ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളെ കണ്ടെത്തുന്ന പക്ഷം മനുഷ്യരാശിയുടെ പ്രതികരണം ഏതു വിധമാകുമെന്നു പ്രവചിക്കുന്നതിന് ദൈവശാസ്ത്രജ്ഞരുടെ ടീമിനെ നാസ നിയമിച്ചെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്നു വിശദീകരണം. നിരവധി വാര്‍ത്താ വെബ്സൈറ്റുകള്‍ ഇതേപ്പറ്റി പരത്തിയ കിംവദന്തിയില്‍ പാതി പോലുമില്ല സത്യമെന്ന് വ്യക്തമായി.
അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ നടത്തുന്ന ശ്രമത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ ഒരു ദൈവശാസ്ത്ര അന്വേഷണ കേന്ദ്രം നടത്തിയ പഠനത്തിന് ബഹിരാകാശ ഏജന്‍സി ഗ്രാന്റ് നല്‍കിയെന്ന വിവരമാണ് ഏറെ ഭേദഗതികളോടെ വന്‍ വാര്‍ത്തയായി മാറിയത്. ആ ഗവേഷണം നാല് വര്‍ഷം മുമ്പ് അവസാനിച്ചു. മാത്രമല്ല ആ ടീമിലെ ാെരാളും ഒരിക്കലും നാസ സ്റ്റാഫിന്റെ ഭാഗമായിരുന്നുമില്ല.
വാസയോഗ്യമായ ഗ്രഹങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ പ്രപഞ്ചം പരതുന്നതിന്റെ അനുബന്ധമായിരുന്നു ദൈവശാസ്ത്ര അന്വേഷണ കേന്ദ്രത്തിന്റെ പഠനം. ചൊവ്വയില്‍ പര്യവേക്ഷണം നടത്തിവരുന്ന റോവറുകളില്‍ നിന്നുള്ള അമൂല്യ ഡാറ്റയ്ക്കായി കാത്തിരിക്കുന്ന നാസ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുമുണ്ട്. പക്ഷേ, 'പുരോഹിത' ബന്ധമുള്ള യത്‌നങ്ങളല്ല ഇതൊന്നുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ന്യൂജേഴ്സിയിലെ പ്രിന്‍സ്റ്റണിലുള്ള സെന്റര്‍ ഓഫ് തിയോളജിക്കല്‍ എന്‍ക്വയറി വഴി നാസ രണ്ട് ഡസന്‍ വിദഗ്ധരെ തെരഞ്ഞെടുത്ത് നിയമിച്ചതായാണ് കിംവദന്തികള്‍ പരന്നത്. ചില വാര്‍ത്താ ഏജന്‍സികള്‍ ആകട്ടെ 'പുരോഹിതന്മാരെ' നാസ നിയമിച്ചു എന്നാക്കി പരിഷ്‌കരിച്ചു ഈ അഭ്യൂഹം. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കാനുള്ള ബഹിരാകാശ ഏജന്‍സിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന നിഗമനവും ഒപ്പം ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത ഏറ്റെടുത്ത് ചര്‍ച്ചാവിഷയവുമാക്കി,നാസയിലെ പുരോഹിത വൃന്ദ സാന്നിധ്യം പുതു വര്‍ഷത്തില്‍ വരാനിരിക്കുന്ന മഹാത്ഭുതം മുന്‍കൂട്ടി കണ്ടാണെന്നും അടുത്ത വലിയ ആശ്ചര്യം അന്യഗ്രഹജീവികളായിരിക്കുമെന്നും സോഷ്യല്‍ മീഡിയ 'കണ്ടെത്തി'.
അന്യഗ്രഹ ജീവികളും അവരുടെ യാത്രാ പേടകമെന്നു വിളിക്കപ്പെടുന്ന പറക്കുംതളികകളും സംബന്ധിച്ച കൗതുകം എന്നും മനുഷ്യനുണ്ടായിരുന്നു.. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികള്‍ ചെലവിട്ടാണ് ഗവേഷണങ്ങളും അന്വേഷണങ്ങളും നടക്കുന്നത്. ഭൂമിയില്‍ അന്യഗ്രഹ ജീവികളെയും പറക്കുംതളികകളെയും (അണ്‍ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്‌ജെക്ട് -UFO) കണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ പോലും പോകാറുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ മുന്നിലുള്ളത് അമേരിക്ക തന്നെയാണ്. അന്യഗ്രഹ ജീവികളോടുള്ള മനുഷ്യന്റെ പ്രതികരണം പഠിക്കാന്‍ നാസ 24 ദൈവശാസ്ത്രജ്ഞരെ നിയമിച്ചു എന്ന വാര്‍ത്ത ടൈംസ് യുകെ, ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ലോകം ശ്രദ്ധിച്ചു.
