പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 166 പേര്‍ക്ക്. അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റോഡ് സേഫ്റ്റി കമ്മിഷന്റെ കണക്കു പ്രകാരം 2020-നെ അപേക്ഷിച്ച് 2021-ല്‍ 11 പേരാണ് കൂടുതല്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പ്രാദേശിക മേഖലകളിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടായത്.
ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതായി സംസ്ഥാന റോഡ് സുരക്ഷാ മന്ത്രി പോള്‍ പപ്പാലിയ പറഞ്ഞു. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളാല്‍ ട്രാഫിക്ക് കുറഞ്ഞിരുന്നതിനാലാണ് കഴിഞ്ഞ വര്‍ഷം മരണനിരക്ക് കുറഞ്ഞത്. വാഹനം ഓടിക്കുമ്പോഴുള്ള അശ്രദ്ധയും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചുമൊക്കെ വാഹനമോടിക്കുന്നതും അമിതവേഗവും അപകടങ്ങള്‍ക്കു കാരണമാകുന്നതായി മന്ത്രി വ്യക്തമാക്കി.
പ്രാദേശിക മേഖലകളില്‍ 2021-ല്‍ 99 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് മൊത്തമുണ്ടാകുന്ന വാഹനാപകടങ്ങളുടെ 60 ശതമാനം വരുമിത്. 67 പേര്‍ മെട്രോപൊളിറ്റന്‍ റോഡുകളിലുണ്ടായ അപകടങ്ങളില്‍ മരിച്ചു.
ഗ്രേറ്റ് സതേണ്‍, വീറ്റ്ബെല്‍റ്റ്, ഗോള്‍ഡ്ഫീല്‍ഡ്സ്-എസ്പെറന്‍സ്, പില്‍ബാര എന്നിവിടങ്ങളില്‍ വാഹനാപകട നിരക്ക് കുത്തനെ ഉയര്‍ന്നു. എന്നാല്‍ സൗത്ത് വെസ്റ്റ്, കിംബര്‍ലി, മിഡ്വെസ്റ്റ്-ഗാസ്‌കോയ്ന്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു.
വിക്ടോറിയ സംസ്ഥാനത്ത് വാഹനാപകട മരണനിരക്ക് 2021-ല്‍ പത്ത് ശതമാനത്തിലധികം വര്‍ധിച്ചപ്പോള്‍ ന്യൂ സൗത്ത് വെയിസില്‍ ഒരു നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണു രേഖപ്പെടുത്തിയത്.
അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ പരുക്കേറ്റയാളെ ഉയര്‍ന്ന നിലവാരമുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അതിജീവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍, ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം ഒരു ആശുപത്രി കണ്ടെത്താനുള്ള സാധ്യത വളരെ വിരളമാണ്.
'വാഹനം ഓടിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. സുരക്ഷിതമായി വീട്ടിലേക്കു മടങ്ങാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26