വത്തിക്കാന്‍ സിറ്റി : സ്‌നേഹാര്‍ദ്രമായ രോഗീ ശശ്രൂഷയിലൂടെ ദൈവ കാരുണ്യത്തിന്റെ സുരഭില പ്രകാശമൊഴുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. രോഗബാധിതരെ സുഖപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അവിശ്രമം തുടരാന്‍ മുപ്പതാം ലോക രോഗീ ദിനത്തിനുള്ള സന്ദേശത്തില്‍ കത്തോലിക്കാ സമൂഹത്തോടും സഭാ സ്ഥാപനങ്ങളോടും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.ആരോഗ്യ മേഖലയില്‍ ഏറെ പുരോഗതിയുണ്ടായെങ്കിലും എല്ലാ രോഗികള്‍ക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് മാര്‍പ്പാപ്പാ പറഞ്ഞു. 
ഇക്കൊല്ലം ഫെബ്രുവരി 11-ന്, ലൂര്‍ദ്ദ് മാതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ സഭ ലോക രോഗീ ദിനം ആചരിക്കുന്നതിന് മുന്നോടിയായി  നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' (ലൂക്കാ 6,36) എന്ന വചനത്തിലൂന്നിയുള്ള രോഗീ ദിന സന്ദേശം പ്രകാശിതമായി. ഏവരും ജീവകാരുണ്യയാത്രയില്‍, വേദനയനുഭവിക്കുന്നവരുടെ ഒപ്പമായിരിക്കണമെന്ന പ്രമേയത്തില്‍ കേന്ദ്രീകൃതമായ ഈ സന്ദേശം  ലൊറേത്തൊ നാഥയുടെ തിരുന്നാള്‍ദിനമായ ഡിസമ്പര്‍ 10-ന് പാപ്പാ ഒപ്പുവച്ചതാണ്.
രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ടതിനെക്കുറിച്ച് കത്തോലിക്കാ ആരോഗ്യപ്രവര്‍ത്തന കേന്ദ്രങ്ങളിലും പൗരസമൂഹത്തിലും അവബോധം വളര്‍ത്തിയെടുക്കുന്നതിന് 1992 മെയ് 13-ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായാണ് സാര്‍വ്വത്രികസഭയില്‍ ലോക രോഗീദിനം ഏര്‍പ്പെടുത്തിയതെന്ന് ഫ്രാന്‍സീസ് പാപ്പാ അനുസ്മരിച്ചു.മുപ്പതാം ലോക രോഗീദിനാചരണത്തിന്റെ  സമാപനാഘോഷവേദി പെറുവിലെ അരേക്കിപ്പയായി നിശ്ചയിച്ചിരുന്നെങ്കിലും, കോവിഡ് 19 മഹാമാരി മൂലം അത് ഇത്തവണ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലായിരിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നു.
മൂന്ന് പതിറ്റാണ്ടിനുള്ളില്‍ രോഗികളുടെ ആരോഗ്യ പരിപാലനത്തിലും അജപാലന പരിപാലനത്തിലും ഉണ്ടായ വലിയ മുന്നേറ്റങ്ങള്‍ക്ക് മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി. അതേസമയം,  ആരോഗ്യ പരിപാലന സംവിധാനങ്ങളും അജപാലന പ്രവര്‍ത്തനങ്ങളും അപര്യാപ്തമായ  പ്രദേശങ്ങളില്‍ ഇപ്പോഴും നിരവധി ആളുകള്‍ താമസിക്കുന്നുണ്ടെന്ന് പാപ്പ അനുസ്മരിച്ചു.
രോഗികളോടുള്ള ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹത്തിനുള്ള ഏറ്റവും നല്ല സാക്ഷ്യം യേശുവിലാണ് ദൃശ്യമാകുന്നതെന്ന് പാപ്പ പറഞ്ഞു. തന്റെ ഭൗമിക ജീവിതത്തില്‍, യേശു എല്ലാത്തരം രോഗികളെയും സുഖപ്പെടുത്തി, 'സുവിശേഷം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും' ആയാണ്  അപ്പോസ്തലന്മാരെ അയച്ചത്. രോഗികളെ ശുശ്രൂഷിക്കുന്നത് ക്രിസ്ത്യന്‍ ദൗത്യത്തിന്റെ പ്രധാന ഭാഗമാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫ്രഞ്ച് തത്ത്വചിന്തകനായ ഇമ്മാനുവല്‍ ലെവിനാസിന്റെ നിരീക്ഷണത്തെ കൂട്ടുപിടിച്ചു.
