ട് പോലീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.