പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അന്വേഷണം നിര്‍ത്തി വയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

തിങ്കളാഴ്ച വരെ അന്വേഷണ നടപടികള്‍ മരവിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്ട്രാര്‍ ജനറലുമായി സഹകരിക്കണം. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും രജിസ്ട്രാര്‍ക്കു കൈമാറണം.

ഇതില്‍ നോഡല്‍ ഓഫിസര്‍മാരായി എന്‍ഐഎയില്‍ നിന്ന് ഒരാളെയും ചണ്ഡിഗഡ് ഡയറക്ടര്‍ ജനറലിനെയും നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് ഉത്തരവായി ഇറക്കണമെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറള്‍ ഡി.എസ് പട്വാലിയ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ സമിതി ഇതിനകം തന്നെ ഡിജിപിക്കും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞെന്ന് എ.ജി കോടതിയെ ബോധിപ്പിച്ചു.

കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.