തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മുതല്‍ അഞ്ചാം സെമസ്റ്റര്‍ വരെ തോറ്റ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു. ഡിഗ്രി തോറ്റവര്‍ക്ക് പിജി പ്രവേശനം നല്‍കിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ വി സി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കാലടിയില്‍ ബിഎ തോറ്റവര്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയെന്ന വാര്‍ത്തയെ പൂര്‍ണ്ണമായും തള്ളിയായിരുന്നു സര്‍വ്വകലാശാലയുടെ വിശദീകരണം. സര്‍വ്വകലാശാലയുടെ അന്തസ് താഴ്ത്തിക്കെട്ടാനാണ് ശ്രമമെന്നായിരുന്നു രജിസ്ട്രാര്‍ ഇറക്കിയ പ്രസ്താവന. എന്നാല്‍ വിസിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണം ഡിഗ്രി തോറ്റവര്‍ക്ക് ചട്ടം ലംഘിച്ച് പിജിക്ക് പ്രവേശനം നല്‍കിയെന്ന് കണ്ടെത്തുകയായിരുന്നു.
സംസ്‌കൃതം ന്യായത്തില്‍ ബിഎ ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംഎക്ക് പ്രവേശനം നല്‍കിയിരുന്നു. വ്യാകരണത്തില്‍ ഒന്നും അഞ്ചും സെമസ്റ്റര്‍ തോറ്റ രണ്ട് കുട്ടികള്‍ക്കും സാഹിത്യത്തില്‍ നാലാം സെമസ്റ്റര്‍ തോറ്റ കുട്ടിക്കും എംഎക്ക് പ്രവേശനം നല്‍കി. ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ആറും ഏഴും എട്ടും സെമസ്റ്റര്‍ തോറ്റ കുട്ടിക്കും പിജി പ്രവേശനം കിട്ടി. സര്‍വ്വകലാശാല ആസ്ഥാനത്തും തിരുവനന്തപുരം, ഏറ്റുമാനൂര്‍, കേന്ദ്രങ്ങളിലുമാണ് ചട്ടം ലംഘിച്ചുള്ള പ്രവേശനം നടന്നത്.
ഡിഗ്രി തോറ്റ് പിജിക്ക് പ്രവേശനം നേടിയവരെ പുറത്താക്കിയതായി വിസി ഡോ. എന്‍ കെ ജയരാജ് വ്യക്തമാക്കി. ചട്ടവിരുദ്ധമായി പ്രവേശനം നടത്തിയവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും വി സി അറിയിച്ചു. കാലടിയില്‍ ബിരുദം അവസാന സെമസ്റ്റര്‍ പരീക്ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിജി പ്രവേശന പരീക്ഷ എഴുതാം. പക്ഷെ ഇവര്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ പാസായിരിക്കണം. പിജിക്ക് പ്രവേശനം നേടിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ അവസാന സെമസ്റ്റര്‍ ജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.