ജെഎന്‍യു പ്രവേശനവും ഇനി സിയുസിഇടി വഴി; ശുപാര്‍ശ അക്കാഡമിക്ക് കൗണ്‍സില്‍ അംഗീകരിച്ചു

ജെഎന്‍യു പ്രവേശനവും ഇനി സിയുസിഇടി വഴി; ശുപാര്‍ശ അക്കാഡമിക്ക് കൗണ്‍സില്‍ അംഗീകരിച്ചു

ന്യുഡല്‍ഹി: ജെഎന്‍യു പ്രവേശനത്തിന് ഇനി മുതല്‍ പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയില്‍ ഇനി ജെഎന്‍യുവിനെക്കൂടി ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ അക്കാഡമിക്ക് കൗണ്‍സില്‍ അംഗീകരിച്ചു. ഈ വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കും. പുതിയ തീരുമാനത്തിനെതിരെ അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ അധ്യാപക സംഘടന പ്രതിഷേധം രേഖപ്പെടുത്തി.

ചര്‍ച്ചകള്‍ നടത്താതെയുള്ള വിസിയുടെ ഏകപക്ഷീയ നീക്കമാണ് ഇതെന്നാണ് അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി പരീക്ഷ തന്നെയായിരിക്കും ഇനി ജെഎന്‍യു പ്രവേശനത്തിന്റെയും മാനദണ്ഡം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്.

2022-23 വര്‍ഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ഡല്‍ഹി സര്‍വകലാശാലയും വ്യക്തമാക്കിയിരുന്നു. അതേസമയം അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തിന് ശക്തമായ പിന്തുണ കിട്ടിയെന്നാണ് അഡ്മിഷന്‍സ് ഡയറക്ടര്‍ ജയന്ത് ത്രിപാഠി പറയുന്നത്. സിയുസിഇടി പരീക്ഷ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുമെന്നും ഒരുപാട് പരീക്ഷകള്‍ എഴുതേണ്ടി വരുന്ന സാഹചര്യം ഒഴിവാകുമെന്നുമാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.