ലണ്ടന്‍ /വാഷിംഗ്ടണ്‍: കൊറോണ വൈറസിനെതിരെ ലോകമെമ്പാടും വാക്‌സിനേഷന്‍ പൂര്‍ണ്ണമാകുന്നതു വരെ പുതിയ ജനിതക വകഭേദങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി വിദഗ്ധര്‍. 'അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം; ചിലത് കൂടുതല്‍ അപകടകാരികളുമായേക്കാം. സമ്പന്ന രാഷ്ട്രങ്ങള്‍ വാക്‌സിനുകള്‍ ദരിദ്ര രാജ്യങ്ങളുമായി പങ്കിട്ടേ പറ്റൂ.'
വാക്‌സിന്‍ പങ്കിടല്‍ കേവലം പരോപകാര പ്രവൃത്തിയെന്നതിലുപരി സ്വന്തം സുരക്ഷയ്ക്കും ഉപകരിക്കുന്ന പ്രായോഗിക നടപടികളില്‍ ഒന്നാകുമെന്നാണ് വിദഗ്ധ നിരീക്ഷണം.വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം ശക്തമാക്കുക മാത്രമാണ് ഇനി ലോകത്തിന് മുന്നിലുള്ള പോംവഴിയെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നല്‍കിയിരുന്നു.
'സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, ലോകം മുഴുവനിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ, പുതിയ വകഭേദങ്ങളുടെ കനത്ത ഭീഷണി തുടരുമെന്ന് ഞാന്‍ കരുതുന്നു. അവയില്‍ ചിലത് ഒമിക്രോണിനേക്കാള്‍ കൂടുതല്‍ അപകടകാരികളാകാം,'- കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ സാംക്രമിക രോഗ പഠന വിഭാഗത്തില്‍ അധ്യാപകനും ഗവേഷണ മേല്‍നോട്ടക്കാരനുമായ ഡോ. ആന്‍ഡ്രൂ ഫ്രീഡ്മാന്‍ സിഎന്‍ബിസിയോട് പറഞ്ഞു.
പരിണാമ ഘട്ടത്തിലൂടെയുള്ള യാത്രയില്‍ വൈറസുകള്‍ കഠിന സ്വഭാവത്തില്‍ നിന്നു മിത സ്വഭാവത്തിലേക്കു വരികയാണ് സാധാരണ പതിവെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ലെന്ന് ഫ്രീഡ്മാന്‍ ചൂണ്ടിക്കാട്ടി. 'ഭാവിയിലെ വേരിയന്റുകള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാകാം; സൗമ്യവുമാകാം. പക്ഷേ അത് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും കഴിയില്ല.'
ഇതുവരെ ഒരു ഡോസെങ്കിലും കോവിഡ് വാക്സിന്‍ ലഭിച്ചവരുടെ എണ്ണം ലോക ജനസംഖ്യയുടെ 58.6 ശതമാനമേ വരൂ. ലോകമെമ്പാടുമായി 9.28 ബില്യണ്‍ ഡോസുകള്‍ ആണ് നല്‍കപ്പെട്ടത്. ഒരു ഇടവേളയ്ക്ക് ശേഷം ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന.'കൊറോണ കേസുകളുടെ സുനാമി'യില്‍ അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. ലോകത്ത് കുത്തനെ ഉയരുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തല്‍.
2021 ഡിസംബര്‍ 27 നും 2022 ജനുവരി 2 നും ഇടയിലുള്ള ആഴ്ചയില്‍ ആഗോളതലത്തില്‍ 9.5 ദശലക്ഷം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനമാണ് കൂടിയത്. ഈ കാലയളവില്‍ കൊറോണ മരണങ്ങളിലും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി.10 ശതമാനമാണുയര്‍ന്നത്്. 41,000 ലധികം മരണങ്ങളാണ് കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
കൊറോണ വകഭേദങ്ങളുടെ അതിതീവ്ര വ്യാപനശേഷിയും അപകട സാദ്ധ്യതയും കണക്കിലെടുക്കുകയാണെങ്കില്‍ കോവിഡ് മരണങ്ങള്‍ കുറയ്ക്കാനും ആശുപത്രി വാസങ്ങളില്‍ കുറവ് വരുത്താനും വാക്സിനേഷനും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം ശക്തമാക്കുക മാത്രമാണ് ഇനി ലോകത്തിന് മുന്നിലുള്ള പോംവഴി. ലോകരാജ്യങ്ങളോട് വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സംഘടന മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.