ഗഗന്‍യാന്‍ ബഹിരാകാശത്തു നിന്ന് തിരികെയിറക്കുന്നത് അറബിക്കടലില്‍; ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യം

ഗഗന്‍യാന്‍ ബഹിരാകാശത്തു നിന്ന് തിരികെയിറക്കുന്നത് അറബിക്കടലില്‍; ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യം

കൊച്ചി: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ് സഞ്ചാരികളെ വഹിച്ചുള്ള ഗഗന്‍യാന്‍ പേടകം അറബിക്കടലില്‍ തിരികെയിറക്കും. ഏതെങ്കിലും കാരണവശാല്‍ അറബിക്കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലിലാവും പേടകം തിരിച്ചിറക്കുക.

താരതമ്യേന ശാന്തമായതുകൊണ്ടാണ് അറബിക്കടലിനു മുന്‍ഗണന നല്‍കുന്നതെന്ന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ ഐ.എസ്.ആര്‍.ഒ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്റര്‍ (എച്ച്.എസ്.എഫ്.സി) ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷമാണു ഗഗന്‍യാന്‍ ദൗത്യം.

2019 ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്.എസ്.എഫ്.സിയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. സുരക്ഷിതമായും പരമാവധി ചെലവു കുറച്ചും മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയാണു സ്ഥാപനത്തിന്റെ ലക്ഷ്യം.

8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ക്രൂ മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ട ഭിത്തിയാണ്. ഭൗമാന്തരീക്ഷത്തില്‍ പേടകം തിരികെയെത്തുമ്പോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഭ്രമണപഥത്തില്‍ സെക്കന്‍ഡില്‍ 7.8 കി.മീ. വേഗത്തിലായിരിക്കും പേടകം ഭൂമിയെ വലം വയ്ക്കുക.

ജിഎസ്എല്‍വി എംകെ3യുടെ പരിഷ്‌കരിച്ച പതിപ്പായ ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളാണ് ദൗത്യത്തിന് ഉപയോഗിക്കുക. തിരിച്ചിറങ്ങുന്ന പേടകത്തിന്റെ സ്ഥാനം കപ്പലിലുള്ള രക്ഷാദൗത്യ സേനയ്ക്കു നിര്‍ണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. അടിയന്തര സാഹചര്യത്തില്‍ അവര്‍ക്കു രണ്ടു ദിവസത്തോളം പേടകത്തില്‍ തന്നെ കഴിയാനുമാവും.

ഗഗന്‍യാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയില്‍ 15 മാസം പരിശീലനം പൂര്‍ത്തിയാകും. ബെംഗളൂരുവിലെ അസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് ഇനിയുള്ള തയാറെടുപ്പുകള്‍. എന്‍ജിനീയറിങ്, മെഡിക്കല്‍, സുരക്ഷാ പരിശീലനങ്ങള്‍ക്കു പുറമെ ഭാര രഹിതാവസ്ഥയെ നേരിടുന്നതിനും സംഘാംഗങ്ങളെ പ്രാപ്തരാക്കും.

അടിയന്തരമായി ദൗത്യം അവസാനിപ്പിക്കേണ്ടി വന്നാല്‍ പേടകം പതിക്കാന്‍ സാധ്യതയുള്ള സമുദ്രം, മഞ്ഞുപ്രദേശം, പര്‍വതം, മരുഭൂമി എന്നിവിടങ്ങളില്‍ അതിജീവനത്തിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. അതിനാവശ്യമായ കിറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞതായി ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ വെളിപ്പെടുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.