സമയക്കുറവ്: നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നു സംഘം; ദിലീപിനെ ചോദ്യം ചെയ്യും

 സമയക്കുറവ്: നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നു സംഘം; ദിലീപിനെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെ ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഇതിനുള്ള വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കി. ഒന്നാംപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍), മറ്റൊരു പ്രതി വിജീഷ്, സാക്ഷികള്‍, ദൃശ്യത്തിന്റെ ശബ്ദം ഉയര്‍ത്തിയ സ്റ്റുഡിയോ ജീവനക്കാര്‍ തുടങ്ങിയവരെയും ഉടന്‍ ചോദ്യം ചെയ്യും.

ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്ട്‌സാപ്പ് സന്ദേശം പുറത്തു വന്നു. 2021 ഏപ്രില്‍ 10,11 തീയതികളിലെ സന്ദേശങ്ങളാണിവ. താന്‍ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശം. നിര്‍ണായകമാകാവുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടല്‍.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും അത് കാണാന്‍ തന്നെ വിളിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം കൊച്ചിയിലെ സിറ്റി പൊലീസ് ക്ലബില്‍ ചേര്‍ന്നാണ് തുടര്‍ നടപടികള്‍ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി കെ.പി. ഫിലിപ്പ്, എസ്.പിമാരായ കെ.എസ്. സുദര്‍ശന്‍, എം.ജെ. സോജന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ബൈജു പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ രേഖപ്പെടുത്തും. അടുത്തമാസം 16ന് വിചാരണ പൂര്‍ത്തിയാക്കി വിധി പറയേണ്ടതിനാല്‍ ഈ മാസം 20ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.