കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ ചരിത്രപ്രസിദ്ധമായ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രതിഷേധക്കാര്‍. തീപിടിത്തത്തില്‍ പൈതൃക കെട്ടിടത്തിന്റെ പ്രവേശന കവാടം പൂര്‍ണമായും കത്തിനശിച്ചു. 1927-ല്‍ നിര്‍മിച്ച കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളാണ് സംഭവിച്ചത്.
അബോര്‍ജിനല്‍സിന്റെ പ്രതിഷേധ സമരത്തിനിടെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടനെ കെട്ടിടത്തിനുള്ളില്‍നിന്നു തൊഴിലാളികളെ ഒഴിപ്പിച്ചതിനാല്‍ ആളപായമുണ്ടായില്ല. അടിയന്തര സേവനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തം ഒഴിവായി. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തീപിടിത്തം എങ്ങനെ ആരംഭിച്ചു എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഇപ്പോള്‍ മ്യൂസിയം ഓഫ് ഓസ്ട്രേലിയന്‍ ഡെമോക്രസിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സ്ഥലം കൂടിയാണിത്. കനത്ത പോലീസ് കാവലിലാണ് ഈ പരിസരം. പ്രതിഷേധക്കാരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിനു തീപിടിത്തമുണ്ടാകുന്നത്. മുന്‍കരുതലെന്ന നിലയില്‍ കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ തുടര്‍ച്ചയായി പ്രതിഷേധ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നു ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 21 നും കെട്ടിടത്തിനു മുന്‍ഭാഗത്ത് തീപിടിച്ചിരുന്നു. ഒരു സംഘം ആളുകള്‍ വാതിലിനു സമീപം ആചാരപരമായി തീ കത്തിച്ചതോടെയാണ് അന്ന് തീപിടിച്ചത്. അന്നു മുതല്‍ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ച്ചയായി രണ്ടു തവണ തീപിടിത്തമുണ്ടായത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കാന്‍ബറയിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടം കത്തിനശിച്ച നിലയില്‍
സംഭവത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണം എന്നാണ് പലരും സംഭവത്തെ വിശേഷിപ്പിച്ചത്.
കെട്ടിടത്തിന് തീയിടുന്നത് നിയമാനുസൃതമായ പ്രതിഷേധമല്ല. അത് കുറ്റകരവും അതീവ ഗൗരവമേറിയതുമാണെന്ന് ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്സ് ട്വീറ്റ് ചെയ്തു.
പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചുമതലയുള്ള മന്ത്രി ബെന്‍ മോര്‍ട്ടണ്‍ സംഭവത്തെ അപലപിച്ചു. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
1988-ലാണ് ക്യാപിറ്റല്‍ ഹില്ലിലെ പുതിയ മന്ദിരത്തിലേക്ക് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മാറുന്നത്. പഴയ പാര്‍ലമെന്റ് ഹൗസ് മ്യൂസിയമായും ദേശീയ പൈതൃക മേഖലയായും നിലനിര്‍ത്തി. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.