മുസ്ലീം സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയും പെരുകുന്നതിലുള്ള നൈരാശ്യം പങ്കിട്ട് ഇമ്രാന്‍ ഖാന്‍

 മുസ്ലീം സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയും പെരുകുന്നതിലുള്ള നൈരാശ്യം പങ്കിട്ട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയുമാണ് മുസ്ലീം സമൂഹത്തിലെ രണ്ട് പ്രധാന തിന്മകളെന്ന്് തുറന്നു പറഞ്ഞ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുസ്ലീം സമൂഹത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടിയെന്നും ബലാത്സംഗവും ബാലപീഡനവും അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഒരു ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കളുടെ മതപരവും ധാര്‍മ്മികവുമായ മൂല്യ ബോധം നിലനിര്‍ത്തി സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റത്തില്‍ നിന്ന് അവരെ എങ്ങനെ സംരക്ഷിക്കാമെന്ന് ചര്‍ച്ച നടത്താന്‍ നാഷണല്‍ റഹ് മത്തുല്‍-ഇല്‍-അലമീന്‍ അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. മുസ്ലീം സമുദായത്തിലെ നിരവധി പണ്ഡിതരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു 'റിയാസത്ത്-ഇ-മദീന: ഇസ്ലാം, സമൂഹം, നൈതിക നവോത്ഥാനം' എന്ന പ്രഭാഷണ സംവാദ പരിപാടിയെന്ന് പാക് മാധ്യമമായ ഡോണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന അശ്ലീല വസ്തുക്കളില്‍ മുങ്ങിക്കുളിക്കുന്ന മുസ്ലീം യുവാക്കളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന 99 ശതമാനം തിന്മയ്ക്കെതിരെയാണ് സമൂഹം പോരാടേണ്ടതെന്നും അഴിമതി സംബന്ധിച്ചും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. അഴിമതിയെ ഒരു തരത്തിലും മുസ്ലീം സമൂഹം അംഗീകരിക്കാത്ത തലത്തിലേക്ക് എത്തിക്കണമെന്ന മോഹവും അദ്ദേഹം പങ്കുവച്ചു.

അന്താരാഷ്ട്ര പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ തേടുന്നതിനിടയില്‍, ഭാവിയിലും പ്രശസ്ത പണ്ഡിതരുമായി താന്‍ സമാനമായ സംവാദങ്ങള്‍ നടത്തുമെന്ന് ഖാന്‍ സൂചന നല്‍കി. ഇത്തരം ചിന്തോദ്ദീപകമായ സംവാദ പരിപാടികള്‍ രണ്ടു മാസത്തില്‍ ഒരെണ്ണം വീതമെങ്കിലും നടത്താനും തീരുമാനിച്ചു.കാലക്രമേണ അഴിമതി നിറഞ്ഞ ഒരു നേതൃത്വം ഉണ്ടായതോടെയാണ് അഴിമതിക്കു സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചതെന്നും സമൂഹം അഴിമതിയെ അസ്വീകാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആധുനികതയുടെ ദൂഷ്യഫലങ്ങളെ ചെറുക്കാന്‍ മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് സന്നിഹിതരായ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിച്ചു.ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് യുവാക്കളെ പഠിപ്പിക്കണം. നബിയുടെ ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ മുസ്ലിം യുവാക്കളെ അതിനു സജ്ജരാക്കാനാകുമെന്ന അഭിപ്രായമാണ് പലരും മുന്നോട്ടുവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.