ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം കൂടുന്നു: ആകെ രോഗബാധിതര്‍ 653; ആഗോള തലത്തിലും രോഗം പടരുന്നു, 11,500 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം കൂടുന്നു: ആകെ രോഗബാധിതര്‍ 653; ആഗോള തലത്തിലും രോഗം പടരുന്നു, 11,500 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 75 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 653 ആയി ഉയര്‍ന്നു. 167 പേര്‍ രോഗികളായുള്ള മഹാരാഷ്ട്രയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 165 പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്.

ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് കേരളം. 57 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തെലങ്കാനയില്‍ 55 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ 46, തമിഴ്നാട്ടില്‍ 34, കര്‍ണാടകയില്‍ 31, മധ്യപ്രദേശില്‍ ഒമ്പത്, ഒഡീഷയില്‍ എട്ട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ആഗോള തലത്തില്‍ 11,500 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ക്രിസ്മസ് അവധി ആഘോഷിച്ച് മടങ്ങിപ്പോകുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചത് ജീവനക്കാരുടെ കുറവിനും കാരണമായതായി വിമാനക്കമ്പനികള്‍ പറയുന്നു. പതിനായിരക്കണക്കിന് വിമാന സര്‍വീസുകള്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്.

ക്രിസ്മസ് ആഘോഷത്തിന് ശേഷം ജോലിയിലും മറ്റും പ്രവേശിക്കാന്‍ കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്ത തിങ്കളാഴ്ച മാത്രം 3000 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച 1,100 സര്‍വീസുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് അമേരിക്ക ഇളവ് പ്രഖ്യാപിച്ചു. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ പിരീഡ് പത്തുദിവസത്തില്‍ നിന്ന് അഞ്ചുദിവസമാക്കി. കൂടുതല്‍ ആളുകള്‍ നാട്ടില്‍ തിരിച്ചെത്താന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.