സാക്രമെന്റോ: ജനന മുഹൂര്‍ത്തങ്ങളുടെ വ്യത്യാസം 15 മിനിറ്റ് മാത്രമായിരുന്നിട്ടും കാലിഫോര്‍ണിയയിലെ ഇരട്ട സഹോദരങ്ങളായ ആല്‍ഫ്രെഡോ, അയ്ലിന്‍ ട്രുജില്ലോമാരുടെ ജന്മദിനങ്ങള്‍ വ്യത്യസ്ത ദിവസങ്ങളില്‍. അതിനേക്കാളേറെ വിസ്മയകരമാകുന്നു വ്യത്യസ്ത മാസങ്ങളിലും വ്യത്യസ്ത വര്‍ഷങ്ങളിലുമാണെന്നത്.
നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലെ രജിസ്്റ്റര്‍ പ്രകാരം ആല്‍ഫ്രെഡോയുടെ ജനനം 2021 ഡിസംബര്‍ 31-ന് രാത്രി 11:45 ന്. ഇരട്ട സഹോദരി അയ്ലിന്‍ പിറന്നത് 15 മിനിറ്റിനുശേഷവും. ഇതിനിടെ വര്‍ഷമൊന്നു മാറിയതിനാല്‍ അയ്ലിന്റെ ജന്മസമയമായി രജിസ്്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 2022 ജനുവരി 1 ന് അര്‍ദ്ധരാത്രി.
'അവര്‍ ഇരട്ടകളായിട്ടും വ്യത്യസ്ത ജന്മദിനങ്ങള്‍ ആയതറിഞ്ഞ് എനിക്ക് ഭ്രാന്തു പിടിച്ചു,'- ആല്‍ഫ്രെഡോ, അയ്ലിന്‍ ട്രുജില്ലോമാരുടെ അമ്മ ഫാത്തിമ മാഡ്രിഗല്‍ പറഞ്ഞു.'അതേസമയം, അയ്ലിന്‍ അര്‍ദ്ധരാത്രി എത്തിയതില്‍ ഞാന്‍ ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.' 2022ല്‍ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് കൂടിയാണ് അയ്ലിന്‍ ട്രൂജില്ലോയെന്ന് ആശുപത്രി അറിയിച്ചു. അയ്ലിന്‍ ട്രൂജില്ലോയുടെ ഭാരം 5 പൗണ്ട്, 14 ഔണ്‍സ്. അവളുടെ ഇരട്ട സഹോദരന്റെ ഭാരം 6 പൗണ്ട്, 1 ഔണ്‍സ്.
'എല്ലാ വര്‍ഷവും യുഎസില്‍ ഏകദേശം 120,000 ഇരട്ട ജനനങ്ങള്‍ നടക്കുന്നു, ഇത് എല്ലാ ജനനങ്ങളുടെയും 3% മാത്രമാണ്,' ആശുപത്രി അധികൃതര്‍ പറഞ്ഞു.'എന്നിരുന്നാലും, വ്യത്യസ്ത ജന്മദിനങ്ങളുള്ള ഇരട്ടകള്‍ അപൂര്‍വ്വമാണ്. വ്യത്യസ്ത വര്‍ഷങ്ങളില്‍ ഇരട്ടകള്‍ ജനിക്കാനുള്ള സാധ്യത 2 ദശലക്ഷത്തില്‍ 1 മാത്രമെന്ന കണക്കുമുണ്ട്.'
ആശുപത്രിയിലുടനീളം ഏറെ സന്തോഷത്തിനും ആവേശത്തിനും ഇടയാക്കി ഇരട്ടക്കുട്ടികളുടെ ചരിത്രപ്രധാന പിറവി. 'തീര്‍ച്ചയായും എന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ പ്രസവങ്ങളിലൊന്നാണിത്'- നാറ്റിവിഡാഡ് മെഡിക്കല്‍ ഗ്രൂപ്പിലെ ഫാമിലി ഡോക്ടറായ ഡോ. അന അബ്രില്‍ ഏരിയാസ് പറഞ്ഞു.
നവജാതശിശുക്കള്‍ക്ക് മൂന്ന് മുതിര്‍ന്ന സഹോദരങ്ങളുണ്ട് - രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. തന്റെ മൂത്തമകന്‍ ഒരു സഹോദരനുണ്ടായതില്‍ വളരെ ആവേശഭരിതനാണെന്നും അവരുടെ കുടുംബത്തിലെ ബാക്കിയുള്ളവരും ഇരട്ടക്കുട്ടികളെ കാണാന്‍ ഒരുപോലെ ആവേശഭരിതരാണെന്നും മാഡ്രിഗല്‍ പറഞ്ഞു.
2019- 2020 ലും സമാനമായ സംഭവം ഇന്‍ഡ്യാനയിലെ കാര്‍മലില്‍ അരങ്ങേറിയിരുന്നു. അന്ന് ഡോണ്‍ ഗില്യം എന്ന യുവതി ഡിസംബര്‍ 31 രാത്രി 11:37 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി.രണ്ടാമത്തെ കുഞ്ഞ് 2020 ജനുവരി ഒന്നിന് പുലര്‍ച്ചെ 12: 07 നാണ് ജനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.