പ്ലാസ്റ്റിക് നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി ഫ്രാന്‍സ്; പുതുവര്‍ഷ നിര്‍ദ്ദേശവുമായി മാക്രോണ്‍

 പ്ലാസ്റ്റിക് നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കി ഫ്രാന്‍സ്; പുതുവര്‍ഷ നിര്‍ദ്ദേശവുമായി മാക്രോണ്‍

പാരിസ്: പ്രകൃതിയിലേക്ക് മടങ്ങാനുള്ള സന്ദേശം കൂടുതല്‍ ശക്തവും വ്യാപകവുമാക്കി ഫ്രഞ്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതുവത്സര നിര്‍ദ്ദേശങ്ങളോടനുബന്ധിച്ച് കൂടുതല്‍ കര്‍ക്കശമായ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന-നിയന്ത്രണ പ്രഖ്യാപനം നടത്തി.

പ്രകൃതി സംരക്ഷണത്തിനുള്ള അടിയന്തിര നടപടിയായി പ്ലാസ്റ്റിക് വിമുക്ത നിത്യജീവിതമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഭക്ഷ്യവസ്തുക്കളെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ ഇനി പൊതിയാന്‍ പാടില്ലെന്നാണ് തീരുമാനം. ഒപ്പം എല്ലാ വാഹനനിര്‍മ്മാതാക്കളും പ്ലാസ്റ്റിക് വര്‍ജ്ജിക്കാനുള്ള സന്ദേശം പരസ്യത്തിനൊപ്പം ചേര്‍ക്കണമെന്നും പ്രഖ്യാപിച്ചു.

ഈ മാസം മുതല്‍ ക്യാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് , ആപ്പിള്‍ അടക്കം 30 ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇനി പ്ലാസ്റ്റിക് ആവരണങ്ങളില്ലാതെയാകും പൊതു ചന്തകളിലേക്ക് എത്തുക. അത്തരം എല്ലാ വസ്തുക്കളും പുനരുപയോഗക്ഷമമായ മറ്റ് വസ്തുക്കളു പയോഗിച്ചാണ് പൊതിയേണ്ടതെന്നും കാര്‍ഷിക വ്യവസായ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഒരു കോടി വിവിധ തരം പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ഈ ഒറ്റ വര്‍ഷംകൊണ്ട് ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യവും ഫ്രാന്‍സ് മുന്നോട്ട് വച്ചിരിക്കുകയാണ്. പുസ്തകങ്ങളും പത്രങ്ങളുമടക്കം പ്ലാസ്റ്റിക്കില്‍ പൊതിയാന്‍ ഇനി അനുവാദമില്ല. കുട്ടികളുടെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെല്ലാം പിന്‍വലിക്കപ്പെടുമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യ സമ്മാനമായി നല്‍കുന്ന കളിപ്പാട്ടങ്ങള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്നുമാണ് തീരുമാനം.

വാഹനങ്ങളുടെ മലിനീകരണം കുറയ്ക്കാന്‍ ഗ്യാസിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക പരിശ്രമം നടത്തണമെന്നും മാക്രോണ്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചു. നിലവില്‍ നിരത്തിലോടുന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നടപടികളും ഈ വര്‍ഷാദ്യം മുതല്‍ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.