സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് പരിശോധനയ്ക്കായി 26 മണിക്കൂറോളം കാത്തിരുന്ന് യുവതി. നിക്കി ടെയ്ലര്‍ എന്ന യുവതിയാണ് ന്യൂ സൗത്ത് വെയില്‍സിലെ മാക്‌സ്വില്ലെയിലെ ഒരു ക്ലിനിക്കില്‍ ഒരു ദിവസത്തിലധികം പരിശോധന നടത്താനായി കാത്തിരുന്ന ദുരിതം പങ്കുവച്ചത്. ഒമ്പത് മണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്ന ശേഷം കാറില്‍ ബാക്കി സമയം ചെലവഴിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം ബോവ്വില്ലില്‍ ക്രിസ്മസ് ചെലവഴിച്ച 33 വയസുകാരിയായ യുവതിക്ക് അടുത്ത ദിവസം നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ജോലിക്കു പ്രവേശിക്കാനാണ് കോവിഡ് പരിശോധന ആവശ്യമായി വന്നത്.
പരിശോധനാ കേന്ദ്രത്തിന് സമീപമുള്ള ടോയ്ലറ്റുകള്‍ പൂട്ടിയിരിക്കുന്നതിനാല്‍ കാത്തിരിപ്പ് ഏറെ പ്രയാസകരമായിരുന്നെന്ന് നിക്കി ടെയ്ലര്‍ പറഞ്ഞു. മൂത്രം ഒഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് പോലും നിര്‍ത്തി. ഇത് വലിയ പീഡനമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന ക്രിസ്മസിനും പുതുവത്സരത്തിനും ഇടയ്ക്കുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള പല കോവിഡ് പരിശോധനാ ക്ലിനിക്കുകളും അടച്ചുപൂട്ടുകയോ കുറച്ചു സമയം മാത്രം പ്രവര്‍ത്തിക്കുകയോ ആണ് ചെയത്ത്. നിക്കിയുടെ വീടിന് സമീപം മാക്സ്വില്ലെയിലെ പബ്ലിക് ടെസ്റ്റിംഗ് ക്ലിനിക്ക് മാത്രമാണ് തുറന്നിരുന്നത്.
കോവിഡ് പരിശോധനാ കേന്ദ്രത്തിനു പുറത്തെ നീണ്ട ക്യൂ
പരിശോധനയ്ക്കായി ആളുകള്‍ക്ക് ഇത്തരത്തില്‍ നീണ്ട സമയം കാത്തിരിക്കേണ്ടി വരുന്നതില്‍ പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് ക്ഷമാപണം നടത്തി. ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 157,000-ലധികം പരിശോധനകളാണു നടത്തിയത്. ഇത് അമിത സമ്മര്‍ദമാണ് ക്ലിനിക്കുകളില്‍ സൃഷ്ടിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ഇതാദ്യമായല്ല. കോവിഡിന്റെ ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ട സമയത്തും പ്രതിദിനം 150,000 നും 160,000 നും ഇടയില്‍ ടെസ്റ്റുകള്‍ പതിവായി നടന്നിരുന്നു.
കോവിഡ് പോസിറ്റീവ് കേസുകളുടെ ഔദ്യോഗിക എണ്ണം കൃത്യമല്ലെന്ന് എമര്‍ജന്‍സി ഫിസിഷ്യന്‍ മൈക്കല്‍ വു പറഞ്ഞു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളില്‍ കോവിഡ് പോസിറ്റീവായ നിരവധി പേര്‍ക്ക് പല കാരണങ്ങളാല്‍ പിസിആര്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്റെ കൈവശമുള്ള കോവിഡ് കേസുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്.
കോവിഡ് പരിശോധനാ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലും യാത്രക്കാര്‍ക്കുള്ള പിസിആര്‍ പരിശോധന ഒഴിവാക്കണമെന്നും നിക്കി ടെയ്ലര്‍ പറയുന്നു. നീണ്ട കാത്തിരിപ്പ് ആളുകള്‍ക്ക് വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു. പരിശോധനാ ഫലങ്ങള്‍ക്കായി ആറ് ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വ്യാപകമാക്കണമെന്നും അത് സൗജന്യമാക്കണമെന്നും നിക്കി ആവശ്യപ്പെട്ടു.
സൗത്ത് ഓസ്ട്രേലിയ ഇതിനകം തന്നെ യാത്രക്കാര്‍ക്കുള്ള പിസിആര്‍ പരിശോധന ഒഴിവാക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മാത്രമേ ആവശ്യമുള്ളൂവെന്ന് കഴിഞ്ഞ ദിവസം ക്വീന്‍സ് ലന്‍ഡും പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.