കൊരിനാൾഡോ ദുരന്തത്തിൽപെട്ടവരെ സ്വാന്തനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

കൊരിനാൾഡോ ദുരന്തത്തിൽപെട്ടവരെ  സ്വാന്തനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

2018 ഡിസംബർ എട്ടിന് കൊരിനാൾഡോ നഗരമധ്യത്തിലെ ഡിസ്കോ നൃത്തശാലയിൽ ഉണ്ടായ ദുരന്തത്തിൽ അഞ്ച് യുവാക്കളും ഒപ്പം ഒരു അമ്മയും ദാരുണമായി മരണപ്പെടുകയുണ്ടായി. സംഭവത്തിന്റെ മങ്ങാത്ത സ്മരണയിലാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ സെപ്റ്റംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്.

 പ്രായപൂർത്തിയാകാതെ അകാലത്തിൽ ഈ ലോകത്തിൽ നിന്നും വേർപിരിഞ്ഞ കുട്ടികളുടെയും അവരോടൊപ്പം കൂട്ടു പോയ അമ്മയുടെയും മരണം തന്റെ മനസ്സിൽ മായാതെ നിൽക്കുകയാണെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ പ്രസ്താവിച്ചു. എല്ലാ ശനിയാഴ്ചകളിലും നിശാനൃത്തശാലയിൽ നടക്കാറുള്ള സംഗീത-നൃത്ത പരിപാടിക്കിടെ ജനം തിങ്ങിനിൽക്കുന്ന ഹാളിൽ സാമൂഹികവിരുദ്ധർ ആക്രമിച്ച് കടന്ന് കുരുമുളക് വെള്ളം സ്പ്രേ ചെയ്തതിനെതുടർന്നുണ്ടായ തിക്കിലും തിരക്കിലും ആണ് ഈ ദുരന്തം അപ്രതീക്ഷിതമായി കടന്നു വന്നത്.

ഈ ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നിയമപരമായി നടപടികൾ സ്വീകരിച്ച് ദ്രുതഗതിയിൽ നീതി നടപ്പാക്കണമെന്നും ഈ കുടുംബാംഗങ്ങളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. മദ്ധ്യ ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന കൊരിനാൾഡോ, ലോരോതിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തീർത്ഥാടന സ്ഥലത്തുനിന്നും വിദൂരമല്ല. എന്നും "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ" എന്ന് പ്രാർത്ഥിക്കാറുള്ള ഈ വ്യക്തികൾ പരിശുദ്ധ കന്യാമറിയത്തിന്റെ സഹായത്തോടെ സ്വർഗ്ഗത്തിൽ സ്ഥാനമുറപ്പിച്ചതായി താൻ വിശ്വസിക്കുന്നതായും മാർപാപ്പ പറഞ്ഞു. തന്നെ കാണുവാൻ എത്തിയ കൊരിനാൾഡോയിലെ മെത്രാനും വൈദികർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ സാന്ത്വന വചസ്സുകൾ അവസാനിപ്പിച്ചത്.

Bro. Sebastian Thengumpallil


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26