തിരുവനന്തപുരം: തേങ്ങയ്ക്ക് വിലയിടിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് കിലോഗ്രാമിന് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും. കൃഷി മന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.
നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കേരഫെഡ്, നാളികേരവികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതലസമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാൻ കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സർക്കാർ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 32 രൂപയാണ് നിശ്ചയിച്ചതെങ്കിലും വിപണിയിൽ കർഷകർക്ക് 29 രൂപയാണ് കിട്ടുന്നത്. കൊപ്രയ്ക്ക് 10,590 രൂപ താങ്ങുവിലയുണ്ടെങ്കിലും 10,000 രൂപയാണ് കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി പി. പ്രസാദ് അടിയന്തരയോഗം വിളിച്ചത്.
കാർഷികോത്പാദന കമ്മിഷണർ ടിങ്കു ബിസ്വാൾ, കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ അനില മാത്യു, കേരഫെഡ് മാനേജിങ് ഡയറക്ടർ ആർ. അശോക്, നാഫെഡ്, നാളികേരവികസന കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.