'എപ്പോഴെത്തും ഇന്ത്യയില്‍ ടെസ് ല' ?സര്‍ക്കാരില്‍ നിന്ന് വെല്ലുവിളി ഏറെയെന്ന മറുപടി ആവര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്

 'എപ്പോഴെത്തും ഇന്ത്യയില്‍ ടെസ് ല' ?സര്‍ക്കാരില്‍ നിന്ന് വെല്ലുവിളി ഏറെയെന്ന മറുപടി ആവര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്


ന്യൂയോര്‍ക്ക്: ടെസ് ല കാറുകള്‍ 2019 മുതല്‍ തന്നെ ഇന്ത്യയില്‍ ധാരാളമായി വില്‍ക്കാനുണ്ടായിരുന്ന തന്റെ മോഹം എന്നു നിറവേറ്റാനാകുമെന്ന് ഇപ്പോഴുമറിയില്ലെന്ന് തുറന്നു പറഞ്ഞ് ഇലോണ്‍ മസ്‌ക്. 'ഇപ്പോഴും സര്‍ക്കാരില്‍ നിന്ന് ഒരുപാട് വെല്ലുവിളികളാണുള്ളത്'- ട്വിറ്റര്‍ പോസ്റ്റില്‍ മസ്‌ക് പറഞ്ഞു;ഇന്ത്യയിലെ ടെസ് ലയുടെ നിക്ഷേപ സാധ്യത സംബന്ധിച്ച് പുതുതായി എന്തെങ്കിലുമണ്ടോ എന്ന് ചോദിച്ച ഒരു ഉപയോക്താവിനുള്ള മറുപടിയായിരുന്നു ഈ ട്വീറ്റ്.

ടെസ് ല സിഇഒ മസ്‌കും നരേന്ദ്ര മോഡി സര്‍ക്കാരുമായി വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തിവന്നിരുന്നു. പക്ഷേ, ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും 100 % ഇറക്കുമതി തീരുവ വേണമെന്ന നിബന്ധനയും വിലങ്ങുതടികളായി. പ്രാദേശിക സംഭരണം വര്‍ധിപ്പിക്കാനും വിശദമായ നിര്‍മ്മാണ പദ്ധതികള്‍ അവതരിപ്പിക്കാനും ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയുടെ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം, ബജറ്റ് അവബോധമുള്ള വിപണിയാണ് ഇന്ത്യയിലേതെന്നതിനാല്‍ തല്‍ക്കാലം ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടതുണ്ടെന്ന നിലപാടാണ് ടെസ് ലയുടേത്. അതു സാധ്യമാകുന്ന തരത്തില്‍ കുറഞ്ഞ നികുതിയാണ് മസ്‌ക് ആവശ്യപ്പെട്ടത്.ചൈനയില്‍ നിര്‍മ്മിച്ച കാറുകള്‍ രാജ്യത്ത് വില്‍ക്കുന്നത് ഒഴിവാക്കാന്‍ താന്‍ ടെസ് ലയോട് ആവശ്യപ്പെട്ടതായി ഒരു മന്ത്രി ഒക്ടോബറില്‍ പറഞ്ഞു. കൂടാതെ ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും കയറ്റുമതി ചെയ്യാനും അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ അസുഖകരമായ ട്വീറ്റുകളിലൂടെ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമൂഹമാധ്യമങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്താനാണ് മസ്‌ക് ശ്രമിക്കുന്നതെന്നും ഇതാദ്യമായല്ല ഇത്തരം നടപടിയുണ്ടായത് എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്താതെ തന്നെ കാറുകള്‍ ഇറക്കുമതി തീരുവ കുറച്ച് എത്തിക്കാനുള്ള ശ്രമങ്ങളാണ് മസ്‌ക് നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.

മസ്‌കിന്റെ ട്വീറ്റിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ടെസ് ലയ്ക്ക് സീറോ ഡ്യൂട്ടി സഹിതം സികെഡി (കംപ്ലീറ്റ്‌ലി നോക്ക് ഡൗണ്‍) ഫോമില്‍ കാറുകള്‍ കൊണ്ടുവന്ന് അസംബിള്‍ ചെയ്ത് ഇവിടെ വില്‍ക്കാന്‍ കഴിയും. വാഹനമേഖലയ്ക്കായി, പ്രത്യേകിച്ച് വൈദ്യുത കാറുകള്‍ക്കായി ഇന്ത്യ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ് ലയ്ക്ക് ഇവിടെ ഉല്‍പ്പാദിപ്പിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുമെന്നും കേന്ദ്രം പറയുന്നു.


അടുത്തിടെ ഇന്ത്യയുടെ ഇറക്കുമതി തീരുവ സംബന്ധിച്ച് മസ്‌ക് ഒരു ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയിലേത് എന്ന് അദ്ദേഹം അതില്‍ കുറിച്ചു. അതിനൊപ്പം തന്നെ കാലാവ.യുമായി പൊരുത്തപ്പെടാത്ത പെട്രോള്‍ ഇന്ധനത്തേപ്പോലെ തന്നെയാണ് രാജ്യം ക്ലീന്‍ എനര്‍ജി വാഹനങ്ങളെ പരിഗണിക്കുന്നതെന്നും പരിഹസിച്ചു.

ചൈനയുമായി താരതമ്യപ്പെടുത്താവുന്ന ജനസംഖ്യയുള്ള ഇന്ത്യ, ഇവി നിര്‍മ്മാതാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വിപണിയാണ്. എന്നാല്‍ രാജ്യത്തെ റോഡുകളില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെയും ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെയും പ്രാദേശിക യൂണിറ്റുകള്‍ നിര്‍മ്മിച്ച വിലകുറഞ്ഞ ആഡംബരം അന്യമായ കാറുകളാണ്.

മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് വിദേശ കളിക്കാരില്‍ നിന്നും ടെസ്ലയ്ക്ക് മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതു വസ്തുത. പ്രാദേശികമായി അസംബിള്‍ ചെയ്ത മുന്‍നിര എസ്-ക്ലാസ് സെഡാന്റെ ഇലക്ട്രിക് പതിപ്പ് നാലാം പാദത്തോടെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് മെഴ്സിഡസ് ബെന്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞതും ടെസ്ലയുടെ ഇന്ത്യന്‍ പതിപ്പിനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.