വിശ്വസിക്കുന്നവർ വേദനിപ്പിക്കുമ്പോൾ...

വിശ്വസിക്കുന്നവർ വേദനിപ്പിക്കുമ്പോൾ...

തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ കുഞ്ഞുങ്ങളോടൊപ്പമുള്ള ഇരുപത്തിരണ്ട് വർഷങ്ങളിലെ ജീവിതം ഒത്തിരി സന്തോഷം നൽകുന്നുണ്ടെങ്കിലും ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഞാനുൾപ്പെടെയുള്ള സമൂഹത്തിന്റെ കണ്ണു തുറക്കേണ്ട പല ജീവിതാനുഭവങ്ങളും നമ്മുടെ സ്നേഹഭവനത്തിലൂടെ കടന്നു പോയിട്ടുണ്ട്. പോലീസുകാർ ഈ വീട്ടിലെത്തിച്ച ഒരു കുഞ്ഞു മോളെ ഓർക്കുകയാണ്... 

രണ്ടാനച്ചനാൽ പീഡിപ്പിക്കപ്പെട്ട് 13-ാം വയസ്സിൽ ഗർഭിണി ആകേണ്ടി വന്ന ഒരു കുഞ്ഞ് ! പോകാനിരിടമില്ലാതെ പറക്കമുറ്റാത്ത കുഞ്ഞനുജന്റെ കയ്യും പിടിച്ചുള്ള ആ നില്പ് ആരുടേയും കരളലിയിക്കുന്നതായിരുന്നു. തന്റെ പതിന്നാലാം പിറന്നാളിനു മുമ്പ് ഒരു കുഞ്ഞിനു ജന്മം നൽകിയ ആ പെൺകുട്ടി ഒരു പാട് വേദനകളുടെ നടുവിലും കഷ്ടപ്പെട്ടു പഠിച്ചു. (അവളുടെ കുഞ്ഞിനെ സ്വന്തമായി ഏറ്റെടുക്കാൻ മനുഷ്യ സ്നേഹികളായ രണ്ടു പേർ എത്തിയത് നന്ദിയോടെ ഓർക്കുന്നു). പഠനത്തിൽ അത്ര മിടുക്കി അല്ലാതിരുന്നതു കൊണ്ട് അവളെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, ഫാഷൻ ഡിസൈനിങ് പഠിപ്പിച്ചു. ഹോംനഴ്സിങ് ഉൾപ്പെടെയുള്ള പ്രൊഫഷനൽ കാര്യങ്ങൾ അവർ സ്വപ്രയത്നത്താൽ പൂർത്തിയാക്കി.  21 വയസ്സ് ആയപ്പോഴേക്കും ഇവിടെയുള്ള എല്ലാവരുടേയും വാൽസല്യം കൊണ്ടും സ്നേഹം കൊണ്ടും ഒത്തിരി പേരുടെ കരുതൽ കൊണ്ടും അവൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിരുന്നു. പിന്നീട് അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞ് അവളെ സ്നേഹിക്കാൻ ഒരു പുരുഷൻ കടന്നു വന്നു. വളരെ സന്തോഷകരമായി വിവാഹം നടത്തി അവരെ അനുഗ്രഹിച്ചു പുതിയ ജീവിതത്തിലേക്ക് പറഞ്ഞയക്കാൻ സാധിച്ചു. ഇന്ന് ഒരു കുടുംബിനിയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നത് കാണുമ്പോഴുള്ള ചാരിതാർത്ഥ്യം വളരെ വലുതാണ്. 

ലൈംഗികാതിക്രമങ്ങളേക്കുറിച്ചുള്ള വാർത്തകൾ ഏറി വരുമ്പോൾ, ഈ മക്കളോടൊത്തുള്ള ജീവിതാനുഭവം പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്.   ആരാണ് നമ്മുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് ? എവിടെയാണ് നമ്മുടെ കുഞ്ഞുങ്ങൾ ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നത് ? വേദനയോടെ പറയട്ടെ, ഞങ്ങളുടെ അനുഭവത്തിൽ മിക്കവാറും 80% പീഡനങ്ങളും സംഭവിക്കുന്നത് കുടുംബങ്ങളിൽ തന്നെയാണ് !  കൊച്ചച്ചൻ, രണ്ടാനച്ഛൻ, വല്യച്ചൻ, അമ്മാവൻ, ചിറ്റപ്പൻ, കസിൻസ് എന്നിവരാണ് ആദ്യം പ്രതി സ്ഥാനത്ത് കണ്ടിട്ടുള്ളത്. ബാക്കി 20% മാത്രമാണ് സാമൂഹികവിരുദ്ധരായിട്ടുള്ള ആളുകൾ. സങ്കടകരമായ കാര്യം, സമൂഹം വിശ്വാസയോഗ്യർ എന്ന് കരുതുന്നവരാണ് ഈ ലിസ്റ്റിൽ ആദ്യം എത്തുന്നത് എന്നതാണ് ! തുറന്ന സംസാരം കുറയുന്ന കുടുംബങ്ങളും മദ്യവും മയക്കുമരുന്നുപയോഗവും പ്രോത്സാഹിപ്പിക്കപ്പെടുന്ന സൗഹൃദ വലയങ്ങളും തന്നെയാണ് ഇവിടെ വില്ലൻ. 

ഒരു പെൺകുഞ്ഞ് ശാരീരികമായും ലൈംഗികമായും ദുരുപയോഗിക്കപ്പെടുമ്പോൾ അപകർഷതാബോധത്തിലേയ്ക്കും വിഷാദരോഗത്തിലേയ്ക്കുമൊക്കെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഏറെ വേദനാജനകമായ ഒരു സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോവുന്നത്.  സ്വാഭാവികമായ രീതിയിൽ അത് കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.  അവർക്ക് കൂടുതൽ കരുതൽ നൽകി അവരുടെ മുറിപ്പെട്ട അവസ്ഥകൾക്ക് സൗഹൃദവും സ്നേഹവും കൊടുത്ത് ഓരോരുത്തരുടേയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ നമ്മൾ ചെയ്യുന്നത്. ഇതുവരെ നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദിയോടെ, 

Joshy Mathew Odackal

Secretary

Mother and Child Foundation

Mylakkomp, Thodupuzha


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.