ആയിരക്കണക്കിന് മമ്മികള്‍; അതില്‍ ഹൃദയസ്പര്‍ശിയായ 173 എണ്ണം കുഞ്ഞുങ്ങളുടേത്

ആയിരക്കണക്കിന് മമ്മികള്‍; അതില്‍ ഹൃദയസ്പര്‍ശിയായ 173 എണ്ണം കുഞ്ഞുങ്ങളുടേത്


ആയിരക്കണക്കിന് മമ്മികള്‍. അതില്‍ 173 എണ്ണം കുഞ്ഞുങ്ങളുടേത്. സിസിലിയിലെ ഒരു ഭൂഗര്‍ഭ ശവകുടീരത്തിലാണ് ഇവയുള്ളത്. മുതിര്‍ന്നവരുടെ അസ്ഥികൂടങ്ങള്‍ക്കൊപ്പം എന്തിനാണ് അവിടെ കുട്ടികളുടെ മൃതദേഹം സൂക്ഷിച്ച് വച്ചിരിക്കുന്നത്? ഈ കുട്ടികള്‍ എങ്ങനെയാണ് മരണപ്പെട്ടത്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ്ഗവേഷകര്‍.

എക്‌സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ ജീവിതത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ വെളിച്ചത്ത് കൊണ്ടുവരാനാണ് ശാസ്ത്രജ്ഞരുടെ നീക്കം. ഇതിനായി ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ ഒരു സംഘം രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കയാണ്.

വടക്കന്‍ സിസിലിയിലെ പലേര്‍മോയിലെ കപ്പൂച്ചിന്‍ കാറ്റകോംബ്സിലാണ് മമ്മികളും അസ്ഥികൂട അവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഈ സെമിത്തേരി ലോകമെമ്പാടുമുള്ള നിരവധി ഗവേഷകരുടെ ജിജ്ഞാസ ഉണര്‍ത്തുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മമ്മികളും അസ്ഥികൂടങ്ങളും ഉള്ളത് ഈ സെമിത്തേരിയിലാണ്. ആകെ മൊത്തം 1,284 സ്വാഭാവികമായി മമ്മിഫൈ ചെയ്യപ്പെട്ട ശവശരീരങ്ങളാണ് അവിടെയുള്ളത്. അവയെല്ലാം 1787നും 1880നും ഇടയിലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ ചെറുപ്പക്കാരാണ് എന്ന് വ്യക്തമാണെങ്കിലും, അവര്‍ ആരായിരുന്നുവെന്നും എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ചും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

സെമിത്തേരിയുടെ ഏറ്റവും പഴക്കമുള്ള ഭാഗത്ത് വൈദികരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. അവരെ ഒരു ഹാളിലാണ് അടക്കം ചെയ്തിരിക്കുന്നത്. മറ്റൊരു ഇടനാഴിയില്‍, വിപുലമായ വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞ സ്ത്രീകളെ അടക്കം ചെയ്തിരിക്കുന്നു. കൂടാതെ പലേര്‍മോയുടെ കുലീന കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ പുരുഷന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഇടനാഴിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ശവശരീരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായത് 'ചൈല്‍ഡ് ചാപ്പലില്‍' സംരക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മമ്മികളാണ്. നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവ കണ്ടാല്‍ ഉറങ്ങുന്ന പാവകളാണെന്നേ തോന്നൂ. പലതിന്റെയും മുഖം പോലും വ്യക്തമായി കാണാന്‍ സാധിക്കും. കുട്ടികളില്‍ എന്തെങ്കിലും വളര്‍ച്ചാ വൈകല്യങ്ങളോ, അസുഖങ്ങളോ ഉണ്ടായിരുന്നോ എന്നതും, അവരുടെ ലിംഗഭേദവും, പ്രായവും ശാസ്ത്രജ്ഞര്‍ എക്‌സ്-റേ പരിശോധനയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത് സ്റ്റാഫോര്‍ഡ്ഷെയര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. കിര്‍സ്റ്റി സ്‌ക്വയേഴ്സാണ്. ലോകത്തിലെ മമ്മികളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ് കപ്പൂച്ചിന്‍ കാറ്റകോംബ്‌സ്. അവിടെ അവശേഷിക്കുന്ന പലതും അസ്ഥികൂടമായി മാറിയിരിക്കുന്നു. എന്നാല്‍ ചിലത് വളരെ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ ശരീരത്തിലെ സുഷിരങ്ങളും ചര്‍മ്മവും മുടിയും വസ്ത്രങ്ങളും എല്ലാം കേടുകൂടാതെ അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ സെമിത്തേരി പ്രധാനമായും പലേര്‍മോയിലെ കപ്പൂച്ചിന്‍ കാറ്റകോംബ്‌സ് ആശ്രമത്തിലെ സന്യാസിമാരെ അടക്കം ചെയ്യാനാണ് നിര്‍മ്മിച്ചത്. എന്നാല്‍, പിന്നീട് അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.

അക്കാലത്ത് ഒരു ശവശരീരം മമ്മിഫൈ ചെയ്യുന്നത് മരണത്തിലും പദവിയും അന്തസും കാത്തു സൂക്ഷിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു. അത് സമൂഹത്തിലെ ഉന്നത സ്ഥാനത്തേയും, സമ്പത്തിനെയും സൂചിപ്പിക്കുന്നു. ശവശരീരങ്ങളുടെ ഒരു മ്യൂസിയമായ ഇത് 'മ്യൂസിയം ഓഫ് ഡെത്ത്' എന്നറിയപ്പെടുന്നു. സിസിലിയുടെ പൈതൃകത്തിന്റെ ഭാഗമായ മമ്മികള്‍ ഇന്ന് പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.