ഹൂസ്റ്റണ്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനു പിന്തുണ നല്‍കിയ യുവാവിന് നേരത്തെ നല്‍കിയ ചെറിയ ശിക്ഷയ്ക്കു പകരം 12 വര്‍ഷം കാരാഗൃഹ വാസം വിധിച്ച് ഹൂസ്റ്റണിലെ കോടതി. ടെക്‌സാസ് സ്വദേശിയായ ആഷര്‍ ആബിദ് ഖാനെ (27) യാണ് സര്‍ക്കാരിന്റെ അപ്പീല്‍ പ്രകാരം യു.എസ് ജില്ലാ ജഡ്ജി ചാള്‍സ് ആര്‍. എസ്‌ക്രിഡ്ജ് 12 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതെന്ന് ആക്ടിംഗ് അറ്റോര്‍ണി ജെന്നിഫര്‍ ബി. ലോറി അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് (ISIL) , ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് അല്‍-ഷാം ( ISIS ) എന്നീ പേരുകളിലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഭൗതിക പിന്തുണ നല്‍കിയതായി 2017 ഡിസംബര്‍ 4-ന് ആഷര്‍ ആബിദ് ഖാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, ശിക്ഷാ വിധി സംബന്ധിച്ച പതിവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാറ്റിനിര്‍ത്തിയ ജില്ലാ ജഡ്ജി ലിന്‍ എച്ച്. ഹ്യൂസ് 18 മാസത്തെ തടവാണ് തുടര്‍ന്നു വിധിച്ചത്. ഈ ശിക്ഷ പോരെന്ന വാദവുമായി സര്‍ക്കാര്‍ രണ്ടു തവണ അപ്പീല്‍ നല്‍കിയതോടെയാണ് ശിക്ഷാ വിധി കൂട്ടിയത്.
144 മാസത്തെ ഫെഡറല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ആഷര്‍ ആബിദ് ഖാനെ മോചിപ്പിച്ച ശേഷവും 15 വര്‍ഷം അധികൃതരുടെ മേല്‍നോട്ടമുണ്ടാകണമെന്ന് കോടതി ഉത്തരവായി. പ്രതിയുടെ നടപടി മൂലം ഒരു യുവാവ് മരിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ശക്തമായി അപലപിച്ചതും വാദത്തിനിടെ കോടതി പരാമര്‍ശിച്ചിരുന്നു.
ഓസ്ട്രേലിയയില്‍ താമസിക്കുമ്പോഴാണ് ആഷിദ് ഖാനും, ടെക്സാസില്‍ നിന്നുള്ള ഒരു സുഹൃത്തും ചേര്‍ന്ന് തുര്‍ക്കിയിലും, സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാനുള്ള പദ്ധതി തയ്യാറാക്കിയത്. താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ആഷിദ് ഖാന്‍ ഒരു റിക്രൂട്ടറോട് പറഞ്ഞതായും വ്യക്തമായിരുന്നു.ആഷിദ് ഖാനും സുഹൃത്തും തുര്‍ക്കിയില്‍ വച്ച് കണ്ടുമുട്ടിയെന്നും തന്റെ പദ്ധതികള്‍ അറിഞ്ഞ സുഹൃത്തിന് പണം നല്‍കിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാട്ടിലെത്തിയപ്പോഴും ഐ എസ്, റിക്രൂട്ടറുമായി ആഷിദ് ഖാന്‍ ബന്ധപ്പെട്ടിരുന്നു .
'ഐഎസിന് വേണ്ടി അക്രമാസക്തമായ ജിഹാദ് നടത്താന്‍ ശ്രമിക്കുന്നത് ഗുരുതരമായ നടപടിയാണ്. അത് ശക്തമായ പ്രോസിക്യൂഷന്‍ അര്‍ഹിക്കുന്നു,' ആക്ടിംഗ് അറ്റോര്‍ണി ലോറി പറഞ്ഞു. 'ഇപ്പോള്‍ വിധിച്ച ശിക്ഷ ഖാന്‍ ഉള്‍പ്പെട്ട കുറ്റകൃത്യത്തിന്റെ ഗൗരവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.ഇവിടെയോ വിദേശത്തോ വിദേശ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവരെ തടയാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്സ്, നാഷണല്‍ സെക്യൂരിറ്റി ഡിവിഷന്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് ഫലപ്രദമായി തുടരും.'