ക്രിസ്തുവിന്റെ ശരീരത്തിനുള്ള ശുശ്രൂഷ
വേദനയിലൂടെ മനുഷ്യന് സമ്പൂര്‍ണ്ണ വിധത്തിലുള്ള വേര്‍തിരിവ് സംഭവിക്കാമെന്ന് ലെവിനാസ് പറഞ്ഞു, 'സമ്പൂര്‍ണമായ ഒറ്റപ്പെടല്‍ ആകട്ടെ മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നതിനും അപരനെ വിളിക്കുന്നതിനുമുള്ള ആവശ്യകതയിലേക്ക് നയിക്കുന്നു.' മാനുഷിക ദൗര്‍ബല്യത്തിന്റെ നിശിത അനുഭവങ്ങള്‍ അടുത്തുള്ളവരെ അന്വേഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതറിഞ്ഞ്് ദൈവിക ദാനധര്‍മ്മത്തിന്റെ മൂര്‍ത്തമായ അടയാളങ്ങള്‍ ഉപയോഗിച്ച് പ്രതികരിക്കേണ്ടത് സഭയുടെ ചുമതലയാണെന്നും മാര്‍പാപ്പ പറഞ്ഞു.
'അസുഖത്തിന്റെ ഫലമായി വ്യക്തികള്‍ ജഡത്തില്‍ ബലഹീനതയും കഷ്ടപ്പാടും അനുഭവിക്കുമ്പോള്‍, അവരുടെ ഹൃദയത്തിനു ഭാരമേറുന്നു, ഭയം പടരുന്നു. അനിശ്ചിതത്വങ്ങള്‍ പെരുകുന്നു, ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുതല്‍ അടിയന്തിര പ്രധാനമായി മാറുന്നു.' പീഡാനുഭവത്തിലൂടെ കടന്നുപോകുന്ന ക്രിസ്തുവിന്റെ ശരീരത്തിന് ദിവസേന ശുശ്രൂഷ ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജീവിതം സമര്‍പ്പിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നന്ദി അര്‍ഹിക്കുന്നു.
'പ്രിയപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരേ, രോഗികള്‍ക്കൊപ്പമുള്ള സേവനം, സ്നേഹത്തോടും യോഗ്യതയോടും കൂടി നിര്‍വഹിക്കപ്പെടുമ്പോള്‍ നിങ്ങളുടെ തൊഴിലിന്റെ അതിരുകള്‍ മാഞ്ഞ് അത് ദൗത്യമായി മാറുന്നു. ക്രിസ്തുവിന്റെ പീഡാനുഭവ വേളയിലെ ശരീരത്തെ സ്പര്‍ശിക്കുന്ന നിങ്ങളുടെ കൈകള്‍ പിതാവിന്റെ കരുണയുള്ള കരങ്ങളുടെ അടയാളവുമാകുന്നു. നിങ്ങളുടെ തൊഴിലിന്റെ മഹത്തായ അന്തസ്സിനെക്കുറിച്ചും അത് ഉള്‍ക്കൊള്ളുന്ന ഉത്തരവാദിത്തത്തെക്കുറിച്ചും ശ്രദ്ധാലുക്കളായിരിക്കുക.': സന്ദേശത്തില്‍ പറയുന്നു. വൈദ്യശാസ്ത്രരംഗത്ത് കൈവരിച്ച സാങ്കേതികവും ചികിത്സാപരവുമായ മുന്നേറ്റങ്ങള്‍ മൂലം  'ഓരോ രോഗിയുടെയും അദ്വിതീയത,  മാന്യത, ബലഹീനതകള്‍ എന്നിവ മറക്കാന്‍' ഇടയാകരുത്. രോഗികള്‍ ആണ് അവരുടെ രോഗങ്ങളേക്കാള്‍ പരമ പ്രധാനം.
ദാരിദ്ര്യബാധിത പ്രദേശങ്ങളില്‍ ആശുപത്രികളും ക്ലിനിക്കുകളും തുറന്ന് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആരോഗ്യ സംരക്ഷണം ലഭ്യമാക്കണം.'ജീവകാരുണ്യത്തിന്റെ സമ്മാനം' വാഗ്ദാനം ചെയ്യുന്ന കാത്തലിക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പാപ്പ ശ്ലാഘിച്ചു. മാലിന്യ സംസ്‌കാരം വ്യാപകമായിരിക്കുന്ന ഘട്ടമാണിത്. ജീവിതം സ്വാഗതം ചെയ്യപ്പെടാനും ജീവന്‍ യഥാവിധി അംഗീകരിക്കപ്പെടാനും വിഷമമുള്ള ഇക്കാലത്ത്, 'കരുണയുടെ ഭവനങ്ങള്‍' എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മാതൃകാപരമാകണം. രോഗികള്‍ക്കിടയില്‍ അജപാലന ശുശ്രൂഷ നടത്തുന്നവരെയും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.