അങ്കം കുറിയ്ക്കാന്‍ അഞ്ച് സംസ്ഥാനങ്ങള്‍; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

അങ്കം കുറിയ്ക്കാന്‍ അഞ്ച് സംസ്ഥാനങ്ങള്‍; ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം

ന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍.

ഏഴ് ഘട്ടമായി നടക്കുന്ന പോളിംഗ് ഫെബ്രുവരി പത്തിനാരംഭിച്ച് മാര്‍ച്ച് ഏഴിന് പൂര്‍ത്തിയാകും. ജനവികാരം എപ്രകാരമെന്ന് വോട്ടെണ്ണല്‍ നടക്കുന്ന മാര്‍ച്ച് പത്തിനറിയാം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നിലവിലുള്ള ഭരണവും രാഷ്ട്രീയ പാര്‍ട്ടികളുടെ സീറ്റു നിലയും ഇപ്രകാരമാണ്.

ഉത്തര്‍പ്രദേശ്

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. ബിജെപി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ ഒമ്പതും എസ്ബിഎസ്പി നാലും സീറ്റുകളില്‍ വിജയിച്ചു.

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഏഴ് സീറ്റിലുമായിരുന്നു വിജയിക്കാനായത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റില്‍ വിജയം നേടി. ആര്‍എല്‍ഡി ഒരു സീറ്റിലും സ്വതന്ത്രര്‍ മൂന്ന് സീറ്റിലും വിജയിച്ചു.

പഞ്ചാബ്

തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

പഞ്ചാബില്‍ കഴിഞ്ഞ തവണ ശക്തി തെളിയിച്ചത് ആംആദ്മി പാര്‍ട്ടിയായിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവര്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ഡിഎ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് വെറും മൂന്നു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഗോവ

നാല്‍പത്  നിയമസഭാ സീറ്റുകള്‍ മാത്രമാണ് ഗോവയിലുള്ളത്. 2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബിജെപിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് അധികാരം പിടിക്കുകയായിരുന്നു.

എംജെപി മൂന്ന്, ജിഎഫ്പി മൂന്ന്, എന്‍സിപി ഒന്ന്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ സിറ്റ് നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളിലെ അംഗങ്ങളെ ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്.

ഇതിലൂടെ ഭരണ മുന്നണിയുടെ അംഗബലം 25 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം രണ്ട് അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി.

ഉത്തരാഘണ്ഡ്

2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2012 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.

മണിപ്പൂര്‍

മണിപ്പൂരില്‍ 60 നിയമസഭാ സീറ്റുകളാണുള്ളത്. 2017 ലെ തിരഞ്ഞെടുപ്പില്‍ ഗോവയിലേതിന് സമാനമായി മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബിജെപി നാല് വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിച്ചെടുത്തു.

എല്‍ജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തര്‍ എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 15 എംഎല്‍എമാര്‍ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബിജെപിയുടേത് 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.