അവകാശവാദങ്ങളുടെ ഭ്രമണപഥം
അതേസമയം, നാസയുടെ ഗവേഷണത്തില്‍ ഉള്‍പ്പെട്ടെന്നു പറയപ്പെടുന്ന ദൈവശാസ്ത്രജ്ഞരില്‍ ഒരാളുടെ പ്രസ്താവനയില്‍ നിന്നാണ് അഭ്യൂഹം രൂപപ്പെട്ടത്. കേംബ്രി്ജ് സര്‍വ്വകലാശാലയിലെ മതപണ്ഡിതന്‍ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ ഒരു ഗ്രന്ഥത്തെ അവതരിപ്പിക്കവേ എഴുതി:'ജീവന്റെ പരിണാമം വ്യക്തമായും അസാധ്യമല്ല എന്നതിനാലും അത് സംഭവിക്കാനിടയുള്ള സ്ഥലങ്ങള്‍ അസാധാരണമാംവിധം നിരവധിയായതിനാലും, മറ്റെവിടെയെങ്കിലും വലിയ ജീവിത സരണികള്‍ ഉണ്ടായിരിക്കാം ...അപ്രകാരം എവിടെയെങ്കിലും ജീവന്റെ അത്തരം സ്ഥിരീകരണമുണ്ടായാല്‍, മാനവികത എങ്ങനെ പ്രതികരിക്കും എന്നതിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരിക്കും മതപരമായ വിശ്വാസ പാരമ്പര്യങ്ങള്‍. അതിനാല്‍, 'ആസ്ട്രോബയോളജിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ വിവിധ പങ്കാളി സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനുള്ള നാസയുടെ നിലവിലുള്ള ലക്ഷ്യത്തിന്റെ ഭാഗമായി ഇത് അവതരിപ്പിക്കുന്നു.'
റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ രേഖപ്പെടുത്തിയതിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുന്നു ശാസ്ത്രജ്ഞര്‍. ഭൂമിക്കപ്പുറത്തുള്ള ജീവന്‍ കണ്ടെത്തുന്നതിന്റെ സാമൂഹിക ആഘാതത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു പ്രോഗ്രാമിനായി 2015-ല്‍ ദൈവശാസ്ത്ര അന്വേഷണ കേന്ദ്രത്തിന് നാസ 1.1 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കി എന്നതു വസ്തുതയാണ്.'പ്രപഞ്ചത്തിലെ ജീവനായുള്ള വിശാല തിരയലിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ഇന്റര്‍ ഡിസിപ്ലിനറി അന്വേഷണത്തിനായാണ് നാസ ഗ്രാന്റ് അനുവദിച്ചതെ' ന്നാണ് ആ സമയത്ത് സംഘടന ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ഓക്സ്ഫഡില്‍നിന്ന് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ .തന്റെ ഇതുവരെയുള്ള ഗവേഷണത്തില്‍, കഴിഞ്ഞ 150 വര്‍ഷത്തിനിടെ 'ദൈവശാസ്ത്രവും ജ്യോതിര്‍ജീവശാസ്ത്രവും ജനകീയ എഴുത്തുകളില്‍ എത്രമാത്രം വിഷയമായിട്ടുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്നും കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ഡിവിനിറ്റി ബ്ലോഗില്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയില്‍ ഡേവിസണ്‍ പറഞ്ഞിരുന്നു.
പഠനത്തില്‍ പങ്കെടുത്ത 24 പേരില്‍ കുറച്ചു പേര്‍ മാത്രമായിരുന്നു വൈദികര്‍. 'പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവം, പരിണാമം, തല്‍സ്ഥിതി, ഭാവി' എന്നിവയുടെ 'സാമൂഹിക പ്രത്യാഘാതങ്ങള്‍' ആയിരുന്നു പഠന വിധേയമായത്. ദൈവശാസ്ത്രജ്ഞര്‍ക്കു പുറമേ മാനവിക, സാമൂഹിക ശാസ്ത്ര മേഖലകളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു സംഘത്തില്‍.രണ്ട് വര്‍ഷം ധനസഹായം ലഭിച്ചു. ഇതേപ്പറ്റി സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഒരു റിപ്പോര്‍ട്ടും ഇല്ലെങ്കിലും, റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ 2019-ല്‍ ഒരു ബ്ലോഗ് പോസ്റ്റ് എഴുതി: 'ആര്‍ക്കറിയാം, എപ്പോള്‍ ആ സുപ്രധാന വാര്‍ത്ത പൊട്ടിപ്പുറപ്പെടുമെന്ന്. അങ്ങനെയാണെങ്കില്‍, ക്രിസ്ത്യന്‍ ബൗദ്ധിക പാരമ്പര്യത്തെ പിന്നോട്ടടിക്കില്ല അതെന്ന് നമുക്ക് ഉറപ്പിക്കാം.'
