പോണേക്കര ഇരട്ടക്കൊല: പ്രതിറിപ്പര്‍ ജയാനന്ദന്‍; അറസ്റ്റ് 17 വര്‍ഷത്തിന് ശേഷം

പോണേക്കര ഇരട്ടക്കൊല: പ്രതിറിപ്പര്‍ ജയാനന്ദന്‍; അറസ്റ്റ് 17 വര്‍ഷത്തിന് ശേഷം

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധ സഹോദരങ്ങള്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പര്‍ ജയാനന്ദന്‍ പ്രതി. 74 കാരിയേയും സഹോദരനെയും കൊന്ന് 40 പവന്‍ കവര്‍ന്ന കേസിലാണ് 17 വര്‍ഷത്തിന് ശേഷം പ്രതിയെ തിരിച്ചറിയുന്നത്. 2004ല്‍ ആയിരുന്നു കൊലപാതകം. എഡിജിപി എസ് ശ്രീജിത്താണ് വാര്‍ത്താസമ്മേളനത്തിലൂടെ കേസിലെ പുതിയ കണ്ടെത്തല്‍ അറിയിച്ചത്.

ഇരട്ടക്കൊലപാതകങ്ങള്‍ ഉള്‍പ്പെടെ എട്ടോളം കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജയാനന്ദന്‍ നിലവില്‍ ജയിലിലാണ്. 14 കവര്‍ച്ചാ കേസുകളിലും ഇയാള്‍ പ്രതിയാണ്. നേരത്തെ രണ്ട് തവണ ജയാനന്ദന്‍ ജയില്‍ ചാടിയിരുന്നു. പുത്തന്‍വേലിക്കര കൊലപാതകത്തില്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 74-കാരിയുടെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. മൂക്ക് പൊട്ടിയനിലയിലായിരുന്നു. 60-കാരന്റെ തലയുടെ പിറകിലായി ഒമ്പത് മുറിവുകളും കണ്ടെത്തി. ഇരുവരുടെയും തലയ്‌ക്കേറ്റ മാരക മുറിവുകളാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊലപാതകത്തിന് ശേഷം 74-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയ കേസില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജയാനന്ദന്‍ സഹതടവുകാരനോട് മനസ് തുറന്നതാണ് വഴിത്തിരിവായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.