'എല്ലാത്തരം ഭീകരതയ്ക്കെതിരെയും പോരാടാനുള്ള ഞങ്ങളുടെ ദൗത്യത്തോടുള്ള ഹൂസ്റ്റണിലെ എഫ്ബിഐയുടെ അചഞ്ചലമായ സമര്‍പ്പണം ഉയര്‍ത്തിക്കാട്ടുന്ന ഒരു നീണ്ട തീവ്രവാദ വിരുദ്ധ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ ഫലം സൂചിപ്പിക്കുന്നത്,' എഫ്ബിഐ ആക്ടിംഗ് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് റിച്ചാര്‍ഡ് എ കൊളോഡി പറഞ്ഞു. 'വിദേശത്ത് ഐഎസിനു വേണ്ടി പോരാടാനും മരിക്കാനും മറ്റുള്ളവരെ റിക്രൂട്ട് ചെയ്യാനും യാത്രാ സൗകര്യമൊരുക്കാനും തീവ്രവാദത്തിന് ഭൗതിക പിന്തുണ നല്‍കിയതിന് ഖാന്‍ കുറ്റസമ്മതം നടത്തി. ഇന്നത്തെ ശിക്ഷ ഖാന്റെ പ്രവൃത്തികള്‍ക്ക് ആനുപാതികമായ നീതി നല്‍കുന്നു.'
ഖാനെ തിരിച്ചെത്തിച്ചത്
കുടുംബത്തിന്റെ തന്ത്രം
2014-ല്‍ സൗത്ത് ടെക്സാസില്‍ താമസിക്കുന്ന ഖാനും സുഹൃത്തും ഐഎസിനു വേണ്ടി യുദ്ധം ചെയ്യുന്നതിനായി തുര്‍ക്കിയിലേക്കും തുടര്‍ന്ന് സിറിയയിലേക്കും പോകാനുള്ള പദ്ധതി തയ്യാറാക്കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഓസ്ട്രേലിയയില്‍ ഒരു ബന്ധുവിനൊപ്പം താമസിച്ചുവരികയായിരുന്നു ഖാന്‍. അവിടെ നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, തുര്‍ക്കി ആസ്ഥാനമായുള്ള വിദേശ തീവ്രവാദ പോരാട്ട സഹായിയായ മുഹമ്മദ് സുഹ്ബിയോട് താന്‍ ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഖാന്‍ പറഞ്ഞു.
ഖാന്‍ തന്റെ സൗത്ത് ടെക്‌സാസ് സുഹൃത്തിന് യാത്രയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. 2014 ഫെബ്രുവരി 24-ന് ഖാനും സുഹൃത്തും തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കണ്ടുമുട്ടി. ആ സമയത്ത്, ഖാന്‍ സുഹൃത്തിന് പണം നല്‍കി. സിറിയയിലേക്ക് പോകാനും ഐഎസില്‍ ചേരാനും യുദ്ധം ചെയ്യാനുമുള്ള അയാളുടെ ഉദ്ദേശ്യം മനസ്സിലാക്കിയാണു സഹായിച്ചത്. ഇതിനിടെ 'അമ്മയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി' കുടുംബം സന്ദേശമയച്ചപ്പോള്‍ ഖാന്‍ അമേരിക്കയിലേക്ക് മടങ്ങി.ബന്ധുക്കളുടെ തന്ത്രമായിരുന്നു അതിനു പിന്നില്‍.
ഖാന്‍ യുഎസിലേക്ക് മടങ്ങിയെങ്കിലും സുഹൃത്തിനെ മുഹമ്മദ് സുഹ്ബിക്കു പരിചയപ്പെടുത്തി; പണവും എത്തിച്ചു. 2014 ആഗസ്റ്റ് 11 ന് അയാള്‍ സുഹ്ബി മുഖേന ഐഎസില്‍ ചേര്‍ന്ന് യുദ്ധ പരിശീലനം നേടി. 2014 സെപ്റ്റംബറിന് ശേഷം അയാളില്‍ നിന്നുള്ള എല്ലാ ആശയവിനിമയങ്ങളും നിലച്ചു. 2014 ഡിസംബര്‍ 25 ന്, തന്റെ മകന്‍ പോരാട്ടത്തിനിടെ മരിച്ചുവെന്ന വിവരവുമായി ഒരു ഇലക്ട്രോണിക് സന്ദേശം സുഹൃത്തിന്റെ അമ്മയ്ക്ക് ലഭിച്ചു.
എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്സാണ് കേസിന്റെ അന്വേഷണം നടത്തിയത്. എന്‍എസ്ഡിയുടെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ ട്രയല്‍ അറ്റോര്‍ണി റെബേക്ക മഗ്നോണിന്റെ സഹായത്തോടെ അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണിമാരായ കരോലിന്‍ ഫെര്‍ക്കോയും അലംദാര്‍ ഹംദാനിയും നിയമ നടപടികള്‍ക്കു നേതൃത്വം നല്‍കി. നാഷണല്‍ സെക്യൂരിറ്റി ഡിവിഷന്‍ (NSD) അപ്പലേറ്റ് അറ്റോര്‍ണി ഡാനിയേല്‍ ടാറിന്‍, അസിസ്റ്റന്റ് അറ്റോര്‍ണി അന്ന കല്ലൂരി എന്നിവര്‍ അപ്പീല്‍ കൈകാര്യം ചെയ്തു.ഓസ്ട്രേലിയന്‍ അധികൃതര്‍ സുഹ്ബിയെ പ്രോസിക്യൂട്ട് ചെയ്തുവരികയാണ്. അയാള്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കസ്റ്റഡിയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.