പ്രോഗ്രാമിനായി നാസ പണം നല്‍കിയെങ്കിലും, അതില്‍ നിന്ന് ആരെയും ജോലിക്കെടുത്തില്ല. പ്രോഗ്രാമില്‍ ഉള്‍പ്പെട്ട ഗവേഷകര്‍ ഒരിക്കലും ബഹിരാകാശ ഏജന്‍സിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് നാസയുടെ വക്താവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 'നാസയില്‍ നിന്ന് ഗ്രാന്റ് ഫണ്ടിംഗ് സ്വീകരിക്കുന്ന വ്യക്തികള്‍ ഏജന്‍സിയുടെ ജീവനക്കാരോ ഉപദേശകരോ വക്താക്കളോ അല്ല'- വക്താവ് ഇമെയിലില്‍ അറിയിച്ചു.എന്തായാലും ഭൂമിക്കപ്പുറം ജീവന്‍ നിലനില്‍ക്കുന്നുവെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും, വിശാലമായ പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ ഉയര്‍ന്നുവരാനുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതീക്ഷയേകി 'ജെയിംസ് വെബ്'
2022-ല്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആസ്ട്രോബയോളജി ആന്‍ഡ് ക്രിസ്ത്യന്‍ ഡോക്ട്രിന്‍' എന്ന പുതിയ പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുകളും ചോദ്യങ്ങളും ഉള്ളത്. പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് എല്ലാ മതങ്ങളിലെയും ഉദ്ഭവ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുമോ?, ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ വിശ്വാസ വ്യവസ്ഥയെ ഈ കണ്ടെത്തല്‍ എങ്ങനെ ബാധിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പുതിയ പുസ്തകത്തിലൂടെ ശാസ്ത്രലോകത്തോട് ചോദിക്കുന്നത്.മതബോധവും അന്യഗ്രഹജീവികളിലുള്ള വിശ്വാസവും തമ്മില്‍ ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്യഗ്രഹ ജീവികളെ തിരയാനുള്ള യഥാര്‍ത്ഥ വഴികള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരുപക്ഷേ, പൊതുവെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള അന്യഗ്രഹ ജീവികളാകണമെന്നില്ല. ഉദാഹരണത്തിന്, അന്യഗ്രഹ വീഥികളില്‍ നിന്നുള്ള റേഡിയോ സിഗ്‌നലുകള്‍ അല്ലെങ്കില്‍ ഒപ്റ്റിക്കല്‍ ബീക്കണുകള്‍ക്കായും അന്വേഷണമുണ്ട്. ചൊവ്വയിലും സൗരയൂഥത്തിലും ഭൂതകാലത്തുണ്ടായിരുന്നതോ ഇപ്പോഴുള്ളതോ ആയ ജീവന്റെ തെളിവുകള്‍ കണ്ടെത്താമെന്ന പ്രതീക്ഷ നിരവധി ഏജന്‍സികള്‍ക്കുണ്ട്.യൂറോപ്പ, ടൈറ്റന്‍ അല്ലെങ്കില്‍ എന്‍സെലാഡസ് പോലുള്ള ചൊവ്വയുടെ ഉപഗ്രഹങ്ങള്‍ പ്‌ത്യേക ലക്ഷ്യമാണ്.
.
എക്‌സോപ്ലാനറ്റുകളിലെ 'ബയോസിഗ്‌നേച്ചറുകള്‍ക്കായും' ശാസ്ത്രജ്ഞര്‍ തിരയുന്നുണ്ട്; ഒരു 'സെല്ലുലാര്‍ കോംപ്ലക്‌സ്' അല്ലെങ്കില്‍ രാസ സംയുക്തത്തിന്റെ രൂപത്തില്‍. ഇത് ഒരു ജൈവ പ്രക്രിയയെ സൂചിപ്പിക്കുന്നതാകാം. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (JWST) അടുത്തിടെ വിക്ഷേപിച്ചതോടെ, ഈ വിദേശ ലോകങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
കേന്ദ്ര നക്ഷത്രത്തെ പരിക്രമണം ചെയ്യവേ എക്‌സോപ്ലാനറ്റുകളെ നിരീക്ഷിക്കുകയും സംക്രമണ സമയത്ത് അവയുടെ അന്തരീക്ഷ സവിശേഷതകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആ പുറം ഗ്രഹങ്ങളുടെ അന്തരീക്ഷം വളരെ വിശദമായി പഠിക്കാന്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിക്കു കഴിയും. അന്യഗ്രഹങ്ങളെ മനസില്‍ പ്രതിഷ്ഠിക്കുന്നവര്‍ ലക്ഷ്യമിടുന്ന തരത്തില്‍ ഭൂമിയെപ്പോലെ അന്തരീക്ഷമുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഇത് തങ്ങളെ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നു. അപ്രകാരം എന്തെങ്കിലും കണ്ടെത്തിയാല്‍, ശാസ്ത്രലോകവും മത പണ്ഡിതരുമായുള്ള തുടര്‍ ആശയവിനിമയം പല ദിശകളില്‍ ഉണ്ടാകാമെന്ന് നിരീക്ഷകര്‍ കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.