ചിന്താമൃതം; നന്മയുടെ പയർ മണികൾ

ചിന്താമൃതം; നന്മയുടെ പയർ മണികൾ

വൈകുന്നേരം പറമ്പിൽ അപ്പൻ കിളച്ച് പാകമാക്കിയ മണ്ണിൽ പയർ വിത്തുകൾ പാകുമ്പോൾ ഉണ്ണിക്കുട്ടനെയും 'അമ്മ കൂടെ കൂട്ടി. അത്താഴം കഴിച്ച് ഉറങ്ങും മുൻപ് അവൻ അമ്മയോട് ചോദിച്ചു, "അമ്മെ ഇപ്പോൾ ആ പയർ മുളച്ച് ചെടിയായി കാണുമോ? 'അമ്മ മറുപടി പറഞ്ഞു, "ഇല്ല അത് നാളെയെ മുളയ്ക്കൂ" അമ്മയുടെ വാക്കുകൾ അവനത്ര വിശ്വാസം വന്നില്ല.

"അമ്മേ, നമുക്ക് വിളക്കുമായി ഒന്ന് പോയി നോക്കിയാലോ?, മറുപടിയായി അച്ഛന്റെ ശകാരം, "ഉണ്ണീ കിടന്നുറങ്ങു, രാത്രിയായി ഇപ്പോൾ എങ്ങും പോകണ്ട അടങ്ങി കിടക്കാൻ നോക്ക്."

എന്നിട്ടും അവൻ അമ്മയോട് അടക്കം ചോദിച്ചു, "അമ്മേ, അതെപ്പോഴാ മുളച്ച് പൊങ്ങുന്നത്? " അതാർക്കും അറിയില്ല ഉണ്ണീ, വളരെ സാവധാനം പയർ വിത്തിന്റെ തോട് പൊട്ടിച്ച് പച്ച മുകളം പുറത്തേക്ക് വരും, പിന്നെ അത് മണ്ണിനിടയിലൂടെ വേരായി തണ്ടായി സാവധാനം പുറത്തേക്ക് വരും."'അമ്മ അവനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.

പയറിന്റെ ഉള്ളിൽ നിന്ന് തോട് പൊട്ടിച്ച് പച്ച മുകുളം പുറത്തേക്ക് വരുന്നത് ഭാവനയിൽ കണ്ട് അന്ന് രാത്രിയിൽ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. അതിരാവിലെ അവൻ മുത്തച്ഛനേയും കൂട്ടി പയർ വിത്തുകൾ പാകിയ സ്ഥലത്ത് ചെന്ന് നോക്കി, പച്ചപ്പ് പുറത്തേക്ക് വന്നില്ല. അവനാകെ സങ്കടമായി.

ഇടയ്ക്കിടെ ഉണ്ണി പയർ പാകിയ സ്ഥലത്ത് ചെന്ന് നോക്കും, പക്ഷെ പയറിന്റെ തണ്ട് എപ്പോഴാണ് മുളച്ച് മണ്ണിന്റെ പുറത്തേക്ക് വന്നതെന്ന് അവന് മനസിലായില്ല. അതിന്റെ സ്വാഭാവിക വളർച്ച തനിക്ക് മനസിലാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവ് അവന് നൽകിയത് അവന്റെ മുത്തച്ഛനാണ്.

പലപ്പോഴും മനുഷ്യ വ്യക്തികളുടെ ഉള്ളിൽ വിതയ്ക്കപെടുന്ന നന്മ-തിന്മകളുടെ വിത്തുകൾ എപ്പോഴാണ് പുറത്തേക്ക് വരുന്നത്, അത് എത്രമാത്രം വളരും, നമ്മെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നൊന്നും നമുക്ക് കാണാനോ തിരിച്ചറിയാനോ കഴിയില്ല.

അറിയാതെ പല സാഹചര്യങ്ങളിലും നമ്മുടെ ഉള്ളിൽ നന്മയ്‌ക്കൊപ്പം, തിന്മയുടെ വിത്തുകളും വിതറപ്പെടുന്നുണ്ട്. അത് സിനിമയിലൂടെ, കഥകളിലൂടെ, മാധ്യമങ്ങളിലൂടെ, ചില വ്യക്തികളിലൂടെ ഒക്കെ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഏതായാലും നമ്മുടെ ഉള്ളിൽ നാം അറിഞ്ഞോ അറിയാതെയോ വിതയ്ക്കപ്പെട്ട തിന്മയുടെ വിത്തുകളും ചെടികളും ചുവടെ പറിച്ച് കളയാനും, ഇനിയും പാഴ് വിത്തുകൾ വിതറപ്പെടാതിരിക്കാനും നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം.

പുതുവർഷത്തിൽ നന്മയുടെ വിത്തുകൾ വിതറുന്നവരാകാൻ നമുക്ക് ശ്രമിക്കാം. വായനക്കാർക്ക് നന്മയും സമാധാനവും നിറഞ്ഞ നാളുകൾ നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.