അനുദിന വിശുദ്ധര്‍  - ജനുവരി 07
ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്ന കുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. യൗവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ, മാനവിക വിഷയങ്ങളില്‍ ബാഴ്‌സിലോണയില്‍ അധ്യാപകനായിരുന്നു.  പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗാധമായ അറിവ്  നേടിയ റെയ്മണ്ട് നാടെങ്ങും  അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു.
അതിനിടെ ബാര്‍സിലോണയിലെ മെത്രാനായിരുന്ന ബെരെങ്ങാരിയൂസിന്റെ ക്ഷണ പ്രകാരം  ബാഴ്‌സിലോണയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തെ  അവിടുത്തെ സഭാ ചട്ടങ്ങളുടേയും നിയമങ്ങളുടേയും അധികാരിയായി നിയമിച്ചു. 
നീതിയുക്തമായ ജീവിതവും വിനയവും ലാളിത്യവും പാണ്ഡിത്യവും വഴി വിശുദ്ധന്‍ സകല പുരോഹിതര്‍ക്കും, വിശ്വാസികള്‍ക്കും  മാതൃകാ പുരുഷനായി. പരിശുദ്ധ മാതാവിലുള്ള അദ്ദേഹത്തിന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. അതിനാല്‍ തന്നെ ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുവാനുള്ള ഒരവസരവും പാഴാക്കിയിരുന്നില്ല.
വിശുദ്ധന് 45 വയസായപ്പോള്‍ അദ്ദേഹം തന്റെ കര്‍മ്മ മേഖല ഡൊമിനിക്കന്‍ സഭയിലേക്ക് മാറ്റി. വിജാതീയരുടെ പിടിയിലായിരുന്ന തടവുകാരെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തികള്‍ക്കും തന്റെ ജീവിതം പൂര്‍ണമായും ഉഴിഞ്ഞു വെച്ചു. റെയ്മണ്ടിന്റെ  ഉപദേശാനുസരണമാണ് വിശുദ്ധ പീറ്റര്‍ നൊലാസ്‌കോ തന്റെ സമ്പാദ്യമെല്ലാം കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചത്.
ഇതിനിടെ വിശുദ്ധ പീറ്റര്‍ നൊലാസ്‌കോ, വിശുദ്ധ റെയ്മണ്ട്,  ആരഗോണിലെ രാജാവായ ജെയിംസ് ഒന്നാമന്‍ എന്നിവര്‍ക്ക്  പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് വിജാതീയരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി തടവില്‍ കഴിയുന്ന വിശ്വാസികളുടെ മോചനത്തിനായി ഒരാത്മീയ സഭ രൂപീകരിക്കാന്‍ നിര്‍ദേശിച്ചു.  ഇതേ തുടര്‍ന്ന് മൂവരും ചേര്‍ന്ന് വിമോചകരുടെ സഭ (Our Lady of Mercy for the Ransom of Captives) എന്ന സന്യാസീ സഭയ്ക്ക് രൂപം നല്‍കി.
ഈ സഭയ്ക്കു വേണ്ട ആത്മീയ ദര്‍ശനങ്ങളും സഭാനിര്‍ദേശങ്ങളും തയാറാക്കിയത് വിശുദ്ധ റെയ്മണ്ടായിരിന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ ഈ സഭയ്ക്ക്  അംഗീകാരം നല്‍കി. തുടര്‍ന്ന്  റെയ്മണ്ട് തന്റെ സഹ പ്രവര്‍ത്തകനായ പീറ്റര്‍ നൊലാസ്‌കോയ്ക്ക്്  സഭാ വസ്ത്രം നല്‍കി അദ്ദേഹത്തെ ഈ സഭയുടെ ആദ്യത്തെ ജനറല്‍ ആയി നിയമിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം  വിശുദ്ധനെ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ റോമിലേക്ക് വിളിപ്പിക്കുകയും തന്റെ ചാപ്പല്‍ പുരോഹിതനും കുമ്പസാര വൈദികനുമായി നിയമിച്ചു. ഈ പാപ്പായുടെ ആവശ്യപ്രകാരമാണ് റെയ്മണ്ട്  പാപ്പാമാരുടെ പല സമിതികളിലായി ചിതറി കിടന്നിരുന്ന വിധികളും പ്രമാണങ്ങളും കത്തുകളും ഒരുമിച്ച് ചേര്‍ത്ത് 'ഡിക്രീറ്റല്‍സ്' എന്നറിയപ്പെടുന്ന ഒരു ഗ്രന്ഥമാക്കി മാറ്റിയത്.
പിന്നീട് മാര്‍പാപ്പ ടറാഗോണയിലെ മെത്രാപ്പോലീത്താ സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അത് വളരെ എളിമയോടു കൂടി അദ്ദേഹം നിരസിച്ചു. കൂടാതെ, രണ്ടു വര്‍ഷത്തോളം റെയ്മണ്ട് തുടര്‍ന്നു വന്ന ഡൊമിനിക്കന്‍ സഭയിലെ ജനറല്‍ പദവിയും സ്വന്തം തീരുമാന പ്രകാരം ഉപേക്ഷിച്ചു.  ധാരാളം അത്ഭുത പ്രവര്‍ത്തനങ്ങളും വിശുദ്ധന്റെ പേരിലുണ്ടായിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു.
ഇതില്‍ ഏറ്റവും പ്രസിദ്ധമായത്: ഒരിക്കല്‍ മജോര്‍ക്കാ ദ്വീപില്‍ നിന്നും ബാര്‍സിലോണയിലേക്ക് തിരികെ വരുന്ന വഴി വിശുദ്ധന്‍ തന്റെ മേലങ്കി കടലില്‍ വിരിക്കുകയും ആറു മണിക്കൂറോളം അതിന്മേല്‍ ഇരുന്ന് തുഴഞ്ഞ് ഏതാണ്ട് 160 മൈലുകളോളം സഞ്ചരിച്ച് തന്റെ ആശ്രമത്തിലെത്തിയെന്നും അടഞ്ഞു കിടന്ന ആശ്രമ വാതിലിലൂടെ അദ്ദേഹം അകത്ത് പ്രവേശിച്ചുവെന്നുമാണ്.
പുരാതന ചരിത്രകാരന്മാരുടെ രേഖകള്‍ പ്രകാരം 1275 ല്‍ നൂറാം വയസിലാണ്  റെയ്മണ്ട്  ഇഹലോക വാസം വെടിഞ്ഞത്. ക്ലമന്റ് എട്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 
ഇന്നത്തെ ഇതര വിശുദ്ധര്‍
1. വെയില്‍സിലെ ബ്രാന്നൊക്ക്
2. ലെമാന്‍സിലെ ബിഷപ്പായ ആല്‍ഡെറിക്കൂസ്
3. സെന്‍സിലെ ആര്‍ച്ച് ബിഷപ്പായ അനസ്റ്റാസിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.