8,000 വര്‍ഷം ഇസ്രയേല്‍ വിടുന്നതിന് ഓസ്‌ട്രേലിയന്‍ പൗരന് വിലക്ക്; കോടതി വിധി വിവാഹമോചനക്കേസില്‍

8,000 വര്‍ഷം ഇസ്രയേല്‍ വിടുന്നതിന് ഓസ്‌ട്രേലിയന്‍ പൗരന് വിലക്ക്; കോടതി വിധി വിവാഹമോചനക്കേസില്‍

ജെറുസലേം: ഇസ്രായേല്‍ യുവതിയില്‍നിന്നു വിവാഹ മോചനം നേടിയ ഓസ്‌ട്രേലിയന്‍ പൗരന് 8000 വര്‍ഷത്തേക്കു യാത്രാവിലക്കുമായി കോടതി വിധി. 44 വയസുകാരനായ നോം ഹുപ്പെര്‍ട്ടിനെതിരെയാണ് ഇസ്രയേല്‍ കോടതി വിധി പ്രഖ്യാപിച്ചത്്. വിവാഹ മോചന കേസ് പരിഗണിക്കവേയാണ് യുവാവിന് ഇത്തരത്തില്‍ വിചിത്രമായ വിധി നേരിടേണ്ടിവന്നത്.

കോടതി ഉത്തരവ് അനുസരിച്ച് 9999 ഡിസംബര്‍ 31 വരെ ഇസ്രയേലില്‍നിന്ന് പോകാന്‍ നോം ഹുപ്പെര്‍ട്ടിന് അനുമതിയില്ല. ഈ നിബന്ധനയില്‍ നിന്ന് മാറ്റം വരണമെങ്കില്‍ മൂന്ന് മില്യണ്‍ ഡോളര്‍ (18.19 കോടി രൂപ) കുട്ടികളുടെ ചെലവിനായി ഇയാള്‍ അടയ്ക്കണം.

ഇസ്രയേലിലേക്കു ഭാര്യ താമസം മാറ്റിയശേഷം ഒരു വര്‍ഷം കഴിഞ്ഞ് 2012-ലാണ് ഹുപ്പെര്‍ട്ട് കുട്ടികളെ കാണാനായി ഇസ്രയേലിലെത്തിയത്. ഈ സമയത്ത് മൂത്ത കുട്ടിക്ക് അഞ്ച് വയസും രണ്ടാമത്തെ കുട്ടിക്ക് മൂന്ന് മാസം മാത്രവുമായിരുന്നു പ്രായമുണ്ടായിരുന്നത്.

ഇസ്രയേലി കോടതിയില്‍ ഹുപ്പെര്‍ട്ടിനെതിരെ ഭാര്യ വിവാഹമോചന കേസ് നല്‍കിയിരുന്നു. 2013-ലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ കോടതി വിധി വന്നത്. ഹുപ്പെര്‍ട്ട് ഇസ്രയേലില്‍ തുടരണമെന്നും കുട്ടികള്‍ക്ക് 18 വയസാകുന്നതു വരെ 5000 ഇസ്രയേലി ഷെക്കല്‍സ് (1.20 ലക്ഷം രൂപ) പ്രതിമാസം നല്‍കണമെന്നും ഉത്തരവിട്ടു. ജോലി സംബന്ധമായോ അവധിക്കോ പോലും രാജ്യം വിടാന്‍ ഹുപ്പെര്‍ട്ടിന് അനുമതിയില്ല.

'2013 മുതല്‍ താന്‍ ഇസ്രയേലില്‍ കുടുങ്ങി കിടക്കുകയാണ്'-പ്രദേശിക മാധ്യമത്തോട് അടുത്തിടെ ഹുപ്പെര്‍ട്ട് വെളിപ്പെടുത്തി. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അനലിറ്റിക്കല്‍ കെമിസ്റ്റാണ് ഹുപ്പെര്‍ട്ട്.

ഇസ്രയേലിലെ വിവാഹമോചന നിയമപ്രകാരം സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ പിതാവിന്റെ മേല്‍ യാത്രവിലക്ക് ഏര്‍പ്പെടുത്താനാകും. ഇതുകൂടാതെ കുട്ടികള്‍ക്കു ലഭിക്കേണ്ട പണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാം. വിവാഹമോചിതരാവുന്ന പുരുഷന്മാര്‍ തങ്ങളുടെ വരുമാനത്തിന്റെ നൂറു ശതമാനത്തില്‍ അധികം തുകയും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നല്‍കേണ്ടി വരാറുണ്ട്. മാസം തോറും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ 21 ദിവസത്തെ തടവ് ശിക്ഷയും പുരുഷന്മാര്‍ നേരിടേണ്ടതുണ്ട്. ഈ നിയമം മൂലം ഇസ്രയേലില്‍ കുടുങ്ങിയിട്ടുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ മരിയന്‍ അസീസി പ്രതികരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.