പാലക്കാട്, പെരുമ്പാവൂര്‍, തൃപ്പൂണിത്തറ ഒഴികെയുള്ള മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. പെരുമ്പാവൂരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട്.
ന്യൂഡല്‍ഹി: ഇടത് മാതൃകയില്‍ കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സൂപ്പര്‍ സീനിയേഴ്‌സിനെ മത്സര രംഗത്ത് ഇറക്കുന്നതില്‍ പ്രായപരിധി നിശ്ചയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
ഉയര്‍ന്ന പ്രായപരിധി എത്രയാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എഴുപത് ആയിരിക്കണമോ, എഴുപത്തി അഞ്ച് ആക്കണമോയെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമാകൂ.
സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും എഴുപത് വയസ് കഴിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തരക്കാരുടെ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമായിരിക്കുന്നത്.
എന്നാല്‍, പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ അലട്ടുന്ന ഇവരില്‍ പലരും ഈ കൊടും ചൂടത്ത് പ്രചാരണത്തില്‍ എങ്ങനെ മുഴുവന്‍ സമയം സജീവമാകും എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തി. കടുത്ത ചൂട് കാലാവസ്ഥയില്‍ ഒരു മാസം പ്രചാരണം പൂര്‍ത്തിയാക്കുക എന്നത് ചെറുപ്പക്കാര്‍ക്ക് പോലും വെല്ലുവിളിയാണ്.
പ്രധാനമായും തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയെന്ന മാനദണ്ഡം കൊണ്ടുവരണമെന്ന ആലോചന കോണ്‍ഗ്രസില്‍ ശക്തമായത്.
അതിനാല്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ സീനിയേഴ്‌സിനൊപ്പം യുവാക്കളെ ഓരോരുത്തരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. വെള്ളിയാഴ്ചത്തെ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചയാകും എന്നാണറിയുന്നത്.
ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ശക്തമായ പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ കൂടുതല്‍ യുവാക്കളെ രംഗത്തിറക്കണമെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പരിഗണനാ പട്ടികയില്‍ യുവാക്കളുടെ പേരുകൂടി ഉള്‍പെടുത്തിയിട്ടുണ്ട്.
കെ.എസ് ശബരിനാഥന്‍ (നേമം), ജെ.എസ് അഖില്‍ (കഴക്കൂട്ടം), രാജേഷ് ചന്ദ്രദാസ് (നെയ്യാറ്റിന്‍കര), ആനി പ്രസാദ് (പാറശാല), എം.ആര്‍ ബൈജു (കാട്ടാക്കട), രമ്യ ഹരിദാസ് (ചിറയിന്‍കീഴ്) തുടങ്ങിയവരുടെ പേരുകളാണ് നിലവില്‍ പരിഗണിക്കുന്നത്.
അതേസമയം 31 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരമായതായും സൂചനയുണ്ട്. പാലക്കാട്, തൃപ്പൂണിത്തറ, പെരുമ്പാവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാര്‍ ഈ പട്ടികയിലുണ്ട്. തൃപ്പൂണിത്തുറയില്‍ കെ. ബാബു മത്സരിക്കുന്നില്ല. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്താണ്.
എഐസിസിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ആദ്യ പട്ടികയില്‍ എംപിമാര്‍ ഇല്ലെന്ന് തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂധന്‍ മിസ്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച ചേരുന്ന രണ്ടാംഘട്ട സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തു വിടാനാണ് നീക്കം.
നിലവില്‍ ഒറ്റ പേരുകളിലേക്ക് എത്തിയ മണ്ഡലങ്ങള്‍ വട്ടിയൂര്‍ക്കാവ് - കെ.മുരളീധരന്‍, കൊല്ലം - ബിന്ദു കൃഷ്ണ,
കൊട്ടാരക്കര - ഐഷ പോറ്റി, കുന്നത്തുനാട് - വി.പി സജീന്ദ്രന്‍, കൊടുങ്ങല്ലൂര്‍ - ഒ.ജെ ജനീഷ്, മണലൂര്‍ - ടി.എന്‍ പ്രതാപന്‍, ചിറ്റൂര്‍ - സുമേഷ് അച്യുതന്‍, പൊന്നാനി - നൗഷാദ് അലി, തൃത്താല - വി.ടി ബല്‍റാം, തരൂര്‍ - കെ.സി സുബ്രഹ്‌മണ്യം, നാദാപുരം - കെ.എം അഭിജിത്ത്, കൊയിലാണ്ടി - പ്രവീണ്‍ കുമാര്‍ എന്നിവരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.